ണ്ട് ദശകങ്ങളായി നടന്ന തുടർ പോരാട്ടത്തിന്റെ വിജയമുഹൂർത്തമാണ്  ആഗതമായിരിക്കുന്നത്. കൊച്ചി മെട്രോ നഗരവാസികൾക്കായി തുറന്നുകൊടുക്കുമ്പോൾ, അതിനുവേണ്ടി ശക്തമായി നിലകൊണ്ടവർക്ക് ആഹ്ലാദിക്കാനുള്ള സന്ദർഭം കൂടിയാണിത്. പദ്ധതി അട്ടിമറിക്കാനും വഴിതിരിച്ചുവിടാനും പല ഘട്ടങ്ങളിലായി നടന്ന ഗൂഢാലോചനകളെ ഇച്ഛാശക്തികൊണ്ട് അതിജീവിച്ചപ്പോൾ, അതിനൊപ്പം നിന്നത് ‘മാതൃഭൂമി’യായിരുന്നു. പദ്ധതിതന്നെ പാളംതെറ്റിച്ചു കൊണ്ടുപോകാനുള്ള നീക്കങ്ങൾ അധികാര കേന്ദ്രങ്ങളിൽ നിന്നുപോലുമുണ്ടായി. അതെല്ലാം പൊളിച്ചെഴുതി മെട്രോയെ യഥാർഥ ട്രാക്കിലെത്തിക്കാൻ നടന്ന ഇടപെടലുകളിൽ ശക്തമായ സാന്നിധ്യമായിരുന്നു ‘മാതൃഭൂമി’യുടേത്.
തുടക്കം

തൊണ്ണൂറുകളുടെ അവസാന പകുതിയിൽ  കൊച്ചിയിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് ‘നാറ്റ്പാക്’ നടത്തിയ പഠനത്തിലാണ്, നഗരത്തിന് ‘എലവേറ്റഡ് ഹൈസ്പീഡ് ട്രാം സിസ്റ്റം’ വേണമെന്ന  അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത്. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ നിർദേശം അവർ മുന്നോട്ടുവച്ചത്. അതാണ് പിന്നീട് മെട്രോ സംവിധാനമെന്ന ചർച്ചകളിലേക്ക് എത്തിച്ചത്. ഗതാഗതക്കുരുക്കു കൊണ്ട് പൊറുതിമുട്ടിയ കൊച്ചിയുടെ ദുരിതാവസ്ഥകൾ ജനങ്ങൾക്കു മുന്നിൽ കൊണ്ടുവന്ന ‘മാതൃഭൂമി’ യാണ്, നാറ്റ്പാക് നിർദേശിച്ച ‘മെൽപ്പാ റെയിൽ’ എന്ന ആശയം കൊച്ചിക്കാർക്ക് മുന്നിൽ ചർച്ചയ്ക്കായി അവതരിപ്പിച്ചത്.

പിന്നീട് നഗരത്തിൽ നടന്ന സെമിനാറുകളിലും വികസന ചർച്ചകളിലുമെല്ലാം കൊച്ചി മെട്രോയായി പ്രധാന ചർച്ചാ കേന്ദ്രം. സബർബൻ റെയിൽ വേണോ മെട്രോ വേേണാ എന്ന ചർച്ചകൾ നടന്നു. ഒടുവിൽ ‘കൊച്ചി മെട്രോ’ എന്ന ആശയത്തിനു തന്നെ മുൻതൂക്കം കിട്ടി. ഡി.എം.ആർ.സി.യെ കൺസൾട്ടന്റായി നിശ്ചയിച്ചുകൊണ്ട് 75 ലക്ഷം ചെലവഴിച്ച് വിശദ പഠന റിപ്പോർട്ട് തയ്യാറാക്കുന്നത് അങ്ങനെയാണ്. കേന്ദ്രത്തിനു മുന്നിൽ പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് പദ്ധതി വഴിതിരിച്ചു വിടാനുള്ള നീക്കം ഉണ്ടായത്.

അസ്ഥാനത്തു വന്ന ആകാശ ബസ്

കൊച്ചിക്കു വേണ്ടത് ‘ആകാശ ബസ്‌’ ആണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തു വന്നു. അന്ന് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌ കുമാർ, കൊച്ചിയിൽ ആകാശ ബസ് പദ്ധതി കൊണ്ടുവരണമെന്ന ആശയത്തിനാണ് പ്രാധാന്യം നൽകിയത്. ആകാശ ബസ് സംബന്ധിച്ച അവതരണങ്ങളും അരങ്ങേറി. മെട്രോ റെയിൽ പദ്ധതിയുടെ ഭാവി ഇതോടെ അനിശ്ചിതാവസ്ഥയിലായി. എന്നാൽ, ഡൽഹി മാതൃകയിലുള്ള മെട്രോ സംവിധാനമാണ് കൊച്ചിയിൽ വേണ്ടതെന്ന ആശയം പിന്നെയും വിദഗ്ദ്ധരിൽ നിന്ന് ഉയർന്നു. ഈ ആശയത്തിന് പ്രചാരം നൽകുന്നതിനും കൊച്ചി മെട്രോയെ യഥാർഥ ട്രാക്കിലേക്ക് കൊണ്ടുവരുന്നതിനും അന്ന് മുന്നിൽനിന്നത്  ‘മാതൃഭൂമി’യായിരുന്നു.

ഉടക്കുമായി ആസൂത്രണ കമ്മിഷൻ

ഏറ്റവും വലിയ കടമ്പ ആസൂത്രണ കമ്മിഷന്റെ അംഗീകാരം തേടലായിരുന്നു. അതിനുവേണ്ടി ശക്തമായ രാഷ്ട്രീയ സമ്മർദമാണ് ഡൽഹിയിൽ ചെലുത്തേണ്ടി വന്നത്. കൊച്ചിക്ക് മെട്രോയുടെ ആവശ്യമില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു കമ്മിഷൻ.

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ മെട്രോയ്ക്കായി സമ്മർദം ചെലുത്താൻ, പ്രായം മറന്നും ഡൽഹിയിൽ വരെ പോയി. കേരളത്തിന്റെ പ്രധാന ആവശ്യം എന്ന നിലയിലേക്ക് കൊച്ചി മെട്രോ റെയിൽ മാറിയതോടെ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വന്നു. മെട്രോയ്ക്ക് അനുമതി നൽകാനുള്ള ജനസംഖ്യാ നിരക്ക്‌ ഇല്ലെന്ന വാദവും എതിരായി ഉയർന്നുവന്നു. എന്നാൽ, കേരളത്തിന്റെ ഒന്നിച്ചുള്ള സമ്മർദത്തിലൂടെ ഒടുവിൽ ആസൂത്രണ കമ്മിഷന്റെയും കേന്ദ്ര മന്ത്രിസഭയുടെയുമെല്ലാം അംഗീകാരം നേടിയെടുക്കാൻ സാധിച്ചു.

സ്വകാര്യവത്‌കരിക്കാനും നീക്കം
കൊച്ചി മെട്രോ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന ശക്തമായ രാഷ്ട്രീയ സമ്മർദം ഉണ്ടായി. പദ്ധതിയുടെ കൺസൾട്ടന്റായിരുന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനു മേൽ അതിശക്തമായ സമ്മർദമാണ് ഇതിനായി ഉണ്ടായത്. ഒടുവിൽ അവർ പദ്ധതിക്കായി താത്‌പര്യപത്രം ക്ഷണിക്കുകയും മൂന്നു സ്വകാര്യ കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തു. മെട്രോ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തിൽ പൊതുമേഖലയിൽ നിർമിക്കണമെന്നും ഡി.എം.ആർ.സി.യെ നിർമാണം ഏറ്റെടുപ്പിക്കണമെന്നും പൊതു സമൂഹത്തിൽ നിന്ന് ശക്തമായ അഭിപ്രായം ഉയർന്നിട്ടുപോലും അതൊന്നും വകവയ്ക്കാതെ സ്വകാര്യവത്‌കരണ നീക്കങ്ങൾ തകൃതിയായി നടന്നു.

ഇന്ത്യയിലെ ഒരു വമ്പൻ കമ്പനിക്ക് പദ്ധതി തീറെഴുതുന്ന ഘട്ടം വരെ എത്തിയെങ്കിലും രാഷ്ട്രീയ മാറ്റങ്ങളുടെ പെരുവെള്ളപ്പാച്ചിലിൽ മെട്രോ അതിന്റെ യഥാർഥ പാതയിലേക്ക് നീങ്ങി. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മെട്രോ പൊതുമേഖലയിൽ വേണമെന്ന ശക്തമായ അഭിപ്രായത്തിൽ ഉറച്ചുനിന്നു.

പേരിലും അട്ടിമറി
മെട്രോ റെയിൽ ഡി.എം.ആർ.സി.യുടെ നേതൃത്വത്തിൽ തകൃതിയായി മുന്നേറാൻ തുടങ്ങിയപ്പോൾ പിറക്കാനിരിക്കുന്ന കുഞ്ഞിന് തങ്ങളുടെ ഇഷ്ട പേരിടാനായി ചിലരുടെ ശ്രമം. അതിനായി ഉദ്യോഗസ്ഥ ലോബി കളിച്ചു. അവർ സ്വന്തം നിലയിൽ ആരോടും ചോദിക്കാതെ തീരുമാനങ്ങളെടുത്തു. മെട്രോയ്ക്ക് അവർ സ്വന്തം നിലയിൽ പേരും ലോഗോയും ഉണ്ടാക്കി. എന്നിട്ട്‌ അതിന് പ്രചാരം നൽകാനുള്ള ശ്രമം നടത്തി. സ്ഥലത്തെ എം.പി.യെപ്പോലും ക്ഷണിക്കാതെ ഒതുക്കത്തിൽ ലോഗോ പ്രകാശനം ചെയ്തെടുക്കാൻ ശ്രമം നടന്നു.

എന്നാൽ, ജന പ്രതിനിധികളിൽ നിന്നുതന്നെ അതിനെതിരായ പ്രതിഷേധങ്ങൾ വന്നു. കെ.എം.ആർ.എല്ലിന്റെ തലപ്പത്ത് അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമായി. കമ്പനി ചില ഉപജാപകരുടെ കൈകളിലാണെന്ന വാദവും ഉയർന്നു. ഒടുവിൽ സംസ്ഥാന സർക്കാരിന് വിഷയത്തിൽ ഇടപെടേണ്ടി വന്നു. കെ.എം.ആർ.എല്ലിന്റെ തലപ്പത്ത് അഴിച്ചുപണി നടന്നു. പുതിയ എം.ഡി.യായി ഏലിയാസ് ജോർജ് ചുമതലയേറ്റു. പിന്നെ, മെട്രോ നിർമാണം യാഥാർഥ ട്രാക്കിൽ അതിവേഗം കുതിക്കുന്നതാണ് കണ്ടത്.