കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. അവധി ദിവസമായതിനാല്‍നിരവധി പേര്‍ മെട്രോയില്‍ സഞ്ചരിക്കാനെത്തുമെന്നാണ് കെ.എം.ആര്‍.എല്‍ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച അവധിയായതിനാല്‍ അന്നും കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

നിലവിലെ സമയക്രമം അനുസരിച്ച് രാവിലെ ആറു മണി മുതല്‍ രാത്രി 10 മണി വരെയാണ് മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക. എന്നാല്‍ ഇന്ന് രാവിലെ എട്ടു മണി മുതല്‍ മാത്രമേ സര്‍വീസ് ഉണ്ടാവുകയുള്ളൂ.

സാധാരണഗതിയില്‍ ഒന്‍പത് മിനിറ്റിന്റെ ഇടവേളയില്‍ 219 ട്രിപ്പുകളാണ് മെട്രോ ട്രെയിന്‍ ഒരു ദിവസം നടത്തുക. എന്നാല്‍ ഇന്നു മാത്രം ഏഴു മിനിറ്റ് ഇടവിട്ട് ട്രെയിന്‍ സര്‍വീസ് നടത്തും.

നിലവില്‍ ആറു ട്രെയിനുകളാണ് മെട്രോയില്‍ സര്‍വീസ് നടത്തുന്നത്. ഒരു ട്രെയിന്‍ അടിയന്തര ഘട്ടങ്ങളിലേക്കായി മാറ്റിയിട്ടിരിക്കുകയാണ്. എന്നാല്‍ ഇന്ന് ആകെ എട്ടു ട്രെയിനുകള്‍ ട്രാക്കിലുണ്ടാകുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു.

മെട്രോയില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ക്ക് ഒരു വിധത്തിലുമുള്ള ബുദ്ധിമുട്ടോ നിരാശയോ ഉണ്ടാകാതിരിക്കാന്‍ വേണ്ടുന്ന എല്ലാ മുന്‍കരുതലുകളും കെഎംആര്‍എല്‍ എടുത്തുകഴിഞ്ഞു.

ഇതുമുന്‍കൂട്ടി കണ്ടാണ് സര്‍വീസിലെ ഇടവേളയുടെ സമയം കുറയ്ക്കുകയും സര്‍വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തത്, കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.