വീടിന്റെ ചുറ്റളവ് ശാസ്ത്രപ്രകാരം കണക്കാക്കുമ്പോള്‍ പഴയ രീതിയനുസരിച്ച് തന്‍പുര അഥവാ തായ്പുര (പ്രധാനഗൃഹം)യുടെ ചുറ്റളവാണ് കണക്കാക്കുക. ഉത്തരത്തിനാണ് പ്രാധാന്യമെങ്കിലും ഗൃഹത്തിന്റെ ആദ്യാവയവമായ പാദുകത്തിന്റെ കണക്കും കൂടി വേണ്ടവിധത്തില്‍ ആകണം.

പിന്നീട് ഈ പ്രധാനപുരയോട് കൂട്ടിച്ചേര്‍ക്കുന്ന ഭാഗങ്ങള്‍കൂടി വന്നാലും ഉത്തരത്തിന്റെയും പാദുകത്തിന്റെയും ചുറ്റളവുകള്‍ ശരിയായി വരണം. അതായത് മാളികപ്പുരയുടെതന്നെ ചുറ്റ് ശരിയാക്കിയതിനുശേഷം അതിനോട് ചേര്‍ന്നുവരുന്ന പ്രാന്തഭാഗത്തിന്റേതും ഒരേ ഉത്തരദാനത്തിന് വരുന്ന ചുറ്റും ശരിയാവണം. പിന്നെ അടുക്കള ചേര്‍ന്നുവരുന്നതും അവസാനം ഇറയവുംകൂടി ഒട്ടാകെ പുരയായി വരുന്ന ഭാഗത്തിന്റെ ചുറ്റും വേണ്ട കണക്കിലാകണം.

വാര്‍പ്പു കെട്ടിടങ്ങളില്‍ ശാസ്ത്രമനുസരിച്ച് ചുറ്റളവ് കണക്കാക്കുമ്പോള്‍ ഒരേ ഉയരത്തില്‍ (ഉയരം കൂടിയത് തെക്കിനി, പടിഞ്ഞാറ്റി) വാര്‍ക്കുന്ന കെട്ടിടത്തിന്റെ ചുറ്റളവ് ഉത്തമമായും താഴ്ന്നുവരുന്ന പൂമുഖം, അടുക്കള മുതലായവയും ചേര്‍ത്ത് കണക്ക് ശരിയാവുകയും വേണം. അതു കഴിഞ്ഞാല്‍ അതിലും താഴെ വരുന്ന വര്‍ക്ക് ഏരിയ, കാര്‍പോര്‍ച്ച് (തൂണുണ്ടെങ്കില്‍) എന്നിവയും കൂട്ടിച്ചേര്‍ത്ത് നല്ല കണക്കിലാവണം. എന്നാല്‍ കാര്‍പോര്‍ച്ച് തൂണില്ലാതെയാണെങ്കില്‍ അതിന്റെ ചുറ്റളവ് വാമടയോടാണ് (സണ്‍ഷെയ്ഡ്) ചേര്‍ക്കേണ്ടത്.

മരമുപയോഗിച്ചുള്ള കഴുക്കോല്‍ നിര്‍മിച്ച് മേല്‍ക്കൂര കൂട്ടുന്ന രീതിയില്‍ പ്രാധാന്യം ഉത്തരങ്ങള്‍ക്കായതുകൊണ്ട് ഉത്തരപുറം ചുറ്റളവാണ് ഉത്തമമായി സ്വീകരിക്കേണ്ടത്. എന്നാല്‍ ഇന്നത്തെ വാര്‍പ്പുകെട്ടിടങ്ങളില്‍ ഉത്തരത്തിന്റെ സ്ഥാനത്ത് ബീം തുടങ്ങിയ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ ആയതിനാലും ഭിത്തിപ്പുറവും ബീം പുറവും ഒരേ രീതിയില്‍ വരുന്നതിനാലും ഭിത്തിപ്പുറം ചുറ്റളവാണ് ഉത്തമമായി സ്വീകരിക്കേണ്ടത്.

ഗൃഹത്തിന്റെ അവയവങ്ങളില്‍ ആദ്യം കാണുന്നത് പാദുകമാണ്. പിന്നെ തറയുടെ ബാക്കിവരുന്ന അവയവവും. തുടര്‍ന്ന് ഒന്നാംനില ഭിത്തി, രണ്ടാംനില ഭിത്തി മുതലായവയുമാണല്ലോ. അതിനു മുകളിലാണ് മേല്‍പുരയെ താങ്ങിനിര്‍ത്തുന്ന ഉത്തരം ഉണ്ടാവുന്നത്. ഇന്നത്തെ കണക്കില്‍ ആ ഉത്തരം എന്നത് ബീം അല്ലെങ്കില്‍ ഭിത്തിതന്നെയാകുന്നു. അതിനാലാണ് ഉത്തരപ്പുറം അല്ലെങ്കില്‍ ഭിത്തിപ്പുറം അതുമല്ലെങ്കില്‍ ബീം പുറം എന്നിവ കണക്കാക്കണമെന്ന് പറയുന്നതിന്റെ അടിസ്ഥാനം.

Content Highlights: vastu shastra for house