നിയാഴ്ച നടക്കുന്ന കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ ഭാഗമായി കൊച്ചിയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിസരങ്ങളില്‍ നാലു ദിവസമായി പോലീസ് സി.സി.ടി.വി. നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഡി.സി.പി. യതീഷ് ചന്ദ്ര എന്നിവര്‍ വ്യാഴാഴ്ച രാവിലെ ഉദ്ഘാടന വേദിയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. 1500 പോലീസുകാരെയാണ് മെട്രോ ഉദ്ഘാടനത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു. 

ഇതുകൂടാതെ 160 അംഗ കമാന്‍ഡോ സംഘവും ഉദ്ഘാടന വേദിയില്‍ കാവലിനുണ്ടാകും. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ സ്റ്റേഡിയത്തിന്റെ പരിസരങ്ങളില്‍ പോലീസിനെ വിന്യസിക്കാനാണ് തീരുമാനം. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഡി.ജി.പി. സെന്‍കുമാര്‍ വെള്ളിയാഴ്ച കൊച്ചിയിലെത്തും. 

സുരക്ഷാ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച നഗരത്തിലെ പ്രധാന പാതകളില്‍ പ്രത്യേക വാഹന പരിശോധനയുണ്ടാകും.  ലോഡ്ജുകളിലും മറ്റും പരിശോധന നടത്താനും സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഉദ്ഘാടന ചടങ്ങില്‍ വാഹനങ്ങളുടെ റിമോട്ട് കീ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍, വെള്ളക്കുപ്പികള്‍ എന്നിവ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കൊണ്ടു വരരുത്. 

പങ്കെടുക്കാനെത്തുന്നവര്‍ ഉദ്ഘാടനത്തിനു ഒരു മണിക്കൂര്‍ മുമ്പ് പ്രവേശിക്കണം. ക്ഷണക്കത്തും തിരിച്ചറിയല്‍ കാര്‍ഡും കൈയില്‍ കരുതണം. ചടങ്ങു നടക്കുന്ന സമയത്ത് ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ച നഗരത്തില്‍ പോലീസ് പ്രത്യേകം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറു മുതല്‍ 1.30 വരെയായിരിക്കും നിയന്ത്രണം. നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍, ബി.ടി.എച്ച്. ജങ്ഷന്‍, സുഭാഷ് പാര്‍ക്ക്,മേനക, ഹൈക്കോടതി ജങ്ഷന്‍, കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. 

ഈ റോഡുകളുടെ വശങ്ങളില്‍ കച്ചവടവും അനുവദിക്കില്ല. പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോകുന്ന സമയം റോഡില്‍ കൂടിയുള്ള കാല്‍നട യാത്ര അനുവദിക്കില്ല. ഈ സമയം യാത്രക്കാര്‍ വഴിയരികിലെ ബാരിക്കേഡിനുള്ളില്‍ നില്‍ക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.