കൊച്ചി മെട്രോ കുതിപ്പിനൊരുങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മെട്രോയെക്കുറിച്ചുള്ള ആകാംഷ നിറഞ്ഞ ചോദ്യങ്ങളുമായി ആലുവയിലെ ജനങ്ങള്‍. മാതൃഭൂമി ന്യൂസ് സംഘടിപ്പിച്ച 'മാനത്തോളം മെട്രോ' എന്ന ചര്‍ച്ചയിലാണ് സ്വപ്നയാത്രയുടെ പ്രതീക്ഷകളും ആകാംഷയും നിറഞ്ഞത്. 

കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി, ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കെ.എം.ആര്‍.എല്‍. ടെക്നിക്കല്‍ വിഭാഗം ഡി.ജി.എം. സുമി നടരാജന്‍ എന്നിവരാണ് ചര്‍ച്ചയില്‍ അതിഥികളായെത്തിയത്. മെട്രോ റെയില്‍ ഓടിത്തുടങ്ങുമ്പോള്‍ ആലുവ ഗതാഗതക്കുരുക്കിലാകുമോ എന്ന ആശങ്കയാണ് നഗരത്തിലെ വ്യാപാരികള്‍ പ്രകടിപ്പിച്ചത്. 

സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മെട്രോ സ്റ്റേഷനിലേക്കെത്താന്‍ ഫ്‌ലൈ ഓവര്‍ വേണമെന്ന് മറ്റു ചിലര്‍ നിര്‍ദേശിച്ചു. ഇക്കാര്യം കെ.എം.ആര്‍.എല്‍. പരിഗണിക്കുമെന്ന പ്രതീക്ഷയാണ് ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പങ്കുവച്ചത്.

അതേസമയം, മെട്രോയിലെ നിരക്ക് അല്‍പം കൂടുതലല്ലേ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ സംശയം. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ 40 രൂപ കൂടുതലാണെന്ന അഭിപ്രായവും ഉയര്‍ന്നു. എന്നാല്‍ സമയക്ലിപ്തത നിറഞ്ഞ സുഖയാത്ര കണക്കിലെടുക്കുമ്പോള്‍, യാത്രാനിരക്ക് കൂടുതലാണെന്ന് പറയാനാവില്ലന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള മെട്രോ റെയിലുകളില്‍ ഏറ്റവും വനിതാ സൗഹൃദമാണ് കൊച്ചി മെട്രോയെന്ന് കെ.എം.ആര്‍.എല്‍. ടെക്നിക്കല്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുമി നടരാജന്‍ പറഞ്ഞു. 

അടിയന്തര സാഹചര്യമുണ്ടായാല്‍ സഹായം തേടാന്‍ ട്രെയിനിനുള്ളിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്താം. ഇതിലൂടെ ട്രെയിന്‍ ഓപ്പറേറ്ററുമായും ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററുമായും നേരിട്ട് ബന്ധപ്പെടാന്‍ കഴിയും. കൂടുതല്‍ വനിതാ സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതും ആലോചനയിലുണ്ടെന്ന് സുമി നടരാജന്‍ പറഞ്ഞു.

മെട്രോയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുണ്ടോ, പാലാരിവട്ടത്തേക്ക് എന്ന് സര്‍വീസ് തുടങ്ങും, ഫീഡര്‍ സര്‍വീസുകളുടെ കാര്യം എന്തായി തുടങ്ങി നിരവധി സംശയങ്ങളായിരുന്നു ചര്‍ച്ചയ്ക്കെത്തിയവര്‍ക്ക് ചോദിക്കാന്‍ ഉണ്ടായിരുന്നത്. 

മെട്രോ വരുന്നതോടെ കൊച്ചിയുടെ ഗതാഗതരംഗത്ത് എല്ലാമായെന്ന ധാരണ വേണ്ടാ എന്നായിരുന്നു ടോണി ചമ്മണിയുടെ നിലപാട്. കൊച്ചി മെട്രോ റെയില്‍ എന്നത് ഗതാഗത സംവിധാനം മാത്രമല്ല, ഒരു പുത്തന്‍ സംസ്‌കാരത്തിന്റെ തുടക്കം കൂടിയാകുമെന്ന പ്രതീക്ഷയാണ് ചര്‍ച്ചയില്‍ നിറഞ്ഞത്. 

ചര്‍ച്ചയുടെ പൂര്‍ണരൂപം കാണാം;