വ്യാപാരസ്ഥാപനങ്ങള്‍, വ്യാപാരവാണിജ്യസംബന്ധമായ ഓഫീസുകള്‍ എന്നിവയ്ക്ക് ശാസ്ത്രപ്രകാരമുള്ള സ്ഥാനം എവിടെ?

വ്യാപാരസ്ഥാപനങ്ങളില്‍ പ്രധാനമായി സമ്പത്ത് കൈകാര്യം ചെയ്യുന്ന സ്ഥാനമാണ് വാസ്തുശാസ്ത്രപ്രകാരം ശരിയായി ചെയ്യേണ്ടത്. ശാസ്ത്രമനുസരിച്ച് ധനാലയത്തില്‍ അല്ലെങ്കില്‍ ധാന്യാലയത്തില്‍ ആണ് ധനം സൂക്ഷിക്കേണ്ടത്. അതിനാല്‍ തെക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ ആണ് സ്ഥാനം കണക്കാക്കേണ്ടത്. അതായത് വ്യാപാരസ്ഥാപനത്തിന്റെ തെക്കുവശത്തോടുചേര്‍ന്നോ, പടിഞ്ഞാറുവശത്തോടുചേര്‍ന്നോ ആകണം ഇതെന്ന് സാരം.

അതുപോലെതന്നെ ധനാലയമോ ധാന്യാലയമോ ആയി കണക്കാക്കുന്ന തെക്കിനിയുടെയും പടിഞ്ഞാറ്റിയുടെയും ദര്‍ശനങ്ങള്‍ യഥാക്രമം വടക്കോട്ടോ കിഴക്കോട്ടോ ആയിരിക്കണം. അതായത് ധനമോ, പ്രധാനരേഖകളോ സൂക്ഷിക്കേണ്ടത് തെക്കേഭിത്തിയോടുചേര്‍ന്ന് വടക്കോട്ടു തുറക്കാവുന്ന രീതിയിലുള്ള അലമാരയിലോ, പടിഞ്ഞാറെ ഭിത്തിയോടുചേര്‍ന്ന് കിഴക്കോട്ടു തുറക്കാവുന്ന രീതിയിലുള്ള അലമാരയിലോ ആവണം.

വലിയ സ്ഥാപനങ്ങളോ, കമ്പനികളോ ആണെങ്കില്‍ അതിനെ ദീര്‍ഘചതുരമോ, സമചതുരമോ ആയ ഒരു കെട്ടിടസമുച്ചയമായി കണക്കാക്കാം. ഉടമസ്ഥന്‍, മാനേജര്‍ തുടങ്ങിയ പ്രധാനപ്പെട്ടവര്‍ തെക്കുഭാഗത്തോ, പടിഞ്ഞാറുഭാഗത്തോ വരുന്ന മുകളില്‍ വടക്കോട്ടുതിരിഞ്ഞോ, കിഴക്കോട്ടുതിരിഞ്ഞോ ആയിവരുന്ന രീതിയില്‍ രൂപകല്‍പന ചെയ്യേണ്ടതാണ്. എന്നാല്‍ പ്രസ്തുത സ്ഥാപനത്തോടു ബന്ധപ്പെട്ട് ഭക്ഷണം പാകം ചെയ്യേണ്ട അടുക്കള തുടങ്ങിയ സൗകര്യങ്ങള്‍ വടക്കോ, കിഴക്കോ ആയിരിക്കണം.

ഒരു വ്യാപാരസ്ഥാപനത്തിന്റെ ഒട്ടാകെ ദീര്‍ഘത്തെ (നീളം) യോ, വിസ്താരത്തെ (വീതി) യോ നിര്‍ണ്ണയിക്കുമ്പോള്‍ അതിന്റെ മദ്ധ്യത്തില്‍ തൂണുകള്‍ അല്ലെങ്കില്‍ ഭിത്തികള്‍ തടസ്സമായി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതായത് നാല് മുറികളുള്ള കെട്ടിടം ഒരേ വിസ്താരത്തില്‍ പണിയുമ്പോള്‍ മദ്ധ്യത്തില്‍ തൂണ് വരുന്നതാണ്.

എന്നാല്‍ അഞ്ചു മുറികളായി ഒരേ വിസ്താരത്തില്‍ പണിയുമ്പോള്‍ മദ്ധ്യത്തില്‍ തടസ്സമില്ലാതെ ഒരു മുറിതന്നെ വരും. അതായത് ഒരേ വിസ്താരത്തില്‍ മുറികള്‍ വ്യാപാരത്തിനായി പണിയുമ്പോള്‍ മുറികളുടെ എണ്ണം മൂന്ന്, അഞ്ച്, ഏഴ് തുടങ്ങി ഒറ്റസംഖ്യയായി വരുന്ന രീതിയില്‍ രൂപകല്പന ചെയ്യേണ്ടതാണ്. കൂടാതെ ഓരോ മുറിയുടെ പ്രത്യേക ഉള്‍ചുറ്റളവുകളും ഒട്ടാകെ കെട്ടിടത്തിന്റെ പുറം ചുറ്റളവും ആയാധിക്യമുള്ള ചുറ്റളവ് സ്വീകരിക്കുന്നതാണ് ഉത്തമം. അതായത് മേല്‍പ്പറഞ്ഞ ചുറ്റളവുകള്‍ ചെലവിനേക്കാള്‍ വരവു കൂടുതലുള്ള കണക്കുകളായി സ്വീകരിക്കണമെന്ന് അര്‍ത്ഥം.