തെങ്ങ്, മാവ്, കവുങ്ങ്, പ്ലാവ് എന്നിവയാണ് പ്രധാനമായും വീടിനുചുറ്റും വെയ്ക്കാവുന്ന ഫലവൃക്ഷങ്ങള്‍. കിഴക്കുഭാഗത്ത് സ്ഥാനം പ്ലാവിനാണ്. തെക്ക് കവുങ്ങിനും പടിഞ്ഞാറ് തെങ്ങിനും വടക്ക് മാവിനും സ്ഥാനമാകുന്നു. എന്നാല്‍ ഇവയെല്ലാം വിപരീത സ്ഥാനങ്ങളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വന്നാലും യാതൊരു ദോഷവുമില്ല. ഉപയോഗ യോഗ്യമായ ഉത്തമ വൃക്ഷങ്ങള്‍ എവിടെവെച്ചാലും ദോഷമില്ലെന്നു സാരം.

എന്നാല്‍ പ്രത്യേകസ്ഥാനങ്ങളില്‍ മാത്രം വെക്കാവുന്ന വൃക്ഷങ്ങളുമുണ്ട്. പേരാല്‍ വീടിന്റെ കിഴക്കുഭാഗത്ത് മാത്രമേ പാടുള്ളൂ. തെക്ക്അത്തി, പടിഞ്ഞാറ്അരയാല്‍, വടക്ക്ഇത്തി (നാലെണ്ണത്തേയും കൂടി നാല്പാമരം എന്നുപറയും) എന്നിവയേ വെക്കാവൂ. ഇവ നാലും സ്ഥാനം തെറ്റിയാല്‍ വിപരീത ദോഷങ്ങളുമുണ്ടാകും. കിഴക്ക്പൂവരിഞ്ഞി, തെക്ക്പുളി, പടിഞ്ഞാറ് ഏഴിലം പാല, വടക്ക് പുന്ന എന്നിവ ഉത്തമമാണ്. കുമിഴ്, കൂവളം, കടുക്കമരം, നെല്ലി, ദേവദാരു, പ്ലാശ്, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവയെല്ലാം വീടിന്റെ ഇരുവശങ്ങളി (ഇടതു, വലതുവശം) ലായി വെക്കാം. വാഴ, മുല്ല, പിച്ചകം തുടങ്ങി പുഷ്പപ്രദാനമായവയെല്ലാം എവിടെ വേണമെങ്കിലും വളര്‍ത്താവുന്നതാണ്.

എന്നാല്‍ വെറ്റിലക്കൊടി, മുരിങ്ങ, കടപ്പിലാവ്, പൂള തുടങ്ങി ബലമില്ലാത്തവ വീടിനു സമീപത്ത് നന്നല്ല.

പ്രധാനമായും വൃക്ഷങ്ങളെ നാലായി തിരിക്കാം.
1) ബഹിര്‍സാര (പുറംതോടിന് ബലമുള്ള വൃക്ഷങ്ങള്‍): തെങ്ങ്, കവുങ്ങ്.
2) അന്തഃസാര (തടിക്കുള്ളില്‍ കാതലുള്ളവ): പ്ലാവ്, മാവ്
3) സര്‍വ്വസാര (മുഴുവന്‍ കാതലുള്ളവ): തേക്ക്, പുളി
4) നിസ്സാര (കാതല്‍ തീരെയില്ലാത്തവ): മുരിങ്ങ, ഏഴിലംപാല, പൂള
നാലാമത്തെ വിഭാഗത്തില്‍പ്പെട്ടവ വീടിനുസമീപം ഉത്തമമല്ല.

എന്നാല്‍ കാഞ്ഞിരം, ചേര്, വയ്യങ്കതവ്, നറുവരി, താന്നി, പീലുവേപ്പ്, കള്ളി, പിശാചവൃക്ഷം (ഭൂതാദിവാസമുള്ള വൃക്ഷങ്ങള്‍), എരുമക്കള്ളി, മുരിങ്ങ എന്നീ വൃക്ഷങ്ങള്‍ ഗൃഹത്തിന്റെ വാസ്തുവിനകത്ത് വളര്‍ത്താന്‍ പാടില്ലാത്തതാണ്. അതായത് ഗൃഹം വാസ്തുതിരിച്ച് നിര്‍ത്തിയാല്‍ ശേഷിക്കുന്ന പറമ്പില്‍ (പുറംപറമ്പ്) ഏത്തരം വൃക്ഷങ്ങളും വളര്‍ത്താവുന്നതാണ്. പുഷ്പവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും ഗൃഹത്തിന്റെ ഏത്ദിക്കിലും എത്ര കുറഞ്ഞ ദൂരത്തിലും വളര്‍ത്താവുന്നതാണ്. അവസാനവാക്ക്: പൊന്നുകായ്ക്കുന്ന മരമായാലും വീടിനടുത്തുപാടില്ല. വൃക്ഷത്തിന്റെ ഉയരത്തിന്റെ ഇരട്ടി അകലത്തില്‍ വെക്കണമെന്നാണ് ശാസ്ത്രം. ഇരട്ടിയില്ലെങ്കിലും ഉയരത്തിന്റെ അകലമെങ്കിലും പാലിക്കണം.