സാധാരണ ട്രെയിന്‍ നിയന്ത്രിക്കുന്നത് എന്‍ജിന്‍ ഡ്രൈവറാണ്, കൊച്ചി മെട്രോ ട്രെയിനുകളുടെ കാര്യത്തിലോ? എന്‍ജിന്‍ ഡ്രൈവര്‍ക്ക് സമാനമായ സ്ഥാനത്ത് മെട്രോ ട്രെയിനുകളില്‍ ട്രെയിന്‍ ഓപ്പറേറ്ററാണ്. സാധാരണ ട്രെയിനുകളിലേതു പോലെ ഒരാള്‍ മാത്രമല്ല മെട്രോ ട്രെയിന്‍ നിയന്ത്രിക്കുന്നത്.

പ്രാഥമികമായി മെട്രോ ട്രെയിനിനെ നിയന്ത്രിക്കുന്നത് ട്രെയിന്‍ ഓപ്പറേറ്റര്‍ തന്നെയാണ്. ചില സാഹചര്യങ്ങളില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ വിചാരിച്ചാലും മെട്രോ ട്രെയിന്‍  മുന്നോട്ട് ചലിപ്പിക്കാനാകില്ല. അവിടെയാണ് ട്രെയിന്‍ നിയന്ത്രണത്തിലെ കേന്ദ്ര കഥാപാത്രമായി ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ എന്നൊരു സംവിധാനം വരുന്നത്. ട്രാക്കില്‍ ഓടുന്ന എല്ലാ ട്രെയിനുകളും നിയന്ത്രിക്കുന്നത് മുട്ടം യാഡിലുള്ള ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ വെച്ചാണ്.

വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ട്രെയിന്‍ നിര്‍ത്തുക, അടിയന്തിര സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യുക തുടങ്ങിയവയെല്ലാം ട്രെയിന്‍ ഓപ്പറേറ്ററുടെ ജോലിയാണ്. എന്നാല്‍ ട്രെയിനിന്റെ സമയക്രമം, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ നിശ്ചയിക്കുന്നത് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നാണ്. എല്ലാ ട്രെയിനുകളും ട്രാക്കില്‍ എവിടെയാണെന്ന് കണ്‍ട്രോള്‍ സെന്ററിലെ മോണിട്ടറില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. ഇവിടെയുള്ള സിസ്റ്റങ്ങളില്‍ ഓട്ടോമാറ്റിക് ലോജിക്‌സ് അടങ്ങിയ സോഫ്റ്റ്വെയറുകള്‍ ഉണ്ട്. ആ സോഫ്റ്റ്വെയര്‍ എല്ലാ ട്രെയിനുകളെയും ഒരേ സമയം നിരീക്ഷിക്കുന്നുണ്ടാകും. ഇവിടെനിന്നും കൃത്യമായി മെട്രോ ട്രെയിനിലേക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സുരക്ഷ ഉറപ്പാക്കുന്നത് ഇങ്ങനെയാണ്.

ട്രെയിനിന്റെ മുഴുവന്‍ നിയന്ത്രണവും കണ്‍ട്രോള്‍ സെന്ററില്‍ ആയിരിക്കുമെന്ന് ചുരുക്കം. കണ്‍ട്രോള്‍ സെന്ററില്‍നിന്നും ട്രെയിന്‍ കാബിനില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ട്രെയിന്‍ ഓപ്പറേറ്റര്‍ ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ട്രെയിന്‍ ഓപ്പറേറ്ററുടെ ഭാഗത്തുനിന്നും അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പാകപ്പിഴകള്‍ ഉണ്ടായാലും ട്രെയിന്‍ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താതെ വരികയോ മറ്റൊരു ട്രെയിനില്‍ ചെന്ന് ഇടിക്കുകയോ ഇല്ല. അതിനു മുന്‍പു തന്നെ കണ്‍ട്രോളിങ് സിസ്റ്റം തനിയെ പ്രവര്‍ത്തിച്ച് ട്രെയിന്‍ നിര്‍ത്തിയിരിക്കും. ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്.

കണ്‍ട്രോള്‍ സംവിധാനം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ട്രെയിന്‍ ഓപ്പറേറ്റര്‍ ട്രെയിന്‍ ഓടിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. കണ്‍ട്രോള്‍ സംവിധാനം നേരിട്ട് ട്രെയിന്‍ ഓടിക്കുന്ന രീതിയിലേക്ക് (എടിഒ) കൊച്ചി മെട്രോ ഭാവിയില്‍ മാറിയേക്കും.