കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അവസാനഘട്ട മിനുക്കുപണിയിലാണ് പല മെട്രോ സ്റ്റേഷനുകളും. ചില സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ മറ്റു ചിലവ ഉദ്ഘാടനത്തിനു മുമ്പേ പണി തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

ആദ്യഘട്ടത്തിലെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും പ്രത്യേക തീമുകളുടെ അടിസ്ഥാനത്തിലാണ് ഒരുക്കുന്നത്. കൗതുകവും വിജ്ഞാനവും ഒളിപ്പിച്ചാണ് സ്റ്റേഷനുകളുടെ ഉള്‍വശം രൂപകല്‍പന ചെയ്തിരിക്കുന്നത്. 
 

Ambattukavu1.jpg

അന്താരാഷ്ട്ര നിലവാരത്തിലുള്ള സാമഗ്രികള്‍ ഉപയോഗിച്ചാണ് സ്റ്റേഷനുകളുടെ ഉള്‍വശം അലങ്കിരിച്ചിരിക്കുന്നതെന്ന് മെട്രോയുടെ ആദ്യ ഘട്ട ഇന്റീരിയര്‍ ചെയ്യുന്ന ഹിന്ദുസ്ഥാന്‍ ഇന്റീരിയേഴ്‌സിന്റെ എം.ഡി. ബിജു റാഫേല്‍ പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഇന്റീരിയറും ഇവര്‍ തന്നെയാണ് ചെയ്തത്. 

പെരിയാറിന്റെ നഗരമായ ആലുവയില്‍ ആരംഭിക്കുന്ന മെട്രോയുടെ ആദ്യ സ്റ്റേഷന്റെ തീം പുഴ തന്നെയാണ്. സ്റ്റേഷന്റെ ഫ്‌ളോറില്‍ ഒരുക്കിയിരിക്കുന്ന പുഴയുടെ ഡിസൈനാണ് ആലുവ സ്റ്റേഷന്റെ പ്രത്യേകത. പോളിയുറീഥേന്‍ പെയിന്റ് ഉപയോഗിച്ചാണ് ഇത് തയാറാക്കിയത്. പുഴ എന്ന വിഷയത്തില്‍ ജനങ്ങളില്‍നിന്നും ക്ഷണിച്ച ചിത്രങ്ങളാണ് ആലുവ സ്റ്റേഷന്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 
 

Ambattkavu4.jpg

ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനായ പാലാരിവട്ടത്തും ഇങ്ങനെ ലഭിച്ച ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പൂക്കള്‍ എന്ന തീം ഉപയോഗിച്ചിരിക്കുന്ന സ്റ്റേഷനില്‍ കേരളത്തിന്റെ സ്വന്തം കൊന്നയും ചെമ്പരത്തിയും ആമ്പലുമെല്ലാം വിരിഞ്ഞുനില്‍ക്കുന്നു.

ആലുവയ്ക്ക് ശേഷമുള്ള സ്റ്റേഷനായ പുളിഞ്ചോട് ഹരിതാഭമാണ്. സൈലന്റ് വാലിയാണ് ഇവിടെ വിഷയമാക്കിയിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ മലനിരകള്‍ അലങ്കരിക്കുന്ന കമ്പനിപ്പടി സ്റ്റേഷനും ഭംഗിക്കും പച്ചപ്പിനും കുറവൊന്നുമില്ല. 3 ഡി എഫക്ടു നല്‍കി തയാറാക്കിയിരിക്കുന്ന ഇവിടത്തെ ചിത്രങ്ങള്‍ യഥാര്‍ഥമാണോ എന്നുപോലും ഒരു നിമിഷം സംശയിച്ചുപോകും. 
 

Cusat.jpg

പാമ്പുകളും ഒച്ചുകളും ഉള്‍പ്പെടെയുള്ള ഉരഗങ്ങളാണ് അമ്പാട്ടുകാവ് സ്റ്റേഷനെ സമ്പന്നമാക്കുന്നത്. സ്റ്റേഷനില്‍ കാവിന്റെ തീമില്‍ തയാറാക്കിയിരിക്കുന്ന ഡിസൈനുകളിലൊന്ന് അമ്പാട്ടു'കാവ്' എന്ന സ്ഥലനാമത്തെ അന്വര്‍ത്ഥമാക്കുന്നതാണ്.

പക്ഷികളാണ് മുട്ടം സ്റ്റേഷന് അലങ്കാരം. മയിലും പഞ്ചവര്‍ണക്കിളികളും ഇവിടെ യാത്രക്കാരെ കാത്തിരിക്കുന്നു. പശ്ചിമഘട്ടം തന്നെയാണ് കളമശേരി സ്റ്റേഷന്റെയും തീം. വനാന്തര ദൃശ്യങ്ങളാണ് സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. ആനയും മാനുകളും മലമുഴക്കി വേഴാമ്പലുമൊക്കെ ഇവിടെയുണ്ട്. 

നാവിക സംസ്‌കാരവും ചരിത്രവുമാണ് കുസാറ്റ് സ്റ്റേഷന് വിഷയമായിരിക്കുന്നത്. ഇതിനായി ഉപയോഗിച്ചിരിക്കുന്ന ബ്രൗണ്‍ കളര്‍ കുസാറ്റിനെ മറ്റു സ്റ്റേഷനുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. പത്തടിപ്പാലം സ്റ്റേഷനില്‍ മത്സ്യ സമ്പത്തിനെ കുറിച്ചറിയാം. വെള്ളത്തിനടിയിലെ ദൃശ്യങ്ങളാണ് സ്റ്റേഷന്റെ പ്രത്യേകത. ഇടപ്പള്ളി സ്റ്റേഷനില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വിഷയമാകുമ്പോള്‍ ചങ്ങമ്പുഴ പാര്‍ക്ക് സാഹിത്യകാരന്‍മാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

ഓരോ സ്റ്റേഷന്റെയും തീമിന് അനുസരിച്ചാണ് ജാലകച്ചില്ലുകള്‍ക്കും കൗണ്ടറുകളുടെ ഭിത്തികള്‍ക്കുമൊക്കെ ഡിസൈന്‍ നല്‍കിയിരിക്കുന്നത്. മള്‍ട്ടിവുഡ്, 3 എം ഷീറ്റ്, മൈല്‍ഡ് സ്റ്റീല്‍ ഷീറ്റ് തുടങ്ങിയവയാണ് മെട്രോയുടെ ഇന്റീരിയറിനായി ഉപയോഗിച്ചിരിക്കുന്ന മറ്റു പ്രധാന വസ്തുക്കള്‍. ഭിത്തിയില്‍ അലുമിനിയം ഫ്രെയിം ഘടിപ്പിച്ച് അതില്‍ മള്‍ട്ടിവുഡ് ഉറപ്പിച്ചാണ് ഡിസൈനുകള്‍ പ്രിന്റ് ചെയ്തിട്ടുളള പ്രത്യേക ഷീറ്റുകള്‍  പതിച്ചിരിക്കുന്നത്.

മൈല്‍ഡ് സ്റ്റീല്‍ ഷീറ്റില്‍ കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള എം.എന്‍.സി. കട്ടിങ് വഴി ഡിസൈന്‍ തയാറാക്കിയാണ് പലയിടത്തെയും കവാടങ്ങള്‍ സുന്ദരമാക്കിയിരിക്കുന്നത്. നിറമുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ച അക്രിലിക് ഷീറ്റ് ഇതിനു പിന്നില്‍ ഘടിപ്പിച്ച് ലൈറ്റ് നല്‍കുന്നതോടെ മികച്ച ദൃശ്യരൂപങ്ങളാകും സൃഷ്ടിക്കപ്പെടുക.