കൊച്ചി ജല മെട്രോയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത മാസം തുടക്കമാകും. പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. 

പദ്ധതി കടന്നു പോകുന്ന പഞ്ചായത്തുകളുടെ പ്രതിനിധികളും കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. ജല മെട്രോയുടെ നിര്‍മാണം ഏകോപിപ്പിക്കുന്നതിന് എയ്കോം കണ്‍സോര്‍ഷ്യത്തെ ജനറല്‍ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തിട്ടുണ്ട്. 

ഇവരുടെ നിയമനത്തിന് കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ ഔദ്യോഗിക അനുമതിയായിട്ടില്ല. ഈ മാസം ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അനുമതി ലഭിക്കും. ഇതിനുശേഷം താമസമില്ലാതെ നിര്‍മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 

പത്തു പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ജല മെട്രോ ആസൂത്രണം ചെയ്യുന്നത്. 16 റൂട്ടുകളാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പല പഞ്ചായത്തുകളിലും പഴയ ബോട്ടുജെട്ടികളും അനുബന്ധ വികസനത്തിന് ആവശ്യമായ സ്ഥലവുമുണ്ട്. 

എന്നാല്‍ ചില സ്ഥലങ്ങളില്‍ റോഡിനും മറ്റുമായി സ്ഥലം ഏറ്റെടുക്കണം. ഇതിന് പഞ്ചായത്തിന്റെ സഹായം ആവശ്യമാണ്. മുന്നൊരുക്കം വേഗത്തിലാക്കിയാല്‍ പദ്ധതി താമസമില്ലാതെ യാഥാര്‍ത്ഥ്യമാക്കാനാകും. 

നിലവില്‍ ബോട്ടുജെട്ടികള്‍ ഉള്ള സ്ഥലങ്ങളില്‍ നിര്‍മാണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്തുകളുടെ താത്പര്യം കൂടി കണക്കിലെടുത്തേ ഇതില്‍ അന്തിമ തീരുമാനമെടുക്കൂ എന്നും കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.