ഗൃഹത്തിന്റെ പ്രധാന ദ്വാരത്തിന് (കട്ടിളയ്ക്ക്) രണ്ട് കട്ടിളക്കാലുകളും ഒരു ചേറ്റുപടിയും ഒരു കുറുമ്പടിയും ഒന്നോ, രണ്ടോ വാതിലുകളും ഉണ്ടായിരിക്കണം. കട്ടിളക്കാലിന്റെ ചുവട്ടില്‍ വെക്കുന്ന പടിക്ക് ചേറ്റുപടിയെന്നും കട്ടിളക്കാലിന്റെ മുകളില്‍ വെക്കുന്ന പടിക്ക് കുറുമ്പടി എന്നും പേരു പറയുന്നു.

ചേറ്റുപടിയുടേയും കുറുമ്പടിയുടേയും അകം തമ്മിലുള്ള അകലം ദ്വാരത്തിന്റെ ദീര്‍ഘവും കട്ടിളക്കാലുകളുടെ അകം തമ്മിലുള്ള അകലം ദ്വാരത്തിന്റെ വിസ്താരവുമാകുന്നു. ഈ ദീര്‍ഘവിസ്താരങ്ങളില്‍നിന്നുമുണ്ടാകുന്ന ചുറ്റളവ് അതാത് ദിക്കിന് വിധിച്ചിട്ടുള്ള ശുഭയോനി കണക്കാക്കി നിശ്ചയിക്കേണ്ടതാണ്.

വീടിന് ഭിത്തിഉയരം കൂടുതലുണ്ടെങ്കില്‍ കട്ടിള കഴിഞ്ഞ് മേല്‍പുര വരെയുള്ള ഇടഭിത്തി കെട്ടുന്നില്ലെങ്കില്‍ ഭംഗിക്കുവേണ്ടി ആ ഇടയില്‍ മംഗളപ്പലക അഥവാ കൂരമ്പപ്പലക കൊത്തുപണികളോടുകൂടി ഉണ്ടാക്കാവുന്നതാണ്. ഈ പലകയില്‍ ഗണപതി, ശ്രീകൃഷ്ണന്‍, ലക്ഷ്മീഭഗവതി, പൂര്‍ണകുംഭം തുടങ്ങിയ അലങ്കാരങ്ങള്‍ കൊത്താവുന്നതാണ്. അലങ്കാരത്തിനുവേണ്ടി കൊത്തുപണിചെയ്യുമ്പോള്‍ കൊത്തുന്ന രൂപങ്ങള്‍ സൗമ്യമായതും പ്രസാദം ഉളവാക്കുന്നതുമാകാന്‍ ശ്രദ്ധിക്കണം. രൗദ്രരൂപങ്ങള്‍ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. മുന്‍ പറഞ്ഞ രീതിയിലുള്ള അലങ്കാരങ്ങള്‍ വാതില്‍പ്പലകകളിലും ചെയ്യാവുന്നതാണ്.

ദ്വാരങ്ങള്‍ അഥവാ വാതിലുകള്‍ രണ്ടുപാളികളായി ചെയ്യുമ്പോള്‍ മദ്ധ്യത്തില്‍ സൂത്രപ്പട്ടിക സ്തനങ്ങളോടുകൂടി നിര്‍മ്മിക്കുക പതിവുണ്ട്. രണ്ടു വാതില്‍പ്പലകകള്‍ ഉള്ളിടത്ത് ഇടത്തേവാതില്‍പ്പലക (ഗൃഹത്തിനകത്ത് നിന്ന് പുറത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇടതുവശത്തുള്ളത്) യിലാണ് സൂത്രപ്പട്ടിക തറയേ്ക്കണ്ടത്. ഇടത്തേവാതില്‍പാളി മാതാവായും വലത്തേവാതില്‍പാളി പുത്രിയായുമാണ് ശാസ്ത്രം ഉപദേശിക്കുന്നത്. ഇപ്രകാരം വെക്കുന്ന സൂത്രപ്പട്ടികയില്‍ പിച്ചളക്കെട്ടുകളോടുകൂടി സ്തനങ്ങള്‍ അഥവാ മൊട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ മൂന്ന്, അഞ്ച്, ഏഴ് തുടങ്ങി ഒറ്റസംഖ്യകളായ സ്തനങ്ങളെ നിര്‍മ്മിക്കേണ്ടതാണ്. കട്ടിളയ്ക്ക് ഒരു വാതില്‍ മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ എങ്കില്‍ അത് ഇടത്തേ കട്ടിളക്കാലിന്‍മേല്‍ ഉറപ്പിക്കണം.

പ്രധാന ദ്വാരത്തിന് വഴി, കിണര്‍, തൂണ് മുതലായവയില്‍നിന്നും വേധം സംഭവിക്കുവാന്‍ പാടില്ലാത്തതാണ്. പ്രധാന ദ്വാരത്തിന്റെ അവയവങ്ങളെല്ലാം തന്നെ ഒരേ തരം മരം (തടി) കൊണ്ട് നിര്‍മ്മിക്കാനാണ് ശാസ്ത്രോപദേശം.

ഉദാഹരണത്തിന് കുറുമ്പടിയും ചേറ്റുപടിയും ഒരേ മരത്തിലും കട്ടിളക്കാലുകള്‍ മറ്റൊരു മരത്തിലും പണിയുന്നത് ശുഭകരമല്ല. എന്നാല്‍ കട്ടിളയുടെ അവയവങ്ങളെല്ലാം ഒരേമരത്തിലും വാതില്‍പ്പാളികള്‍ മറ്റൊരു മരത്തിലും പണിയുന്നതു കൊണ്ട് ദോഷമില്ല.

കട്ടിള നിര്‍മ്മിക്കുമ്പോള്‍ ചേറ്റുപടി കരിങ്കല്ലിലും മറ്റുഭാഗങ്ങള്‍ മരത്തിലും നിര്‍മ്മിക്കുന്നത് അനുവദനീയമാണ്. ഇപ്പോള്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന കോണ്‍ക്രീറ്റ് കട്ടിള പ്രധാന ദ്വാരത്തിന് അനുഗുണമല്ല.

Content Highlights: vastu tips vastu news