കൊച്ചി: രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം വികസനമെന്ന വികാരം തുടിച്ച അന്തരീക്ഷത്തില്‍, കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. തിങ്കളാഴ്ചമുതല്‍ ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്ററില്‍ മെട്രോ കുതിക്കും.

കനത്ത സുരക്ഷയില്‍ ശനിയാഴ്ച രാവിലെയാണ് സംസ്ഥാനത്തെ ആദ്യത്തെ േെമട്രാ ട്രെയിന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പാലാരിവട്ടം സ്റ്റേഷനില്‍ പ്രധാനമന്ത്രി നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പത്തടിപ്പാലംവരെ ട്രെയിനില്‍ സഞ്ചരിച്ചശേഷം കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിനുമുന്നില്‍ പ്രത്യേകം തയ്യാറാക്കിയ ഉദ്ഘാടന വേദിയിലെത്തി ഫലകം അനാച്ഛാദനം ചെയ്തു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യാത്രയ്ക്കും ഉപഭോക്തൃ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന 'കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ്' കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. മൊബൈല്‍ ഫോണില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന 'കൊച്ചി വണ്‍' മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി.

വികസനകാര്യത്തില്‍ കേരളത്തോട് കേന്ദ്രത്തിന്റെ സമീപനം 'പോസിറ്റീവാ'ണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഉപഹാരമായി പ്രധാനമന്ത്രിക്ക് കൊച്ചി മെട്രോയുടെ തടിയിലുള്ള മാതൃകയും കേന്ദ്രമന്ത്രിക്ക് ഉരുവിന്റെ മാതൃകയും മുഖ്യമന്ത്രി സമ്മാനിച്ചു.

മെട്രോ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ മെട്രോ മാന്‍ ഡോ. ഇ. ശ്രീധരന് വന്‍ കൈയടിയാണ് ചടങ്ങില്‍ ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ശ്രീധരന്റെ നേതൃപാടവത്തെ പുകഴ്ത്തി. സ്വാഗതപ്രസംഗം നടത്തിയ കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്് ശ്രീധരനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സദസ്സില്‍നിന്നുള്ള കരഘോഷംമൂലം കുറച്ചുസമയം പ്രസംഗം നിര്‍ത്തേണ്ടിവന്നു.

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, പ്രൊഫ. കെ.വി. തോമസ് എം.പി., മേയര്‍ സൗമിനി ജെയിന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.

കൊച്ചിയില്‍ ഒരു സ്വകാര്യപരിപാടിക്കുശേഷം നാവികസേന ഗസ്റ്റ് ഹൗസില്‍ സംസ്ഥാനത്തെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ഡല്‍ഹിക്കു മടങ്ങി.