ഴയവീട് സ്ഥാനത്തായിരിക്കുമല്ലോ. അതായത് വടക്കുകിഴക്കേ ഖണ്ഡത്തിലോ, തെക്ക്പടിഞ്ഞാറെ ഖണ്ഡത്തിലോ ആയിരിക്കും. ഇത്തരത്തില്‍ ഗൃഹം നില്‍ക്കുന്ന വാസ്തുവില്‍ത്തന്നെ പുതിയത് പണിയുമ്പോള്‍, പഴയപുര വടക്കുകിഴക്കേ ഖണ്ഡത്തിലാണെങ്കില്‍ പുതിയ പുര തെക്കുപടിഞ്ഞാറെ ഖണ്ഡത്തില്‍ തന്നെ വേണം. അതായത് ഒരേ പറമ്പില്‍ രണ്ടു പുരകള്‍ വരികയാണെങ്കില്‍ ഒന്ന് തെക്കുപടിഞ്ഞാറെ ഖണ്ഡത്തിലും മറ്റേത് വടക്കുകിഴക്കേ ഖണ്ഡത്തിലുമായിരിക്കണം.

എന്നാല്‍ വാസ്തു വേര്‍തിരിച്ചാണ് ഗൃഹം വെയ്ക്കുന്നതെങ്കില്‍ പഴയ പുര നില്‍ക്കുന്നതിന്റെ ബാക്കിയുള്ള സ്ഥലത്ത് വാസ്തുശാസ്ത്രപ്രകാരം യോജിക്കുന്ന സ്ഥലം കണ്ടെത്തേണ്ടതുണ്ട്. പഴയപുര സ്ഥാനത്തുവരുന്ന വിധത്തിലുമാകണം. ചിലപ്പോള്‍ സ്ഥാനം ശരിയാക്കുവാന്‍ വേണ്ടി ഒരു അതിരുകൂടി ഇട്ട് ബാക്കിപറമ്പ് പുറന്തള്ളേണ്ടിവരും. അതായത് ഒരു ഭാഗം മുറിഞ്ഞുപോയാല്‍ ബാക്കിവരുന്ന വാസ്തുവിന്റെ തെക്കുപടിഞ്ഞാറെ ഭാഗത്തോ, വടക്കുകിഴക്കേ ഭാഗത്തോ കെട്ടിടം വരുന്നവിധം വാസ്തു വേര്‍തിരിക്കേണ്ടിവരും. ഇത്തരത്തില്‍ തിരിക്കുമ്പോള്‍ വാസ്തുബലി ചെയ്യേണ്ടതും ആവശ്യമാണ്. പുതുതായി വേര്‍തിരിച്ചെടുത്ത വാസ്തുവില്‍ തെക്കുപടിഞ്ഞാറെ ഭാഗത്തോ, വടക്കുകിഴക്കേ ഭാഗത്തോ പുര വെക്കുന്നവിധം സ്ഥാനം നിശ്ചയിക്കാവുന്നതാണ്.

മേല്‍പ്പറഞ്ഞവിധം വരുമ്പോള്‍ ഗേറ്റിന്റെ സ്ഥാനവും ചിലപ്പോള്‍ മാറ്റേണ്ടിവരും. എന്തെന്നാല്‍ ഒട്ടാകെ വാസ്തുവിനെ കണക്കാക്കിയായിരിക്കും നേരത്തെ ഗേറ്റ് വെച്ചിരിക്കുക. ഇത്തരത്തില്‍ മാറുമ്പോള്‍ അതത് വാസ്തുവിനനുസരിച്ച് ഗേറ്റിന്റെ സ്ഥാനം പുനര്‍നിശ്ചയിക്കേണ്ടിവരും. അതുപോലെ തന്നെകിണര്‍ മുതലായ ജലാശയങ്ങളും വേണ്ടവിധം സ്ഥാനത്ത് വരത്തക്കരീതിയില്‍ ചെയ്യേണ്ടതാണ്.

പുതിയ ഗൃഹം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വാസ്തുവില്‍ (പറമ്പില്‍) നിലവിലൊരു ഗൃഹം ഉണ്ടെങ്കില്‍ ആ ഗൃഹത്തിന്റെ ദിശ കൃത്യം കിഴക്കുപടിഞ്ഞാറോ, തെക്കുവടക്കോ ആണോ എന്നു പരിശോധിച്ചതിനുശേഷം വേണം സ്ഥാനനിര്‍ണ്ണയം നടത്താന്‍. നിലവിലുള്ള ഗൃഹം ദിക്കിനനുസരിച്ച് കൃത്യമാണെങ്കില്‍ ആ ഗൃഹത്തിന് സ്ഥാനദോഷം വരാത്തരീതിയില്‍ ഭൂമിയുടെ കിടപ്പനുസരിച്ച് അതിരിട്ട് വാസ്തുതിരിക്കണം. ബാക്കിയുള്ള സ്ഥലത്ത് ദീര്‍ഘചതുരമോ, സമചതുരമോ ആയ ഒരു വാസ്തു കണക്കാക്കേണ്ടതുണ്ട്. അതിനുള്ളില്‍ ഏറ്റവും കുറഞ്ഞത് നാലുവശത്തുനിന്നും പിശാചവീഥി ഒഴിവാക്കി ശാസ്ത്രപ്രകാരം സ്ഥലത്തിനും ഗൃഹത്തിനും യോജിക്കാവുന്ന ചുറ്റളവ് തിരഞ്ഞെടുത്ത് ദര്‍ശനം ശരിയാക്കിവേണം പുതിയ ഗൃഹനിര്‍മ്മാണം നടത്താന്‍.

ഇപ്രകാരം തിരഞ്ഞെടുത്ത സ്ഥലത്തിന് ഭൂമിപരമായ ശ്മശാനദോഷമോ, മറ്റു ദോഷങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Content Highlights: Vastu Shastra for House