കാഴ്ചയില്‍ നമ്മുടെ എ.ടി.എം. കാര്‍ഡ് പോലെ തന്നെ. പക്ഷേ, കുറച്ചുകൂടി സ്മാര്‍ട്ടാണെന്നു പറയാം. ഹോട്ടലീന്ന് ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനും സിനിമ കാണാനും തുടങ്ങി മെട്രോയിലും ബസ്സിലും ബോട്ടിലുമെല്ലാം യാത്ര ചെയ്യാനും ഈ കാര്‍ഡ് മാത്രം മതി. 

കൊച്ചി മെട്രോയിലേറിയുള്ള യാത്രയ്ക്കായി തയ്യാറാക്കിയിരിക്കുന്നത് ശരിക്കുമൊരു സ്മാര്‍ട്ട് കാര്‍ഡ് തന്നെയാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു (കെ.എം.ആര്‍.എല്‍.) വേണ്ടി ആക്സിസ് ബാങ്കാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം തന്നെ കാര്‍ഡ് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

'കൊച്ചി വണ്‍ കാര്‍ഡ്' എന്നാണ്  മെട്രോസ്മാര്‍ട്ട് ടിക്കറ്റ് അറിയപ്പെടുക. കൊച്ചി വണ്‍ എന്ന സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി കാര്‍ഡിന് അനുബന്ധമായി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് കൊച്ചി വണ്‍ ആപ്ലിക്കേഷന്‍. 

ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിനിന്റെയും മറ്റും സമയം അറിയാനുമെല്ലാം ഇതുവഴി കഴിയും. മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള തുടര്‍യാത്രാ സംവിധാനങ്ങള്‍, സ്റ്റേഷനുകള്‍ക്കു സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാര- വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഈ ആപ്ലിക്കേഷന്‍ വഴി അറിയാം. 

വ്യത്യസ്തമായ മറ്റൊന്ന് സ്റ്റേഷനുകളോട് അനുബന്ധിച്ചുള്ള വ്യാപാര സ്ഥാപനങ്ങളിലും മറ്റും വിലക്കുറവു പോലുള്ള ആനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ ആപ് അതിനെക്കുറിച്ചും വിവരം നല്‍കും എന്നതാണ്. ഒട്ടേറെ ആനുകൂല്യങ്ങളും കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. 

ഈ കാര്‍ഡുപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം നിശ്ചിത ശതമാനം വിലക്കുറവ് ലഭ്യമാക്കുന്നത് ഉള്‍പ്പെടെയാണ് പദ്ധതികള്‍. ഇതിനായി വിവിധ വ്യാപാര സ്ഥാപനങ്ങളുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു.  

ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചും കൊച്ചി വണ്‍ കാര്‍ഡിനെ ഉപയോഗിക്കാം. അക്കൗണ്ടുമായി ബന്ധിപ്പിക്കാതെയും കാര്‍ഡുപയോഗിക്കാം. അതായത് മൊബൈല്‍ ചാര്‍ജു ചെയ്യുന്നതുപോലെ ഈ കാര്‍ഡിലേക്കും യാത്രയ്ക്ക് ആവശ്യമായ പണമിടാനാകും. 

മെട്രോയ്ക്ക് അനുബന്ധമായ എല്ലാ യാത്രാ മാര്‍ഗങ്ങളിലും ഈ കാര്‍ഡ് തന്നെ ഉപയോഗിക്കാം. കൊച്ചിയ്ക്ക് ഒരു പുതിയ സംസ്‌കാരം തന്നെയാകും മെട്രോ സമ്മാനിക്കുക എന്നത് സംശയമില്ലാതെ പറയാം.