ജൂൺ 12-രാജ്യം സ്നേഹത്തോടെ മെട്രോമാനെന്ന് വിളിക്കുന്ന ഡോ. ഇ.ശ്രീധരന് പിറന്നാൾ. എൺപത്തഞ്ച് തികഞ്ഞെങ്കിലും പതിവിനൊന്നും മാറ്റമില്ല. ആഘോഷങ്ങളൊന്നുമുണ്ടായില്ല. സ്നേഹം ചേർത്തുെവച്ച് പലരും വിളിച്ചു, ആശംസകളറിയിച്ചു. മുഖംനിറയുന്ന ചിരിയിൽ, ചെറുവാക്കുകളിൽ പിറന്നാളുകാരന്റെ സന്തോഷം. മിഥുനമാസത്തിലെ അവിട്ടമാണ് നക്ഷത്രം. ജന്മനാളെത്താൻ ഇനിയും ദിവസങ്ങളുണ്ട്. അതിനുള്ള കാത്തിരിപ്പിൽ ഒരു വലിയ മധുരം അദ്ദേഹം നാടിനായി കരുതിെവച്ചിട്ടുണ്ട്-കൊച്ചി മെട്രോ.  Kochi Metro കുറേ സന്തോഷം, കുറച്ച് സങ്കടം  കൊച്ചി മെട്രോയുടെ ആദ്യഘട്ടം യാഥാർഥ്യമാകുമ്പോൾ കുറേ കാര്യങ്ങളിൽ സന്തോഷമുണ്ട്. അതിനൊപ്പം ഒരു സങ്കടവും. മെട്രോയെക്കുറിച്ച് ഞാൻ ജനങ്ങൾക്ക് ചില പ്രതീക്ഷകൾ നൽകിയിരുന്നു. ആദ്യഘട്ടം മൂന്നുവർഷത്തിനകം പൂർത്തിയാക്കുമെന്നാണ് ഞാൻ ജനങ്ങളോട് പറഞ്ഞത്. നാലുവർഷമെടുത്തു മെട്രോ പൂർത്തിയാകാൻ. അതിൽ നിരാശയുണ്ട്. 

വൈകാൻ കാരണം സിവിൽ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പദ്ധതി വൈകാൻ കാരണം. കരാറുകാർ രണ്ടുവർഷത്തിനകം എല്ലാ ജോലിയും പൂർത്തിയാക്കേണ്ടതായിരുന്നു. അതനുസരിച്ച് മൂന്നുവർഷത്തിനകം ഉദ്ഘാടനംചെയ്യാനാണ് ഞങ്ങൾ ഉദ്ദേശിച്ചത്. രണ്ടുവർഷത്തിനുപകരം അവർ ഏകദേശം മൂന്നരവർഷമെടുത്തു. എൽ ആൻഡ് ടി രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ്. അത് പരിഗണിച്ചാണ് അവർക്ക് കരാർനൽകിയത്. അവർ കേരളത്തിൽ പരാജയപ്പെടാൻ കാരണം ഇവിടത്തെ സവിശേഷമായ ചില സാഹചര്യങ്ങളാണ്. 

കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന്‌
കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന്‌

കേരളത്തിലെ തൊഴിൽ സാഹചര്യങ്ങൾ ഏറെ വ്യത്യസ്തമാണ്. ഇവിടെ വർഷത്തിൽ ആറുമാസം മഴയാണ്. കേരളത്തിലുള്ളവർ ഇതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. മെട്രോ നിർമാണത്തിൽ കേരളത്തിന് പുറത്തുനിന്നുള്ളവരാണ് ഏറെയും. കേരളത്തിലെ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ അവർ കഷ്ടപ്പെട്ടു. നിർമാണക്ഷമതയിലും കുറവുവന്നു. നാട്ടിൽനിന്നുള്ളവരെ കൂടുതലായി ജോലിക്കെടുക്കുക പ്രായോഗികമായിരുന്നില്ല. കൂലി വളരെ കൂടുതലാണ്. 700-800 രൂപ കൊടുത്ത് ഇവിടെനിന്നുള്ളവരെ എങ്ങനെ ജോലിക്ക്‌  നിയമിക്കും. ഒഡിഷ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽനിന്നാണ് ജോലിക്കാരെ കൊണ്ടുവന്നത്. മിനിമം വേതനമായ 350 രൂപ നൽകി അവരെ ജോലിക്ക്‌ നിയമിച്ചു.

karmayogiനിർമാണത്തെ വലച്ച മറ്റൊന്ന് സമരങ്ങളാണ്. 120 തൊഴിൽദിനങ്ങൾ സമരംമൂലം നഷ്ടമായി. സമരത്തിനും ബന്ദിനുമൊപ്പം ക്വാറിസമരവും മെട്രോയെ ബാധിച്ചു. ഭൂമിയേറ്റെടുക്കലിലും കുറച്ചുതാമസം വന്നു. എന്നാൽ, അത് പദ്ധതിയെ അത്രയധികം ബാധിച്ചിട്ടില്ല. കൊച്ചി മെട്രോറെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മികച്ച രീതിയിൽത്തന്നെ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കി. നിർമാണസാമഗ്രികളുടെ വൻ വിലയാണ് കരാറുകാരെ വലച്ച മറ്റൊരു പ്രശ്നം. ഡൽഹി, നാഗ്പുർ എന്നിവിടങ്ങളെ അപേക്ഷിച്ച് ഇവിടെ എല്ലാ നിർമാണസാമഗ്രികൾക്കും മൂന്നിരട്ടിവരെ വിലയുണ്ട്.

മണലിനുതന്നെ എന്തുവിലയാണിവിടെ. മണൽ കിട്ടാനുമില്ല. കൊച്ചി മെട്രോയിൽ മുഴുവൻ എം.സാൻഡാണ് ഉപയോഗിച്ചത്. അതിനും വില വളരെ കൂടുതലായിരുന്നു. പ്രശ്നപരിഹാരത്തിനായി ഡി.എം.ആർ.സി.ക്ക്‌ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. കൂടുതൽ തുകയെല്ലാം നൽകി അവരെ സഹായിക്കാൻ പലതവണ ശ്രമിച്ചു. എന്നാൽ ഒന്നും വിജയിച്ചില്ല. അവർക്ക് വളരെയധികം നഷ്ടമുണ്ടായി. നഷ്ടമുണ്ടാകുമ്പോൾ അവർക്ക് നിർമാണത്തിൽ താത്‌പര്യവും നഷ്ടമാകും.  കൊച്ചിയിലെ നിർമാണത്തിൽ മാത്രമാണ് എൽ ആൻഡ് ടിക്ക്‌ വീഴ്ച പറ്റിയത്.കരാറുകാർക്ക് നഷ്ടമുണ്ടായെങ്കിലും പദ്ധതിയിൽ നമുക്ക് ഏറെ ലാഭമുണ്ടായി. നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് കൊച്ചി മെട്രോയുടെ നിർമാണം പൂർത്തിയാക്കാനായി. തുക ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അത് പ്രധാനമന്ത്രിക്കുമുന്നിൽ വെളിപ്പെടുത്തും.

 2004-ൽ തുടങ്ങി, 13 വർഷം... പദ്ധതി നീണ്ടുപോയതിൽ വിഷമമുണ്ട്.  കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടാൻ അഞ്ചുവർഷം നഷ്ടപ്പെടുത്തി. കേന്ദ്രാനുമതി നേടിയെടുക്കാൻ സംസ്ഥാന സർക്കാർ ഏറെ ശ്രമിച്ചു. പക്ഷേ, അനുമതി ലഭിക്കാൻ വൈകി. കേരളത്തിന് ഒരു മെട്രോ സമ്മാനിക്കാൻ ഡി.എം.ആർ.സി.ക്ക്‌ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഞങ്ങളാണ് ഓരോ ഘട്ടവും മുൻകൈയെടുത്ത് ചെയ്തത്.

പദ്ധതിക്ക്‌ അനുമതി വൈകുമെന്ന് കണ്ടപ്പോഴാണ് മുന്നൊരുക്കപ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്. അന്നത്തെ സർക്കാരിന്റെ അനുമതിയോടെ നിർമാണം തുടങ്ങി. നോർത്ത് പാലം പുതുക്കിപ്പണിയൽ, സലിം രാജൻ മേല്പാലനിർമാണം, ബാനർജി റോഡ് വീതികൂട്ടൽ, എം.ജി.റോഡിൽ കാനയും മറ്റും വൃത്തിയാക്കൽ എന്നിവയെല്ലാമായിരുന്നു ചെയ്തത്. അന്ന് ഈ ജോലികൾ ചെയ്തില്ലായിരുന്നെങ്കിൽ പദ്ധതി ഈ സമയത്ത് പൂർത്തിയാകില്ലായിരുന്നു. അതുമൂലം രണ്ടുവർഷമെങ്കിലും ലാഭിക്കാനായി.

വിവാദങ്ങൾ മനസ്സുമടുപ്പിച്ചു ഇടക്കാലത്ത് പദ്ധതിയിൽനിന്ന്‌ ഡി.എം.ആർ.സി.യെ ഒഴിവാക്കാൻ ചില ശ്രമങ്ങൾ നടന്നു. അനാവശ്യമായിരുന്നു പല വിവാദങ്ങളും. അതെല്ലാം വിഷമമുണ്ടാക്കി. ചില മാധ്യമങ്ങളിൽനിന്നും ജനങ്ങളിൽനിന്നുമെല്ലാം ആ സമയത്ത് വലിയ പിന്തുണയാണ് ലഭിച്ചത്. പാർട്ടിഭേദമെന്യേ എല്ലാ രാഷ്ട്രീയക്കാരും ഡി.എം.ആർ.സി.യെ പിന്തുണച്ചു. അതെല്ലാം പദ്ധതിയിൽ ഡി.എം.ആർ.സി.ക്ക്‌ സഹായകമായി. മറ്റൊരാൾക്കും ഇത്തരത്തിലൊരു പിന്തുണ കിട്ടിയിട്ടുണ്ടാകില്ല. ഡി.എം.ആർ.സി. ഇല്ലായിരുന്നെങ്കിൽ കൊച്ചി മെട്രോ ഇത്ര പെട്ടെന്ന് പൂർത്തിയാകില്ലായിരുന്നു. ചെന്നൈ, ബെംഗളൂരു എല്ലാം ആറുവർഷമെടുത്തു ആദ്യഘട്ടം പൂർത്തിയാക്കാൻ. ആ സമയം എടുത്തില്ലല്ലോ ഇവിടെ. 

കടപ്പാട് ജനങ്ങളോടും  ഇടുങ്ങിയ റോഡുകളാണ് കൊച്ചിയിൽ. നിർമാണത്തിനായി റോഡ് ബ്ലോക്ക് ചെയ്താൽ ഓരോ വശത്തും ഒരു വരിയിലൂടെമാത്രമേ ഗതാഗതം സാധിക്കൂ. രൂക്ഷമായ ഗതാഗതക്കുരുക്കും. ജനങ്ങൾ ഈ ബുദ്ധിമുട്ടുകളെല്ലാം സഹിച്ചു. മഴക്കാലത്ത് വെള്ളക്കെട്ട്, അല്ലാത്തപ്പോൾ പൊടി... ഇങ്ങനെ പ്രശ്നങ്ങളേറെയുണ്ടായിരുന്നു. ആരും പരാതിപ്പെട്ടില്ല. അതിനുകാരണം അവർക്ക് എന്നിലുള്ള വിശ്വാസമായിരുന്നു. 

 നേട്ടങ്ങൾ മൂന്ന് രാജ്യത്തെ മറ്റ്‌ മെട്രോകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൊച്ചിയാണ് ഏറ്റവും വേഗത്തിൽ നിർമാണം പൂർത്തിയാകുന്ന ആദ്യമെട്രോ. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാകുന്ന ഏറ്റവും വലിയ മെട്രോകൂടിയാണിത്. ആലുവമുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ 45 മാസംകൊണ്ടാണ് പൂർത്തിയാക്കിയത്. ഇതൊരു റെക്കോഡാണ്.   കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ സംവിധാനം (സി.ബി.ടി.സി.) ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ മെട്രോയാണിത്.  തേഡ്‌ റെയിൽ സംവിധാനത്തിൽ (പാളത്തിന് സമാന്തരമായി മറ്റൊരു പാളത്തിലൂടെ ട്രെയിനിനാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനം) ഡി.എം.ആർ.സി. ചെയ്യുന്ന ആദ്യ മെട്രോയും കൊച്ചിയിലേതാണ്.

 ഞങ്ങൾതമ്മിൽ പ്രശ്നങ്ങളില്ല കൊച്ചി മെട്രോറെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) തുടക്കത്തിൽമാത്രമാണ് ചില പ്രശ്നങ്ങളുണ്ടായിരുന്നത്. ജനുവരി 2013-ൽ ലേ മെറിഡിയനിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത യോഗമുണ്ടായിരുന്നു. അതിലാണ് നിർമാണം ഡി.എം.ആർ.സി.യെ ഏൽപ്പിക്കാൻ തീരുമാനമെടുത്തത്. പിന്നീട് കെ.എം.ആർ.എല്ലിന്റെ ചുമതല ഏലിയാസ് ജോർജിനെ ഏൽപ്പിച്ചു. അതിനുശേഷം ഒരു പ്രശ്നവുമുണ്ടായിട്ടില്ല. എല്ലാം സുഗമമായി നടന്നു. താഴേത്തട്ടിൽ ചില പ്രശ്നങ്ങളൊക്കെ ഇടയ്ക്കുണ്ടാകുമെങ്കിലും മേൽത്തട്ടിലേക്ക് വരുമ്പോൾ ഞങ്ങളതെല്ലാം പെട്ടെന്നുതന്നെ പരിഹരിക്കും.  പൊതുജനങ്ങൾക്ക് രണ്ട് ഏജൻസികളും ഒന്നുതന്നെയാണ്.  ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായാണ് ഞാൻ ഈ രണ്ട് സ്ഥാപനങ്ങളെയും കാണുന്നത്. 

 പാലാരിവട്ടത്തിനുശേഷം പാലാരിവട്ടംമുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള ഭാഗത്തെ മെട്രോ നിർമാണം ആഗസ്ത് അവസാനത്തോടെ പൂർത്തിയാക്കും.  അതിനുശേഷം മെട്രോറെയിൽ സേഫ്റ്റി കമ്മിഷണറെ സുരക്ഷാപരിശോധനയ്ക്ക് വിളിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കെ.എം.ആർ.എൽ. പൂർത്തിയാക്കണം. സർവീസ് തുടങ്ങുന്നതിന്റെ തീയതിയും തീരുമാനിക്കണം. മഹാരാജാസ്‌മുതൽ പേട്ടവരെയുള്ള റൂട്ടിൽ നിർമാണത്തിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. പല സ്ഥലത്തും ഭൂമി ഇനിയും കിട്ടിയിട്ടില്ല. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ പേട്ടവരെ രണ്ടരവർഷത്തിനുള്ളിൽ പൂർത്തിയാക്കും.

തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ റൂട്ടിന്റെ നിർമാണച്ചുമതല ഏൽപ്പിച്ചാൽ  ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനാകും. പക്ഷേ, ചുമതലകൈമാറ്റം ഇനിയും വൈകരുത്. തൃപ്പൂണിത്തുറ എസ്.എൻ. ജങ്‌ഷനിലേക്ക് ആറുമാസംകൊണ്ട് മെട്രോ എത്തിക്കാനാകും. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ ശേഷിക്കുന്നുണ്ട്. അതിനാൽ തീരുമാനം വേഗത്തിലുണ്ടാകണം. എസ്.എൻ. ജങ്‌ഷൻ വരെയെത്തിയാലേ മെട്രോകൊണ്ട് തൃപ്പൂണിത്തുറയ്ക്ക് പ്രയോജനമുള്ളൂ. കൂടുതൽ യാത്രക്കാരെ കിട്ടാനും ഇത് സഹായിക്കും. 

 ആദ്യഘട്ടം പ്രതീക്ഷവേണ്ട ആദ്യഘട്ടത്തിൽ യാത്രക്കാരെ അധികം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ആലുവമുതൽ പാലാരിവട്ടംവരെ 13 കിലോമീറ്റർ മാത്രമാണുള്ളത്. ആലുവയിൽനിന്നുതുടങ്ങുന്ന മെട്രോ നഗരമധ്യത്തിലേക്ക് എത്തുന്നില്ല. അതിനാൽ യാത്രക്കാർ കുറവായിരിക്കും.  എല്ലാ മെട്രോയിലും ആദ്യത്തെ ഘട്ടത്തിൽ യാത്രക്കാർ കുറവായിരിക്കും. അതിൽ പേടിക്കേണ്ട. നിരാശയുടെയും ആവശ്യമില്ല.  ഓരോ ഘട്ടമായി മെട്രോയുടെ നീളം കൂടുമ്പോൾ യാത്രക്കാരുടെ എണ്ണവും കൂടും. ആദ്യത്തെ ഒരാഴ്ച അല്ലെങ്കിൽ പത്തുദിവസം നല്ല തിരക്കായിരിക്കും മെട്രോയിൽ. കേരളത്തിലെ എല്ലാവരും മെട്രോ കാണാനെത്തും. അതിനുശേഷം കുറയും. തൃപ്പൂണിത്തുറയും കാക്കനാടുമെല്ലാം ഉടൻ യാഥാർഥ്യമാക്കണം. ഇവയെല്ലാം യാഥാർഥ്യമായാലേ യാത്രക്കാരുടെ എണ്ണം വർധിക്കൂ.

 ലൈറ്റ് മെട്രോ കേന്ദ്രസർക്കാരിന്റെ അനുമതി ഇനിയും കിട്ടിയിട്ടില്ല. കൊച്ചി മെട്രോയുടെ  ഉദ്ഘാടനസമയത്ത് പ്രധാനമന്ത്രി ചിലപ്പോൾ പ്രഖ്യാപിച്ചേക്കാം. പ്രധാനമന്ത്രിയെക്കൊണ്ട് അത് പറയിപ്പിക്കാൻ നമുക്ക് സാമർഥ്യം വേണം  അനുമതി വൈകുന്നതിനാലാണ് ഡി.എം.ആർ.സി. കോഴിക്കോട് ഓഫീസ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ഓഫീസിനും സ്റ്റാഫിനുമെല്ലാമായി ഞങ്ങൾ വെറുതേ പണം ചെലവാക്കുകയാണ്. അഞ്ചുവർഷമായി അവിടെ ഓഫീസ് തുടങ്ങിയിട്ട്. അനുമതി കിട്ടാൻ ഇനിയും വൈകുമെന്നാണ് തോന്നുന്നത്. കൊച്ചി മെട്രോയ്ക്ക് അനുമതി കിട്ടാൻ അഞ്ചുവർഷമെടുത്തില്ലേ...

 ഹൈസ്പീഡ് റെയിൽ കോറിഡോർ  അതിവേഗ റെയിൽ ഇല്ലാതെ കേരളത്തിന് മുന്നോട്ടുപോകാനാകില്ല. പദ്ധതിക്ക്‌ േവണ്ടത്ര പിന്തുണകിട്ടുന്നില്ല. ചില പ്രശ്നങ്ങളുണ്ട്. വലിയ ചെലവുള്ള പദ്ധതിയാണ്. കേന്ദ്രസർക്കാരിന്റെ അനുമതി വേണം. ഭൂമിയേറ്റെടുക്കണം. പക്ഷേ, മറ്റേതൊരു പദ്ധതിയേക്കാളും ഏറ്റവും കുറവ് ഭൂമിവേണ്ടിവരിക അതിവേഗ റെയിൽ കോറിഡോറിനാണ്. പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണം. അല്ലെങ്കിൽ പിന്നീട് കേരളം കനത്ത വിലനൽകേണ്ടിവരും.

 സബർബൻ ട്രെയിൻ കേരളത്തിൽ കാര്യമായി വേണ്ട ഒന്നാണ് സബർബർ ട്രെയിൻ. ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു, 2008-ൽ. പല സ്ഥലത്തേക്കും സബർബൻ വണ്ടികൾ അതിൽ നിർദേശിച്ചിരുന്നു. തലശ്ശേരിയിൽനിന്ന്‌ കോഴിക്കോടുവഴി തിരൂരിലേക്ക് , തൃശ്ശൂരിൽനിന്ന്‌ എറണാകുളംവഴി ആലപ്പുഴയിലേക്കും കോട്ടയത്തേക്കും, കൊല്ലത്തുനിന്ന് നെയ്യാറ്റിൻകരയിലേക്ക് എന്നിവയെല്ലാം നിർദേശിച്ചിരുന്നു. ആ പദ്ധതി നടപ്പായില്ല. സബർബൻ ട്രെയിൻ ഇല്ലാതെ കേരളത്തിന് പറ്റില്ല.   വേണ്ടവിധത്തിൽ ഈ പദ്ധതി പരിഗണിക്കുന്നില്ല. ശരിക്ക് വിഷയത്തെ സമീപിക്കാത്തതിനാൽ  റെയിൽവേയുടെ സഹകരണവും ലഭിക്കുന്നില്ല.

e sreedharan

പതിയെ പിൻമാറുന്നു എല്ലാത്തിൽനിന്നും പതിയെ പിൻമാറുകയാണ്. ഇനി അതുമതിയാകുമെന്നാണ് ആലോചന. മെട്രോയുടെ അവലോകനത്തിനായി കൊച്ചിയിൽ നേരത്തേ എല്ലാ ആഴ്ചയിലും വരും. രണ്ടുദിവസം ഇവിടെ താമസിക്കും. ഇനി അതിന്റെ ആവശ്യമില്ല. ഇടയ്ക്ക് വന്നൊന്ന് നോക്കിയാൽമതിയാകും. സന്ദർശനം ആഴ്ചയിലൊന്നാക്കി. പിന്നെ പത്തുദിവസത്തിലൊരിക്കലാക്കി. ഇപ്പോൾ 15 ദിവസത്തിലൊരിക്കലാക്കാനുള്ള ആലോചനയിലാണ്. ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് ദേശീയ പ്രസിഡന്റ് ആണ്. മൂല്യങ്ങളിൽ അടിയുറച്ചുവിശ്വസിക്കുന്ന ഒരു തലമുറ ഇവിടെ വളർന്നുവരണം. അതിനായി ഫൗണ്ടേഷന്റെ കീഴിൽ കുറച്ചേറെ പ്രവർത്തനങ്ങളുണ്ട്. ഡൽഹി, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിൽ ഉടൻ തുടങ്ങും. 

 കൊച്ചിക്ക്‌ പ്രത്യേകതകളേറെ മികച്ച മെട്രോയാണ് കൊച്ചിയിലേത്. നിർമാണത്തിലെ നിലവാരംതന്നെയാണ് ഏറ്റവും പ്രധാനം. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നതിൽ എൽ ആൻഡ് ടി പരാജയപ്പെട്ടെങ്കിലും നിർമാണത്തിൽ അവർ പുലർത്തിയ നിലവാരം വളരെ മികച്ചതാണ്. മറ്റൊന്ന് നിർമാണത്തിനിടെ വലിയ അപകടങ്ങളൊന്നുമുണ്ടായില്ല എന്നതാണ്. ഡി.എം.ആർ.സി. രാജ്യത്ത് മറ്റുപലയിടങ്ങളിലും മെട്രോ നിർമിക്കുന്നുണ്ട്. ഡി.എം.ആർ.സി.യുടെ പ്രവൃത്തിപരിചയം കൊച്ചിക്ക്‌ ഗുണംചെയ്തു. സ്റ്റേഷനുകളുടെ നിർമാണം, അനുബന്ധ സൗകര്യങ്ങൾ ഒരുക്കൽ എന്നിവയെല്ലാം കൃത്യമായി പൂർത്തിയാക്കാനായി. അനുഭവങ്ങളിൽനിന്നുൾക്കൊണ്ട പാഠങ്ങൾ നിർമാണത്തിലെ പല പിഴവുകളും പരിഹരിക്കാനും സഹായിച്ചു.