വീടൊരുക്കുമ്പോള്‍ പലരും വാസ്തുശാസ്ത്രപ്രകാരമുള്ള കണക്കുകള്‍ നിശ്ചയിച്ചാണ് പ്ലാന്‍ ഉണ്ടാക്കുന്നതും പണിയുന്നതും. ശാസ്ത്രാനുസരണം ഭൂമി തിരഞ്ഞെടുക്കുക എന്നത് നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒഴിഞ്ഞുകിടക്കുന്നതും വാസയോഗ്യവുമായ ഭൂമിയെ എങ്ങനെ വാസ്തുശാസ്ത്രങ്ങള്‍ക്ക് അനുസരിച്ച് മാറ്റിയെടുക്കാം എന്ന് മനസ്സിലാക്കുന്നതാണ് പിന്നെയുള്ള ഒരു പോംവഴി. ഓരോ സ്ഥലത്തെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് അതതു സ്ഥലത്തെ വാസ്തുശാസ്ത്രം മാറിക്കൊണ്ടിരിക്കുന്നു.
ലഭ്യമായ ഭൂമി ഏത് ആകൃതിയോടെയുള്ളതാണെന്ന് ആദ്യം മനസ്സിലാക്കണം. ഭൂമിയുടെ ചരിവ്, ഘടന, ദിക്ക് എന്നിങ്ങനെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് വാസ്തുവില്‍ ആദ്യം ഊന്നല്‍ നല്‍കുന്നത്. വാസ്തുശാസ്ത്രപ്രകാരം ആവശ്യമുള്ള ഭൂമി മതിലു കെട്ടി തിരിക്കുമ്പോള്‍ അത് മാത്രമായി അനുകൂല ഭൂമിയായി മാറും. ഭൂമി ചതുരപ്പെടുത്തുമ്പോള്‍ തെക്കു വടക്കു നീളം കൂട്ടി ചെയ്യുന്നതാണ് നല്ലത്. ഭൂമി വാസ്തുശാസ്ത്രപ്രകാരം ഉള്ളതല്ലെങ്കിലും ഈ ഭൂമിയിലെ മണ്ണ് മാറ്റി നല്ല മണ്ണ് നിറയ്ക്കുന്നതോടെ ഭൂമിയുടെ സ്വഭാവം മാറ്റിയെടുക്കാമെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു.
ഭൂമിയുടെ കിടപ്പ്, ദര്‍ശനം, ആകൃതി എന്നിവയാണ് ഒരു വീടിനെ വാസ്തുശാസ്ത്രപ്രകാരം ലക്ഷണയുക്തമാക്കുന്നത്. ഇതുപോലെ ഓരോ മുറിയും അതിന്റെ ഉപയോഗത്തിന് അനുസരിച്ചു വാസ്തുശാസ്ത്രപരമായി വാസയോഗ്യമായിരിക്കണം. ലക്ഷണമൊത്തെ മുറികള്‍ ചേര്‍ത്താണ് വാസയോഗ്യമായ വീടുണ്ടാക്കുന്നത്. വീട്ടിലെ പ്രധാനമുറികള്‍ ഓരോരുത്തര്‍ക്കും പലതായിരിക്കും. ചിലര്‍ക്ക് സ്വീകരണമുറികള്‍ ആകാം, മറ്റു ചിലര്‍ക്ക് അടുക്കളയോ ബെഡ്‌റൂമോ ആകാം, പൂജാമുറിയുമാകാം. അതുകൊണ്ടുതന്നെ ഇതിന്റെ ഉപയോഗം കൊണ്ട് ഓരോ മുറിയും വ്യത്യാസപ്പെട്ടിരിക്കുന്നു.
വാസ്തുശാസ്ത്രപ്രകാരം വീട് നിര്‍മിക്കുമ്പോള്‍ ആളുകള്‍ ഏറ്റവും അധികം ശ്രദ്ധ ചെലുത്തുന്നത് അടുക്കളയുടെ കാര്യത്തിലാണ്. വീടിന്റെ തെക്കുകിഴക്കു മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും കൂടുതല്‍ യോജിച്ചത്. വടക്കുപടിഞ്ഞാറുമൂലയും അഭികാമ്യമാണ് എന്ന് വാസ്തുശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അടുക്കളയില്‍ കിഴക്കുദിക്കിന് അഭിമുഖമായി നിന്ന് പാചകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണം. അടുക്കളയുടെ വാതില്‍ കിഴക്ക്, വടക്ക് കിഴക്ക്, അല്ലെങ്കില്‍ വടക്ക് ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യ സാമഗ്രികള്‍ വെക്കാന്‍ തെക്ക് അല്ലെങ്കില്‍ വടക്ക് ദിക്കാണ് നല്ലത്. ഫ്രിഡ്ജ് വെക്കാന്‍ ഏറ്റവും അനുയോജ്യമായത് വടക്കു പടിഞ്ഞാറു മൂലയും ഗ്യാസ് സ്റ്റൗവ് തെ ക്കു കിഴക്കു മൂലയിലും വെക്കണം.
വീടിനു പടിഞ്ഞാറു ഭാഗത്തു വേണം ഭക്ഷണമുറി നിര്‍മിക്കേണ്ടത്. ഭക്ഷണമുറിയും ഭക്ഷണമേശയും സമചതുരം അല്ലെങ്കില്‍ ദീര്‍ഘചതുരാകൃതിയില്‍ ആയിരിക്കുന്നതാണ് ഉത്തമം. വാഷ്‌ബേസിന്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് ആയിരിക്കാനും ശ്രദ്ധിക്കണം. ആചാരപ്രകാരം അടുപ്പുകള്‍ ഇരട്ടയായി വരണമെന്നാണ് കണക്ക് ,സമയലാഭവും ഇന്ധനലാഭവും ഉണ്ടാകുന്നു.
വീടിനുള്ളില്‍ അക്വേറിയം സ്ഥാപിക്കുന്നത് സമ്പത്തുണ്ടാകാന്‍ സഹായിക്കും. ഇതിലെ വെള്ളം ശുദ്ധമായിരിക്കാനും ആരോഗ്യമുള്ള മീനുകള്‍ മാത്രം ഉണ്ടായിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യവും സജീവവുമായ മീനുകളുടെ സാന്നിധ്യം കുടുംബത്തിലേക്ക് സമ്പത്ത് കൊണ്ടുവരുമെന്നാണ് വാസ്തുശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നത്. അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ വീടിനുള്ളില്‍ നിന്ന് മാറ്റിവെക്കുന്നത് വീടിനുള്ളില്‍ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുന്നതിന് സഹായിക്കും. ഒപ്പം തന്നെ മുന്‍വാതിലിനു മുമ്പില്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്ക് നിര്‍മിക്കുമ്പോള്‍ വീടിനു മുകളില്‍ സ്ഥാപിക്കാതെ വീടിനു താഴെ സ്ഥാപിച്ചാല്‍ സമ്പത്ത് വര്‍ധിക്കുമെന്ന് ശാസ്ത്രം പറയുന്നു. മാലിന്യം സൂക്ഷിക്കുന്ന ബാസ്‌ക്കറ്റുകള്‍ തുറന്നിടുന്നത് വീടിനുള്ളിലേക്ക് നെഗറ്റീവ് എനര്‍ജി വരാനിടയാക്കും. ഓടാത്ത ക്ലോക്കുകള്‍ വീടിനുള്ളില്‍ സൂക്ഷിക്കാതിരിക്കുക.
വീടിനുളളില്‍ വിഗ്രഹങ്ങളും കാഴ്ചവസ്തുക്കളും സ്ഥാപിക്കുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്. ഗണേശവിഗ്രഹം വീടിനുള്ളില്‍ വെക്കുന്നതുമൂലം എല്ലാ തടസ്സങ്ങളും ഒഴിവായി കിട്ടും. വടക്കുകിഴക്കു ദിശയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം.
ഗൃഹത്തിനോടു ചേര്‍ന്ന് ഗൃഹത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കത്തക്ക വിധത്തിലാണെങ്കില്‍ ഏതു ഭാഗത്തും കാര്‍പോര്‍ച്ച് നല്‍കാവുന്നതാണ്. തെക്കുപടിഞ്ഞാറു ഭാഗത്ത് കട്ടിങ് വരത്തക്ക വിധം അകത്തേക്കു കയറി പോര്‍ച്ച് നല്‍കുന്നത് ഗുണകരമാവില്ല.
വാസ്തുശാസ്ത്രം പറയുന്ന പ്രകൃതി സ്‌നേഹം ഗൃഹത്തില്‍ വസിക്കുന്നവര്‍ക്കു സുഖവാസം ഉണ്ടാകാനാണ്. വീടിനു ചുറ്റും വൃക്ഷലതാദികള്‍ വച്ച് പിടിപ്പിക്കാന്‍ വാസ്തുശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നുണ്ട്. കിഴക്ക് ഇലഞ്ഞി, തെക്ക് പുളി, വടക്ക് നാഗമരം, പടിഞ്ഞാറ് ഏഴിലംപാല എന്നിങ്ങനെ വീടിന്റെ നാല് ഭാഗത്തും പൂമരങ്ങള്‍ വച്ചു പിടിപ്പിക്കണം. ഇവ ഓരോന്നും നന്നാല് മാസം പൂത്തു നില്‍ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ശാസ്ത്രത്തിന്റെയും വാസ്തുകലയുടെയും ഒരു സമ്മിശ്രമാണ് വാസ്തുശാസ്ത്രം. ഇത് മനുഷ്യനെ പ്രകൃതിയുമായി കൂടുതല്‍ രമ്യതയില്‍ ജീവിച്ചുപോരാന്‍ സഹായിക്കുന്ന ഒന്നാണ്. കേവലം രൂപകല്‍പന, നിര്‍മാണവിദ്യ എന്നതിലുപരി വിശ്വാസങ്ങളും അനുഭവങ്ങളും ആദ്ധ്യാത്മികതയും സാമൂഹിക വ്യവസ്ഥതകളും ഒക്കെ ചേര്‍ന്ന് ഉദാത്തമായ ഒരു തലത്തിലാണ് വാസ്തുവിദ്യ നിലനില്‍ക്കുന്നത്.
Content Highlights: placing of idols as per vastu