തീപിടിത്തം എപ്പോള്‍ എവിടെ വേണമെങ്കിലുമുണ്ടാകാം. അത് മെട്രോ സ്റ്റേഷനിലായാലോ... രക്ഷപ്പെടുന്നതിനുള്ള മെട്രോ വഴികളുടെ വിലയിരുത്തലാണ് വെള്ളിയാഴ്ച കളമശ്ശേരി മെട്രോ സ്റ്റേഷനില്‍ നടന്നത്.

രാവിലെ 10 മണിയോടെയാണ് തീപിടിത്തത്തിന്റെ സാഹചര്യം മെട്രോ സ്റ്റേഷനില്‍ സൃഷ്ടിച്ചത്. 10.35ന് സ്റ്റേഷനിലെ ഫയര്‍ അലാം മുഴങ്ങി. അനൗണ്‍സ്മെന്റ് സംവിധാനത്തിലൂടെ തീപിടിത്തത്തെക്കുറിച്ച് സ്റ്റേഷന്‍ കണ്‍ട്രോളറുടെ അറിയിപ്പെത്തി.

വിവരം ഉടന്‍ തന്നെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിനും കൈമാറുന്നു. ഇതിനൊപ്പം തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. തീ കെടുത്തുന്നതിനൊപ്പം മറ്റുസ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകളുമുണ്ട്. 

വെള്ളിയാഴ്ചത്തെ 'തീപിടിത്തം' 15 മിനിറ്റിനകം നിയന്ത്രിക്കാന്‍ കഴിഞ്ഞതായി മെട്രോ അധികൃതര്‍ പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ നിന്നുള്ള അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയത്. 

മെട്രോയിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള സര്‍വീസ് ട്രയലിന്റെ ഭാഗമായിരുന്നു ഈ 'തീപിടിത്ത'വും. ഒരാഴ്ച പിന്നിടുന്ന മെട്രോ ട്രെയിനിന്റെ ട്രയല്‍ റണ്ണില്‍ കെ.എം.ആര്‍.എല്‍. പൂര്‍ണ സംതൃപ്തി അറിയിച്ചു.