കാട് ഒരുക്കിയും മധുരം നല്‍കിയും അലങ്കാരവിളക്ക് തെളിച്ചും കൊച്ചി മെട്രോ ഉദ്ഘാടനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കൊച്ചി നഗരം. മെട്രോയുടെ 11 സ്റ്റേഷനുകളിലായി 500 വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് നീക്കം. 

ഉദ്ഘാടനദിനത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മധുരപലഹാര വിതരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന കലൂര്‍ സ്റ്റേഡിയത്തിലും ഇത്തരത്തില്‍ മധുരം വിതരണം ചെയ്യും.  

വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം മെട്രോപാതകളില്‍ അലങ്കാരവിളക്കുകള്‍ തെളിയിക്കാനും പരിപാടിയുണ്ട്. മെട്രോയെ സ്വാഗതം  ചെയ്ത് നാടുമുഴുവന്‍ കൊടിതോരണങ്ങളും ബലൂണുകളും ഉയരും. ഉദ്ഘാടനച്ചടങ്ങിനു മുമ്പ് കൊച്ചി മെട്രോയ്ക്ക് സ്വാഗതമരുളി അമൃത സുരേഷിന്റെ ബാന്‍ഡ് അമൃതംഗമയയുടെ സംഗീതപരിപാടി ആലുവ സ്റ്റേഷനില്‍ അരങ്ങേറും.

കെ.എം.ആര്‍.എല്‍. കഴിഞ്ഞ ദിവസം എറണാകുളം റസിഡന്റ്സ് അസോസിയേഷന്‍ അപ്പെക്സ് കൗണ്‍സില്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്‍സ്, കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള സ്റ്റേറ്റ് വ്യാപാരി വ്യവസായി സമിതി, ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ്  ഗ്രൂപ്പ്, ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സീഫുഡ് എക്സ്പോര്‍ട്ട്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. 

ഈ ചര്‍ച്ചയിലാണ് കൊച്ചി മെട്രോ ഉദ്ഘാടനം ആഘോഷമാക്കാനുള്ള തീരുമാനങ്ങള്‍ സംഘടനകളെടുത്തത്. 2012 സെപ്റ്റംബര്‍ 13ന് നടന്ന മെട്രോയുടെ കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തതിന്റെ പാസ് കൈവശമുള്ളവര്‍ക്ക് 18ന് വൈകീട്ട് നാലു മുതല്‍ ആറ് വരെ മെട്രോയില്‍ പ്രത്യേക സവാരി നടത്താന്‍ അവസരമുണ്ടാകും.  

പാലാരിവട്ടം, കളമശ്ശേരി, ആലുവ എന്നീ സ്റ്റേഷനുകളില്‍ നിന്ന് അവര്‍ക്ക് മെട്രോയില്‍ കയറാം. അഞ്ച് വര്‍ഷം മുമ്പ് ഉദ്ഘാടനച്ചടങ്ങിന്റെ  ഭാഗമായി നല്‍കിയ ക്ഷണക്കത്ത്  കൗണ്ടറില്‍ കാണിച്ചാല്‍ ടിക്കറ്റ് ലഭിക്കും.