കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തില്‍ പുതിയൊരു ചുവടുകൂടി. അഞ്ചു ട്രെയിനുകള്‍ ഉപയോഗിച്ചായിരുന്നു ചൊവ്വാഴ്ചത്തെ പരീക്ഷണ ഓട്ടം. രാവിലെ ആറിന് തുടങ്ങിയ ട്രയല്‍ സര്‍വീസ് രാത്രി പത്തു മണി വരെ നീണ്ടു.

പത്തു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ഓരോ സര്‍വീസും. ആകെ 188 ട്രിപ്പുകളാണ് ചൊവ്വാഴ്ച നടത്തിയത്. അഞ്ചു ട്രെയിനുകള്‍ ഉപയോഗിച്ചുള്ള ട്രയല്‍ സര്‍വീസ് ബുധനാഴ്ചയും തുടരും.

കഴിഞ്ഞ ബുധനാഴ്ചയാണ് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടത്തിന് തുടക്കമായത്. തിങ്കളാഴ്ച വരെ നാലു ട്രെയിനുകളാണ് ഉപയോഗിച്ചിരുന്നത്. ദിവസവും 142 ട്രിപ്പുകളാണ് നടത്തിയിരുന്നത്.

പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി ആലുവയ്ക്കും പാലാരിവട്ടത്തിനും ഇടയിലുള്ള സ്റ്റേഷനുകളിലെല്ലാം ട്രെയിന്‍ നിര്‍ത്തുന്നുണ്ട്.

സിഗ്‌നലിങ്, പാസഞ്ചര്‍ അനൗണ്‍സ്മെന്റ്, ട്രെയിനിനകത്തും സ്റ്റേഷനിലുമുള്ള ഡിസ്പ്ലേ സംവിധാനങ്ങള്‍, കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം (സി.ബി.ടി.സി.) തുടങ്ങിയവയെല്ലാം പരിശോധിക്കുന്നുണ്ട്.

ഇതിനു പുറമേ വെള്ളിയാഴ്ച കളമശ്ശേരി സ്റ്റേഷനില്‍ മോക് ഫയര്‍ ഡ്രില്ലും നടത്തി. ട്രാക്കില്‍ എന്തെങ്കിലും തടസ്സം വന്നാല്‍ എങ്ങനെ സര്‍വീസ് പുനഃക്രമീകരിക്കാമെന്നതിന്റെ പരിശോധന തിങ്കളാഴ്ചയും നടന്നു. മെട്രോയുടെ ആദ്യ സര്‍വീസിന് ആറു ട്രെയിനുകളാണുണ്ടാവുക.