ലതാലക്ഷ്മി
ലതാലക്ഷ്മി

കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന ചൊല്ല് അന്വര്‍ഥമാക്കും വിധം വിസ്മയങ്ങളുടെ കേന്ദ്രമാണ് കൊച്ചി. നാള്‍ക്കുനാള്‍ എന്തിനേയും ഏതിനേയും ഉള്‍ക്കൊള്ളാനും പുതുമയുടെ പാരമ്യത്തിലേക്ക് ആരേയും ക്ഷണിക്കാനും കഴിയുന്ന ധീരശാലികളുടെ നാട്. സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാവുന്ന വിധം എക്സ്പ്രസീവ് ആണ് കൊച്ചി. ഇന്ന് കണ്ട കൊച്ചിയെ നാളെ കാണാന്‍ കഴിയില്ല. എന്നാല്‍ നാളെയുടെ കൊച്ചിയെ ഇന്ന് ഊഹിക്കാനോ സങ്കല്പ്പിക്കാനോ കഴിയുകയുമില്ല. കാരണം, നമ്മള്‍ ചിന്തിക്കുന്നതിനപ്പുറം അത്ഭുതങ്ങള്‍ തന്ന് സൗന്ദര്യത്തേയും സന്തോഷത്തേയും അപ്പോഴേക്കും കൊച്ചി സ്വായത്തമാക്കിയിരിക്കും.

2017 ജൂണ്‍ 17. ദിനവും വര്‍ഷവും ഒന്ന്. മഴമാസത്തിന്റെ മധ്യാഹ്നം തുടങ്ങിയപ്പോള്‍ മെട്രോ എന്ന മധുരസ്വപ്നത്തിന്റെ മടിത്തട്ടിലേക്ക് പ്രധാനമന്ത്രി മോദി മലയാളികളെ ക്ഷണിച്ചിരുത്തി. കൊച്ചി ഹര്‍ഷബാഷ്പത്താല്‍ നിര്‍വൃതി കൊണ്ടു. അംഗീകാരങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും പിടികൊടുക്കാത്ത, അകലെ മാത്രം കണ്ട് പരിചയിച്ച ശ്രീധരന്‍ സാറിനെ അടുത്തുകാണാനും അറിയാനും ആളുകള്‍ ആര്‍ത്തിരമ്പി. വേദിയില്‍ ആ നാമം ഉച്ചരിച്ചപ്പോഴെല്ലാം അറബിക്കടലിന്റെ ആരവത്തിനു മീതെ സദസ്സില്‍ കരഘോഷങ്ങള്‍ ആവര്‍ത്തിച്ചു. ആവേശത്തെ നിയന്ത്രിക്കാന്‍ കൊച്ചി ആവതും ശ്രമിച്ചു. 

ഇ. ശ്രീധരന്‍ എന്ന അമാനുഷിക ജ്യോതിര്‍ബിംബത്തെ ഇന്ത്യ മനസാ ആരാധിക്കാനും ആദരിക്കാനും തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അപൂര്‍വ വ്യക്തിത്വ വൈഭവത്താല്‍ ആരെയും കീഴടക്കുന്ന ലാളിത്യവും എളിമയും തെളിമയുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പലരും പയറ്റുന്ന ചെപ്പിടിവിദ്യകള്‍ അഭ്യസിച്ചിട്ടില്ലാത്ത അപൂര്‍വം ആളുകളിലൊരാള്‍.

അഴിമതിക്കെതിരെ കേരള ജനത ആദ്യമായി കൈകോര്‍ത്ത ഒരു സംരംഭമാണ് കൊച്ചി മെട്രോ. അന്യ സംസ്ഥാന തൊഴിലാളികളുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും അര്‍പ്പണബോധവും കണ്ട് കേരളം അമ്പരന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രഫഷണലിസവും സൗന്ദര്യവും കൊച്ചി കണ്ടു. കാലം കണ്ടു. ആരോപണ വിവാദങ്ങള്‍ക്ക് കനല്‍ കോരിയിടാന്‍ കേരളം കൂട്ടുനിന്നില്ല. കൊച്ചി തീരെ നിന്നില്ല. അതിനാല്‍ അവകാശികളും പലരാണ്. ആയിരിക്കാം. ആദ്യവിജയവും തുടര്‍ വിജയങ്ങളുമാണ് പ്രസക്തമായിട്ടുള്ളത്. തുടക്കം ഗംഭീരമായി. തുടര്‍ യാത്രകളും അങ്ങനെയാവണം. 

ചരിത്രം തലമുറകള്‍ വായിക്കേണ്ടതാണെന്ന് നമുക്കറിയാം. ജീവിതസഞ്ചാരത്തിലെ നിമിഷങ്ങള്‍ നവരത്നങ്ങളെപ്പോലെ പ്രകാശിപ്പിക്കുക അത്ര എളുപ്പമല്ല. ഇ. ശ്രീധരനും ഏലിയാസ് ജോര്‍ജ്ജിനും അത് സാധ്യമായിരിക്കുന്നു. പ്രണാമം.