മെട്രോ യാഥാർത്ഥ്യമാകുമ്പോൾ, അതിനായി ഒരു ജനത അനുഭവിച്ച ത്യാഗത്തെ കാണാതെ പോകരുത്. വലിയൊരു സ്വപ്നസാക്ഷാത്കാരത്തിനായി അത്ര വലിയ ത്യാഗമാണ് നഗരവാസികൾ സഹിച്ചത്. മെട്രോ നിർമാണം എത്രയോ ജീവിതങ്ങളെ മാറ്റിമറിച്ചു. മെട്രോ തൊഴിലവസരങ്ങൾ തുറന്നുവെന്ന് പറയുമ്പോൾ തന്നെ, അതിനുവേണ്ടി തൊഴിൽ നഷ്ടമായി ഉപജീവനം മുട്ടിപ്പോയ എത്രയോ ജീവിതങ്ങളുണ്ടെന്നതും സത്യമാണ്.

മെട്രോ കടന്നുപോകുന്ന റോഡുകളിലെ ഒട്ടനവധി വ്യാപാര സ്ഥാപനങ്ങൾ പിടിച്ചുനിൽക്കാനാവാതെ ഇക്കാലത്തിനിടയിൽ പൂട്ടിപ്പോയി. റോഡിന് വീതി കൂട്ടുന്നതിനായി സ്ഥാപനങ്ങൾ എടുത്തുപോയതു വഴി, ഒരു നഷ്ടപരിഹാരവും ലഭിക്കാതെ തൊഴിൽ നഷ്ടപ്പെട്ട നിരവധി ആളുകളുണ്ട്; ജീവിക്കാനായി പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോകേണ്ടി വന്നവർ. ചെറിയ കടകളിലേയും മറ്റും സെയിൽസ്‌മാന്മാരും കണക്കെഴുത്തുകാരുമെല്ലാം ഉപജീവനത്തിന് മാർഗമില്ലാതെ പുതിയ ലാവണങ്ങൾ തേടി ഇറങ്ങേണ്ടി വന്നു. എത്രയോ കടകൾക്ക് പൂട്ടുവീണു. കടകൾ തുറന്നിരുന്നവർ തന്നെ കച്ചവടം കുറഞ്ഞതിനാൽ, തൊഴിലാളികളുടെ എണ്ണം കുറച്ചു.

ഗതാഗത നിയന്ത്രണങ്ങൾ ശക്തമാക്കിയപ്പോൾ, സ്ഥിരം ഇടപാടുകാർ മറ്റ് കടകളെ ആശ്രയിച്ചപ്പോൾ കച്ചവടത്തിൽ വലിയ ഇടിവുണ്ടാവുന്നത് മനഃപ്രയാസത്തോടെ വ്യാപാരികൾക്ക് നോക്കിയിരിക്കേണ്ടി വന്നു. നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിലൊന്നായ എം.ജി. റോഡിൽ വലിയ സ്ഥാപനങ്ങൾക്കു മാത്രമാണ് മെട്രോ വിപ്ലവത്തിൽ പിടിച്ചു നിൽക്കാനായത്. ചെറിയ വ്യാപാര സ്ഥാപനങ്ങൾ പലതും പൂട്ടിപ്പോയി. കച്ചവടം കുറഞ്ഞപ്പോഴും നല്ലൊരു ഭാവി ഉണ്ടാവുമെന്നു പ്രതീക്ഷിച്ച് ചിലർ കടകൾ തുറന്ന് വെറുതെയിരുന്നു. നിർമാണത്തിന്റെ ഭാഗമായി ഗതാഗത പരിഷ്കാരങ്ങൾ വരുത്തിയപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒറ്റപ്പെട്ടുപോയ വ്യാപാര കേന്ദ്രങ്ങളുമുണ്ട്.
മെട്രോ നിർമാണത്തിന്റെ ആദ്യ ഇരകളായത് എറണാകുളം നോർത്ത് റെയിൽവേ മേല്പാലത്തിനടിയിലുള്ള കച്ചവടക്കാരായിരുന്നു. ആദ്യം പൊളിക്കേണ്ടി വന്നത് നോർത്ത് പാലമായിരുന്നു. കുറെപ്പേരെ പുല്ലേപ്പടി മേല്പാലത്തിനടിയിലേക്ക് മാറ്റി. കുറെപ്പേർ പരമാര റോഡിൽ നഗരസഭാ കെട്ടിടത്തിലേക്ക് മാറി. ചിലർ കച്ചവടം അവസാനിപ്പിച്ചു.

പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയതോടെ നഗരത്തിലേക്കുള്ള വഴികൾ തിരിച്ചുവിട്ടപ്പോൾ പുറമെ നിന്ന് കച്ചവടത്തിനായി എറണാകുളം നഗരത്തിലേക്ക് എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. എറണാകുളം മാർക്കറ്റിലെ കച്ചവടത്തെ വരെ ഇത് ബാധിച്ചു. വ്യാപാരം മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത് എറണാകുളം നഗരത്തിലെ വ്യാപാരികൾക്ക് കണ്ടിരിക്കേണ്ടി വന്നു. ആലുവ-മുതൽ എറണാകുളം വരെയുള്ള വ്യാപാരികളെ പല തരത്തിലാണ് ഇത് ബാധിച്ചത്. നിർമാണത്തിനായി അടച്ചുകെട്ടിയപ്പോൾ ചില കടകൾ ഉപഭോക്താക്കൾക്ക്് കയറാൻ പറ്റാത്ത വിധത്തിൽ അടഞ്ഞുപോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറച്ചുകൊണ്ടുള്ള നിർമാണ രീതിയാണ് മെട്രോയ്ക്കായി അവലംബിച്ചതെന്ന് സമ്മതിക്കുമ്പോൾത്തന്നെ, നഗരവാസികൾ ഇതിനായി സഹിച്ച ബുദ്ധിമുട്ടുകളും  കാണാതിരിക്കാനാവില്ല. മഴക്കാലത്ത് പ്രധാന റോഡുപോലും കുഴി വന്ന് വലിയ കുളങ്ങളായി മാറി. റോഡെന്നു പറയാൻ ഒരു സാധനം തന്നെ ഇല്ലാത്ത സ്ഥലത്തുകൂടി വാഹനങ്ങൾ അരിച്ചുനീങ്ങി.

റോഡിലുണ്ടായ മാറ്റങ്ങൾ അറിയാതെ ആലുവയിലും കളമശ്ശേരിയിലും കുഴിയിൽ വീണുണ്ടായ അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് ജീവൻ നഷ്ടമായി. ഒട്ടേറെപ്പേർക്ക് കുഴികളിലും മറ്റും വീണ് പരിക്കുപറ്റി. കാനകൾ അടഞ്ഞ് മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങളിലേക്ക് വെള്ളംകയറി സാധനങ്ങൾ നശിച്ച് വ്യാപാരികൾക്ക് വലിയ നഷ്ടങ്ങളുണ്ടായി. 2014-ലെ മഴക്കാലമാണ് കൊച്ചിക്കാർക്ക് ഏറെ ദുരിതങ്ങൾ നൽകിയത്. വലിയൊരു വികസന കുതിപ്പ് സ്വപ്നംകണ്ട ജനങ്ങൾ  പ്രതിഷേധിക്കാൻ പോലും നിൽക്കാതെ അതെല്ലാം സഹിച്ചു. പ്രതിപക്ഷത്തായിരുന്ന സി.പി.ഐ. അന്ന് മെട്രോ നിർമാണത്തിന് ചുക്കാൻ പിടിച്ച ഇ. ശ്രീധരനെതിരെപ്പോലും പ്രസ്താവനയുമായി രംഗത്തുവന്നു. ജനങ്ങളുടെ ബുദ്ധിമുട്ടു കണ്ട് റോഡിൽ ഉടനെ അറ്റകുറ്റപ്പണി നടത്തണമെന്ന് ജില്ലാ കളക്ടർ മെട്രോ അധികൃതർക്ക് അന്ത്യശാസനം നൽകി. പിന്നീട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഗതാഗതം മെച്ചപ്പെടുത്താൻ 11 കോടി അനുവദിച്ചു.

മെട്രോ നിർമാണത്തിന് തൂൺ നിർമിച്ചപ്പോൾ ഉള്ള ചെളി വീണ് നഗരത്തിലെ ഓടകളും വലിയ കനാലുകളും അടഞ്ഞു. തേവര-പേരണ്ടൂർ കനാലിലും ഇടപ്പള്ളി തോടിലുമെല്ലാം നീരൊഴുക്ക് നിലച്ചതിനാൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതേത്തുടർന്ന് വലിയ കനാലുകളുടെ ചെളി നീക്കാൻ മെട്രോ മുന്നൊരുക്ക ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. പ്രധാന റോഡുകളിലെ നടപ്പാതകൾ തകർന്ന് കാനകളിൽ വീണ് കൈയും കാലും ഒടിഞ്ഞവരും നിരവധിയുണ്ട്.
രാത്രിയിലെ റോഡ് അടച്ചുകെട്ടലായിരുന്നു മറ്റൊരു ദുരിതം. അന്യസ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് രാത്രിയിൽ കാറിലും മറ്റും വരുന്നവർ റോഡ് തിരിച്ചുവിട്ടതിനാൽ നഗരത്തിലെ ഇടവഴികളിൽ ഗതിയില്ലാതെ കറങ്ങി. റോഡുകൾ തിരിച്ചുവിടാൻ ലൈറ്റും പിടിച്ചു നിന്ന അന്യസംസ്ഥാന തൊഴിലാളിയോട് വഴി ചോദിച്ച് രാത്രിയിൽ ജനങ്ങൾ ഊരാക്കുടുക്കുകളിൽപ്പെട്ടു. ദീർഘദൂര ബസുകൾ വരെ ചെറിയ ഇടവഴികളിൽ കുടുങ്ങി മണിക്കൂറുകൾ വൈകി.