വിവാദങ്ങൾക്ക്‌ നടുവിലേക്കാണ്  ഏലിയാസ് ജോർജ് കൊച്ചി മെട്രോറെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) മാനേജിങ് ഡയറക്ടറായി എത്തുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ഐ.എ.എസ്. ഉദ്യോഗസ്ഥനെ ജന്മനാട്ടിൽ കാത്തിരുന്നത് വെല്ലുവിളികളാണ്. ഔദ്യോഗിക ജീവിതത്തിലെത്തന്നെ ഏറ്റവും പ്രയാസകരമായ നാളുകൾ. ‘ഒരു ചടങ്ങിനിടെ ഒരു രാഷ്ട്രീയനേതാവ് നേരിട്ട് ചോദിച്ചിട്ടുണ്ട്, ഈ കെ.എം.ആർ.എൽ. എന്താണ് ചെയ്യുന്നതെന്ന്. ഇപ്പോൾ അഞ്ചുവർഷങ്ങൾക്കിപ്പുറം മെട്രോ കുതിപ്പിനൊരുങ്ങുമ്പോൾ അവർക്ക് മനസ്സിലായിട്ടുണ്ടാകും ഞങ്ങൾ എന്താണ് ചെയ്തതെന്ന്’. 

സംശയദൃഷ്ടി, കുറ്റപ്പെടുത്തലുകൾ

കൊച്ചി മെട്രോയുടെ ചുമതലയേറ്റെടുക്കുമ്പോൾ മുന്നിൽ വെല്ലുവിളികൾമാത്രമായിരുന്നു. ഏറെ ബുദ്ധിമുട്ടും വിഷമങ്ങളും നേരിട്ടു. പ്രശ്നങ്ങൾ, ശരിക്കുപറഞ്ഞാൽ വിവാദങ്ങൾ കത്തിനിന്ന സമയത്താണ് ഞാൻ ചുമതലയേൽക്കുന്നത്. കലുഷിതമായിരുന്നു അന്തരീക്ഷം. അവഗണനകൾ ഏറെ നേരിട്ടു. സംശയദൃഷ്ടിയോടെയാണ് എല്ലാവരും നോക്കിയത്. ഓരോ പ്രവൃത്തിയും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഷ്ടപ്പെട്ടു. അതിനുകാരണം കെ.എം.ആർ.എല്ലിന്റെ തുടക്കത്തിലുണ്ടായ ചില സംഭവങ്ങൾ തന്നെയാണ്. ആ വിഷയങ്ങളിലേക്കൊന്നും കടക്കുന്നില്ല. ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല.

Elias

കെ.എം.ആർ.എൽ. എന്താണ് ചെയ്യുന്നതെന്ന ചോദ്യമൊക്കെ കേട്ടപ്പോൾ ഏറെ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോൾ എല്ലാവരും അറിഞ്ഞല്ലോ കെ.എം.ആർ.എല്ലിനെക്കുറിച്ച്. ഡോ. ഇ.ശ്രീധരൻ ഉൾപ്പെടെയുള്ളവർ കെ.എം.ആർ.എല്ലിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്.

മെട്രോ പൂർത്തിയാക്കിയതിനൊപ്പം സന്തോഷമുള്ള ഒന്നാണ് കൊച്ചി മെട്രോറെയിൽ ലിമിറ്റഡിനെ ഇന്നുകാണുന്ന രൂപത്തിലാക്കിയെടുക്കാനായത്. കേരളത്തിലെ ഏറ്റവും മികച്ച പൊതുമേഖലാസ്ഥാപനമായി കെ.എം.ആർ.എൽ. മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇവിടെ ജോലിചെയ്യുന്നു. കേരളത്തിൽ എവിടെയും ഏത് നിർമാണപ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താൻ ഞങ്ങളിപ്പോൾ പ്രാപ്തരാണ്. 452 ജീവനക്കാരാണ് കെ.എം.ആർ.എല്ലിന് ഇന്നുള്ളത്.

കേരളത്തിൽ അത്ര എളുപ്പമല്ല

ഒരു വികസനപദ്ധതി കേരളത്തിൽ നടപ്പാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ ഉദ്ദേശ്യശുദ്ധി ജനങ്ങൾക്ക് ബോധ്യമായാലേ അവർ നമുക്കൊപ്പം നിൽക്കൂ. അമേരിക്കയിലാക്കെ ദേശീയതാത്‌പര്യമുള്ള ഒരു വിഷയത്തിനായി രാഷ്ട്രീയക്കാരെല്ലാം ഒന്നിച്ചുനിൽക്കുന്നത് കാണാം. ഇതേമാതൃക സാധ്യമായതാണ് കൊച്ചി മെട്രോയുടെ വിജയത്തിന് കാരണം. എല്ലാവരും കക്ഷിരാഷ്ട്രീയഭേദമെന്യേ കൊച്ചി മെട്രോയ്ക്കൊപ്പം അണിനിരന്നു. ഇത് പദ്ധതിയിൽ നിർണായകമായി. 

കൊച്ചിക്ക്‌ ഈ പദ്ധതി ആവശ്യമാണെന്നുള്ള ധാരണയുണ്ടായിരുന്നു. ജനങ്ങളിൽനിന്നും മാധ്യമങ്ങളിൽനിന്നും പദ്ധതിക്കായി സമ്മർദവുമുണ്ടായിരുന്നു. ജനങ്ങൾക്കിടയിലും രാഷ്ട്രീയപ്പാർട്ടികൾക്കിടയിലുമുണ്ടായ സമവായമാണ് മെട്രോയ്ക്ക് തുണയായ ഘടകങ്ങളിലൊന്ന്. 

വെല്ലുവിളികൾ പദ്ധതിയുടെ തുടക്കത്തിൽ ജപ്പാൻ സാമ്പത്തികസഹായം കൊച്ചി മെട്രോയ്ക്കായി പ്രതീക്ഷിച്ചിരുന്നു. പെട്ടെന്ന് ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക) അവരുടെ നയത്തിൽ മാറ്റംവരുത്തി. ജപ്പാനിൽനിന്ന് യന്ത്രസാമഗ്രികൾ വാങ്ങിയാലേ സാമ്പത്തികസഹായം നൽകൂവെന്നായിരുന്നു പുതിയ നയം. പദ്ധതിക്ക്‌ വായ്പകണ്ടെത്തുക വെല്ലുവിളിയായിരുന്നു. ഫ്രഞ്ച് വികസന ഏജൻസിയുമായി പലവട്ടം ചർച്ചകളിലൂടെ കൊച്ചിയിലെ പദ്ധതിയുടെ മികവ് അവരെ ബോധ്യപ്പെടുത്തി സാമ്പത്തികസഹായം നേടിയെടുത്തു. 

ഡൽഹി മെട്രോറെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) കൊച്ചിയിലുണ്ടാകുമോയെന്നതും ആശങ്കയിലായിരുന്നു. ഭാഗ്യം തുണച്ചെന്ന് പറയാം. ഡി.എം.ആർ.സി.യും ഇ.ശ്രീധരനും കൊച്ചിയിലെ പദ്ധതിയിലേക്കെത്തി. പദ്ധതികൾ മികച്ചനിലയിൽ നടപ്പാക്കുന്നതിൽ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസവും കൊച്ചി മെട്രോയ്ക്ക് ഗുണമായി. കൊങ്കണും ഡി.എം.ആർ.സി.യുംപോലെ കൊച്ചി മെട്രോയും യാഥാർഥ്യമാകുമെന്ന് ജനങ്ങൾ ഉറച്ചുവിശ്വസിച്ചു. തണൽവൃക്ഷംപോലെയായിരുന്നു ശ്രീധരൻ.

ഉപദ്രവകാരികളെയെല്ലാം ഒഴിവാക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം തുണച്ചു. തുടക്കത്തിലുണ്ടായിരുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കാനായി. മെട്രോപോലൊരു പദ്ധതിക്ക്‌  സാങ്കേതികമായി മികവുള്ള ഉദ്യോഗസ്ഥരെ കേരളത്തിൽ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഡി.എം.ആർ.സി.യുടെ സാന്നിധ്യം ആ കുറവും പരിഹരിച്ചു. കരാറുകാരുടെ ചുമതലയും നിർമാണവുമെല്ലാം ഡി.എം.ആർ.സി.യുടെ കീഴിലായതിനാൽ കെ.എം.ആർ.എല്ലിന് ഏകോപനത്തിന് നന്നായി സമയം ലഭിച്ചു. 

eliyas george
Photo Courtesy - facebook.com/EliasGeorgeIAS

ഈഗോയെല്ലാം മാറ്റിവച്ചു

അഹംബോധമെല്ലാം മാറ്റിവച്ച് പ്രവർത്തിക്കുകയെന്നതായിരുന്നു എന്റെ നയം. കേന്ദ്ര നഗരവികസന മന്ത്രാലയത്തിലൊക്കെ സെക്രട്ടറി മുതൽ ഏറ്റവും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽവരെ പദ്ധതിയുടെ അനുമതികൾക്കായി കയറിയിറങ്ങേണ്ടിവന്നു. ഞാൻ സീനിയറായ ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നതരത്തിൽ അവിടെയൊന്നും ചെന്നിട്ട് കാര്യമില്ല. കൊച്ചിമെട്രോ എന്നതല്ലാതെ എനിക്ക് മറ്റൊരു അജൻഡയില്ലായിരുന്നു. ജനങ്ങളും ഭരണാധികാരികളും അത് മനസ്സിലാക്കി ഞങ്ങൾക്കൊപ്പം നിന്നു.

ശ്രീധരൻ വേണം, ഇനിയും

രണ്ടാംഘട്ടമായി കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീളുമ്പോൾ ഉപദേഷ്ടാവായി ശ്രീധരൻ വേണമെന്നാണ് താത്‌പര്യം. ഈ ആവശ്യം അദ്ദേഹത്തിനുമുന്നിൽ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ മാർഗനിർദേശം പദ്ധതിക്ക്‌ ഗുണകരമാകും. 

കൊച്ചി അടിമുടി മാറും

മെട്രോയും അനുബന്ധമായി ആസൂത്രണംചെയ്യുന്ന ഗതാഗതസംവിധാനങ്ങളുമെല്ലാം കൊച്ചിയെ അടിമുടി മാറ്റും. നഗരത്തെയും സമീപപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ജലമെട്രോ വരുന്നതോടെ കൊച്ചിയിൽ യാത്ര കൂടുതൽ എളുപ്പമാകും. ജലഗതാഗതം കേരളം ഇതുവരെ വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ല. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു നീക്കം.  

cycle

മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ പാർക്കിങ് സൗകര്യം, ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ച് ഫീഡർ സർവീസ് എന്നിവയെല്ലാം കുറ്റമറ്റരീതിയിൽ ഒരുക്കണം. ഉംട്ട (ഏകീകൃത മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി)യാണ് പ്രതീക്ഷയുള്ള മറ്റൊരു പദ്ധതി. നഗരത്തിലെ ഗതാഗതസംവിധാനങ്ങളെല്ലാം ഇതിനുകീഴിൽ ഏകോപിപ്പിക്കാനാകും. ഉംട്ടയുടെ കരടുബിൽ ചെറിയ മാറ്റങ്ങൾക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ഏൽപ്പിച്ചിട്ടുണ്ട്. താമസിയാതെ ഇത് നടപ്പാകും

ലിംഗസമത്വം

കുടുംബശ്രീ, ട്രാൻസ്‌ജെൻഡേഴ്‌സ് എന്നിവരെയെല്ലാം പദ്ധതിയുടെ ഭാഗമാക്കാനായി. അത് മെട്രോയുടെ സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായിരുന്നു. സ്ത്രീകൾക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കും മെട്രോയിൽ വലിയതോതിൽ പ്രാതിനിധ്യം നൽകാനുള്ള നീക്കവും രാജ്യത്തുതന്നെ ആദ്യമാണ്. അന്താരാഷ്ട്രമാധ്യമങ്ങൾവരെ ഈ ശ്രമത്തെ അഭിനന്ദിച്ചു. മെട്രോയുടെ സ്റ്റേഷനുകളെല്ലാം ഭാവിയിൽ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറും. വ്യത്യസ്തമായ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള സൗന്ദര്യവത്കരണം ഈ ലക്ഷ്യത്തോടെയാണ്. 

ഇനി രണ്ടാംഘട്ടം

രണ്ടാംഘട്ടമായാണ് മെട്രോ കാക്കനാട്ടേക്ക് സർവീസ് നീട്ടുക. സ്ഥലമേറ്റെടുക്കൽ കഴിവതും കുറച്ചാണ് നിർമാണം ആസൂത്രണം ചെയ്യുന്നത്. പദ്ധതിക്ക്‌ കേന്ദ്രാനുമതി കിട്ടാൻ കുറച്ച്‌ താമസംവന്നേക്കാം. അനുമതി ലഭിച്ചാലുടൻ നിർമാണപ്രവർത്തനം തുടങ്ങാനാകും. വായ്പയുൾപ്പെടെ എല്ലാം തയ്യാറാണ്. കരാറുകളും മറ്റും നിലവിലെ പദ്ധതിയുടെ തുടർച്ചയായി സാധ്യമാക്കാൻ ശ്രമിക്കും. മുന്നൊരുക്കം ഈ വർഷം തുടങ്ങും. നിർമാണം തുടങ്ങിയാൽ രണ്ടരവർഷത്തിനകം പൂർത്തിയാക്കും.

ഇനിയുമുണ്ട് ചെയ്യാൻ

ഔദ്യോഗികജീവിതം തുടങ്ങിയത് കൊച്ചിയിലാണ്. കൊച്ചിൻ കോർപ്പറേഷൻ കമ്മിഷണർ ചുമതലയിൽ നഗരത്തിനായി ഏറെ കാര്യങ്ങൾ ചെയ്യാനായി. അതിന്റെ തുടർച്ചയായാണ് പുതിയ ദൗത്യത്തെ കണ്ടത്. ലോകത്തെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണ് കൊച്ചി. എവിടെപ്പോയാലും ഇവിടേക്ക് മടങ്ങിയെത്താൻ മനസ്സ് കൊതിക്കും.

ഔദ്യോഗികമായി ഞാൻ സർവീസിൽനിന്ന്‌ വിരമിച്ചുകഴിഞ്ഞു. ഔദ്യോഗികജീവിതത്തിലെ അവസാനദൗത്യവും കൊച്ചിയിലായതിൽ സന്തോഷം. ഇനിയും കുറച്ചുകാര്യങ്ങൾകൂടി ചെയ്തുതീർക്കാനുണ്ട്. മെട്രോയുടെ കാക്കനാട് റൂട്ടും ജലമെട്രോയും ഒരു പ്രാഥമികരൂപമെങ്കിലുമാക്കണം. ഓണത്തിനുമുമ്പ്‌ മെട്രോ പാലാരിവട്ടത്തുനിന്ന്‌ മഹാരാജാസ് വരെയെത്തിക്കണം. മഹാരാജാസിനുശേഷമുള്ള നിർമാണവും പെട്ടെന്ന് പൂർത്തിയാക്കും. മെട്രോ തൃപ്പൂണിത്തുറ എസ്.എൻ.ജങ്‌ഷൻവരെയെത്താൻ രണ്ടുവർഷമെടുക്കും. ഡി.എം.ആർ.സി.തന്നെയാണ് തൃപ്പൂണിത്തുറവരെ നിർമിക്കുക.