കൊച്ചി: കേരളത്തിന്റെ മെട്രോ മുന്നേറ്റം ആരംഭിക്കാന്‍ ഇനി മിനിട്ടുകളുടെ അകലംമാത്രം. പ്രധാനമന്ത്രിയുടെ കന്നിയാത്രയ്ക്കായി പാലാരിവട്ടം മെട്രോ സ്റ്റേഷനും ഉദ്ഘാടന വേദിയായ കലൂര്‍ സ്റ്റേഡിയവും ഒരുങ്ങിക്കഴിഞ്ഞു. ഉദ്ഘാടനവേദിയിലേക്ക് അതിഥികള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.

metro
ഫോട്ടോ- ശിഹാബുദീന്‍ കോയ തങ്ങള്‍

സംസ്ഥാനത്തെ ആദ്യ മെട്രോ പാലാരിവട്ടത്തെ സ്റ്റേഷനില്‍ നിന്ന് ശനിയാഴ്ച കുതിപ്പ് തുടങ്ങുമ്പോള്‍ കേരളത്തിന്റെ വികസന ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നത് പുതിയ ഒരേടാണ്.

പ്രതീക്ഷകള്‍ക്ക് ഇനി പുതുവേഗമാകാം. വികസനത്തിന് പുതിയ സമവാക്യവും. നാലു വര്‍ഷമെന്ന മാന്ത്രിക വേഗത്തിലാണ് കൊച്ചിയിലേക്ക് മെട്രോ എത്തിയത്. മുഖച്ഛായ തന്നെ മാറിക്കഴിഞ്ഞു കൊച്ചിയുടെ. ഈ മാറ്റം കൊച്ചിയുടെ അതിരുകള്‍ ഭേദിക്കുമെന്ന് തന്നെയാകാം പ്രതീക്ഷ.

കലൂര്‍ സ്റ്റേഡിയത്തിനു സമീപം പ്രത്യേകമൊരുക്കിയ വേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ, രാജ്യത്തിന് സമര്‍പ്പിക്കുന്നത്. രണ്ടു ഘട്ടമായാണ് ചടങ്ങുകള്‍. കേരളത്തനിമയില്‍ അലങ്കരിച്ച മെട്രോയില്‍ പ്രധാനമന്ത്രി ആദ്യം യാത്ര ചെയ്യും. രാവിലെ 10.35ന് പാലാരിവട്ടത്തെ മെട്രോ സ്റ്റേഷനില്‍ നാട മുറിച്ചശേഷമാണ് പ്രധാനമന്ത്രി ട്രെയിനില്‍ സഞ്ചരിക്കുന്നത്. 11 മണിയോടെ ഉദ്ഘാടനവേദിയിലേക്ക്. വേദിയിലെ സ്വിച്ച് അമര്‍ത്തി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം.
metro
ഫോട്ടോ- ശിഹാബുദീന്‍ കോയ തങ്ങള്‍


മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കാളികളാകും.

ആദ്യദിനത്തില്‍ യാത്രാ സര്‍വീസില്ല. ഉദ്ഘാടനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയ ശേഷം വിശിഷ്ടാതിഥികള്‍ക്കായി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടാംദിനത്തിലും യാത്ര, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് തന്നെ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അഗതി മന്ദിരങ്ങളിലെ അന്തേവാസികളുമാണ് കൊച്ചി മെട്രോയുടെ അതിഥികളായി യാത്ര ചെയ്യുക.

മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റെടുത്ത് ആലുവ - പാലാരിവട്ടം എന്ന ആകാശപാത െകാച്ചിക്ക് തിങ്കളാഴ്ച മുതല്‍ സ്വന്തമാക്കാം.

രാവിലെ 10.05: പ്രധാനമന്ത്രി കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്നു.

രാവിലെ 10.35: പാലാരിവട്ടത്തെ മെട്രോ സ്റ്റേഷനില്‍ നാടമുറിച്ചശേഷം പ്രധാനമന്ത്രി ട്രെയിനില്‍ സഞ്ചരിക്കുന്നു. ചങ്ങമ്പുഴപാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകള്‍ പിന്നിട്ട് യാത്ര പത്തടിപ്പാലം വരെ. തുടര്‍ന്ന് പാലാരിവട്ടത്തേക്ക് മടക്കം.

രാവിലെ 11.00: കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഉദ്ഘാടന വേദിയില്‍. വേദിയിലെ സ്വിച്ച് അമര്‍ത്തി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നു.