മെട്രോ ഓടുന്നത് ആകാശത്തൂടല്ലേ, ഈ ട്രെയിനെങ്ങാനും പാതിവഴിക്ക്് നിന്നുപോയാല്‍ നമ്മളെന്തു ചെയ്യും? മെട്രോ ട്രെയിനില്‍ ആദ്യമായി കയറുന്ന ഒരാള്‍ക്ക് സ്വാഭാവികമായും ഉണ്ടാകാവുന്ന സംശയമാണിത്. ഇത്തരത്തിലുള്ള ചില സംശയങ്ങള്‍ ഏതൊരു മെട്രോ യാത്രക്കാരനും ഉണ്ടാകും. എന്നാലിതാ കേട്ടോളൂ.

മൂന്നു കാറുകളുള്ള ട്രെയിനുകളാണ് കൊച്ചിയിലെ ആകാശപാതയിലൂടെ ഓടുക എന്നു പറഞ്ഞല്ലോ! എല്ലാ ട്രെയിനിന്റെയും ആദ്യത്തെ കാറിന്റെ രണ്ടാമത്തെ വാതിലുകള്‍ എമര്‍ജന്‍സി ഡോറുകളാണ്. അവിടെ എമര്‍ജന്‍സി ഡോര്‍ എന്നു മാര്‍ക്ക് ചെയ്തിട്ടുണ്ടാവും. ട്രെയിന്‍ പാതിവഴിയില്‍ നിന്നു പോയാല്‍ ട്രെയിനിന്റെ നിയന്ത്രണ സംവിധാനം നിങ്ങളെ ഏറ്റെടുത്തുകൊള്ളും. പേടിക്കേണ്ട ! അതിങ്ങനെയാണ്.

ട്രെയിന്‍ നിന്നുപോയാല്‍ ഉടന്‍ കാറുകളിലെ എയര്‍ കണ്ടീഷനിങ് സിസ്റ്റം തനിയെ തന്നെ വെന്റിലേഷന്‍ മോഡിലേക്കാകും. അതായത് പുറത്തുനിന്ന് ആവശ്യത്തിന് ഓക്സിജന്‍ വലിച്ചെടുത്ത് കാറിനകത്തേക്ക് നല്‍കും. 

ഏതു കാറിലാണോ അപ്പോള്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ ഉള്ളത് അതിന്റെ തൊട്ടടുത്ത കാറിലെ രണ്ടാമത്തെ ഡോറായിരിക്കും എമര്‍ജന്‍സി ഡോറായി പ്രവര്‍ത്തിക്കുക. ട്രെയിന്‍ ഓപ്പറേറ്റര്‍ അയാളുടെ കാബിനിലുള്ള ഒരു കീ പ്രവര്‍ത്തിപ്പിക്കും. ഈ കീ പ്രവര്‍ത്തിപ്പിച്ചാല്‍ കാറിനുള്ളിലെ എമര്‍ജന്‍സി ഡോറുകളുടെ ലോക്ക് തുറക്കും. അതോടെ കൈകള്‍ ഉപയോഗിച്ച് വാതില്‍ വലിച്ചു തുറക്കാന്‍ കഴിയും. ട്രെയിന്‍ ഓപ്പറേറ്റര്‍ വന്ന് ഈ വാതിലുകള്‍ തുറന്നു തരും. 

തൂണുകള്‍ക്ക് മുകളിലുള്ള പാലത്തിലൂടെയാണല്ലോ മെട്രോ ട്രെയിന്‍ ഓടുന്നത്. ഈ പാലത്തില്‍ ട്രെയിന്‍ ട്രാക്ക് മാത്രമല്ല പാലത്തിന്റെ ഇരുവശങ്ങളിലുമായി 80 എംഎം വീതിയിലുള്ള നടപ്പാതകളും നിര്‍മിച്ചിട്ടുണ്ട്. ഈ നടപ്പാതകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി ട്രെയിനിനുള്ളില്‍ തന്നെ ഒരു പാലം സൂക്ഷിച്ചിട്ടുണ്ട്. എമര്‍ജന്‍സി ഡോറില്‍ നിന്ന് നടപ്പാതയിലേക്ക് ഈ പാലം ട്രെയിന്‍ ഓപ്പറേറ്റര്‍ ഘടിപ്പിച്ചു തരും. ഇതുവഴി യാത്രക്കാരെ നടപ്പാതയിലേക്ക് ഇറക്കിവിടും. അവിടുന്ന് നടന്ന് തൊട്ടടുത്ത സ്റ്റേഷനിലേക്ക് എത്താം.