രണ്ടാം നിലയില്‍ മുറികള്‍ എടുക്കുമ്പോള്‍ പ്രാധാന്യം തെക്കിനിക്കോ, പടിഞ്ഞാറ്റിക്കോ ആയതിനാല്‍ മുറികള്‍ തെക്കുവശത്തോ പടിഞ്ഞാറുവശത്തോ ആയിരിക്കണം. അതായത് തുറസ്സായ സ്ഥലം വടക്കോ കിഴക്കോ ആണ് വേണ്ടത്. താഴത്തെ നിലയില്‍ പൂജാമുറിയുണ്ടെങ്കില്‍ അതിന്റെ മുകളില്‍ കിടപ്പുമുറികളോ സ്‌റ്റോര്‍ മുറിയോ വിശ്രമമുറിയോ വസ്ത്രം സൂക്ഷിക്കുന്ന മുറിയോ വരുന്നത് ശാസ്ത്രപ്രകാരം അനുവദനീയമാണ്. എന്നാല്‍ ശൗചാലയം (ടോയ്‌ലറ്റ്) പൂജാമുറിയുടെ മുകളില്‍ വരാതിരിക്കുന്നതാണ് ഉത്തമം.
രണ്ടാം നില എടുക്കുമ്പോള്‍ തെക്കോ പടിഞ്ഞാറോ ഭാഗം ഉയരണം എന്നും ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും, തെക്കുപടിഞ്ഞാറെ ഭാഗത്തെ മേല്‍പ്പുരയ്ക്ക് ഉയരം കൂട്ടുന്നതിനായി വാട്ടര്‍ ടാങ്കോ, അത്തരത്തിലുള്ള മറ്റ് നിര്‍മ്മിതികളോ പണി ചെയ്യുന്നത് വാസ്തുശാസ്ത്രപ്രകാരം നല്ല നടപടിയല്ല. അതുപോലെ രണ്ടാം നിലയുടെ മേല്‍പ്പുരയ്ക്ക് മുകളില്‍ വാട്ടര്‍ ടാങ്കിന് സ്ഥാനം പ്രത്യേകം കണക്കാക്കേണ്ടതില്ല. രണ്ടാം നിലയായി പണിയുമ്പോള്‍ തെക്കിനിയായാലും പടിഞ്ഞാറ്റിയായാലും അതിന്റെ രണ്ടിന്റെയും ഒരു ഭാഗമാണ് തെക്കുപടിഞ്ഞാറെ ഭാഗം. അതുതന്നെയാണ് തെക്കിനി പ്രാധാന്യമായ ഗൃഹമായാലും പടിഞ്ഞാറ്റി പ്രാധാന്യമായ ഗൃഹമായാലും തെക്കുപടിഞ്ഞാറെ മൂലയിലുള്ള മുറി ഉയര്‍ത്തണം എന്നു പറയുന്നതിന്റെ ശാസ്ത്രതത്ത്വം.
രണ്ടാം നിലയില്‍ മുറികള്‍ എടുക്കുമ്പോള്‍ തെക്കുവശത്തോ പടിഞ്ഞാറുവശത്തോ എടുക്കണം എന്നു നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും താഴത്തെ നില മുഴുവനായി മുകളിലേ ക്ക് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. അതായത് തുറസ്സായ ഭാഗം ഉണ്ടാവണം എന്ന് ശാസ്ത്രപ്രകാരം നിര്‍ബന്ധമില്ല.
അതുപോലെതന്നെ രണ്ടാം നിലയില്‍ മുറികള്‍ എടുക്കുന്നതിന് ഭിത്തി പണിയുമ്പോള്‍ ആ ഭിത്തിഉയരം താഴത്തെ നിലയിലെ ഭിത്തിഉയരത്തേക്കാള്‍ കൂടുന്നത് ശാസ്ത്രപ്രകാരം അനുവദനീയമല്ല. എന്നാല്‍ ചെരിച്ചുവാര്‍ത്ത് മേല്‍പ്പുരയുണ്ടാക്കുമ്പോള്‍ ഭിത്തിഉയരമാണ് അളവില്‍ കൂടാന്‍ പാടില്ലാത്തത്. മോന്തായത്തിലേക്കുള്ള ഉയരമല്ല, മനുഷ്യാലയങ്ങള്‍ക്ക് ഉത്തരകീഴിലേക്കുള്ള ഉയരത്തിനാണ് പ്രാധാന്യം. അതിനാലാണ് ഭിത്തിഉയരം കണക്കാക്കിയാല്‍ മതിയാകും എന്നു പറയുന്നതിന്റെ തത്ത്വം.
താഴത്തെ നിലയില്‍ നിലവിലുള്ള മുറികളുടെ ഉള്‍ക്കണക്കുകളം ഒട്ടാകെ ഗൃഹത്തിന്റെ പുറം ചുറ്റളവുകളും പരിശോധിച്ച് ഉത്തമമല്ലെങ്കില്‍ രണ്ടാംനില എടുക്കു മ്പോള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി കണക്ക് ഉത്തമമാക്കി മാറ്റാന്‍ കഴിയുന്നതാണ്.
Content Highlights: Vastu tips for first floor of a house