പഴയ വീട്ടില്‍ മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ അതായത് തെക്കിനിപ്പുരയായോ, പടിഞ്ഞാറ്റിപ്പുരയായോ നിലവിലുള്ള ഗൃഹങ്ങളില്‍ പുതിയ മുറികള്‍ സൗകര്യാര്‍ത്ഥം എടുക്കുമ്പോള്‍, നിലവിലുള്ള വീടിന്റെ ഒട്ടാകെ ഉത്തരപുറംചുറ്റളവാണ് പ്രധാനം, അഥവാ ഉത്തമമായി സ്വീകരിക്കേണ്ടത്.

മേല്‍പറഞ്ഞ ചുറ്റളവ് അടുത്ത നല്ല ചുറ്റളവിലേക്ക് ഗൃഹത്തിന്റെ പ്രാധാന്യമനുസരിച്ച് ഉത്തമമായി സ്വീകരിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്. അതിനുശേഷം മുറികളുടെ പ്രാധാന്യമനുസരിച്ച് ഓരോ മുറിയുടെയും ഉള്ളളവുകള്‍ ഉത്തമമധ്യമാധമങ്ങളായ ചുറ്റളവുകളിലേക്ക് യോജിപ്പിക്കേണ്ടതാണ്.

ഇപ്രകാരം രൂപകല്പന ചെയ്യുമ്പോള്‍ നിലവിലുള്ള ഗൃഹത്തിന്റെ മധ്യസൂത്രത്തിന് ഹേമം തട്ടാതെയും മേല്‍പ്പറഞ്ഞ സൂത്രം തടസ്സമില്ലാതെ ഒഴിവുകിട്ടുന്ന രീതിയിലും രൂപകല്പന ചെയ്യേണ്ടതാണ്. അതായത് ഗൃഹമധ്യസൂത്രത്തില്‍ ശൗചാലയങ്ങള്‍ വരാതെയും കട്ടിള, ജനല്‍ മുതലായവ നേര്‍ക്കുനേര്‍ മധ്യങ്ങള്‍ ഒഴിവാക്കി വരുന്ന രീതിയിലും വേണമെന്നു സാരം. ഇപ്രകാരം മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ അടുക്കളയുടെ സ്ഥാനം മാറ്റംവരാതെ ശ്രദ്ധിക്കേണ്ടതാണ്.

അതുപോലെതന്നെ നിലവിലുള്ള ഗൃഹത്തില്‍നിന്ന് നാല് അതിര്‍ത്തികളിലേക്കുമുള്ള ദൂരത്തെ കണക്കിലെടുത്ത് വീടിന് സ്ഥാനദോഷം വരാത്ത രീതിയിലും പിശാചവീഥിയിലേക്ക് വീട് കയറിനില്‍ക്കാത്തവിധത്തിലും ആകുവാന്‍ വാസ്തുശാസ്ത്രപ്രകാരം വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും വേണം.

പുതിയ മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ മരത്തില്‍ ഉത്തരം, കഴുക്കോല്‍ എന്നിവകൊണ്ടു മേല്‍ക്കൂരനിര്‍മ്മിച്ച തെക്കിനിപ്പുരയോ, പടിഞ്ഞാറ്റിപ്പുരയോ ആണെങ്കില്‍ കൂട്ടിയെടുക്കുവാന്‍ പുതിയതായി കണക്കാക്കി സ്വീകരിക്കുന്ന ചുറ്റളവ് ഉത്തരപുറത്തുനിന്നുള്ള തള്ള് ആയാധിക്യമുള്ളതായും ഉത്തമമായും വരുവാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.

എന്നാല്‍ മുറികള്‍ കൂട്ടിയെടുക്കുന്നത് വാര്‍പ്പ് ഗൃഹത്തിലാണെങ്കില്‍ ഭിത്തിപ്പുറം ചുറ്റളവ് ഉത്തമമായി വരുന്ന രീതിയിലാണ് സ്വീകരിക്കേണ്ടത്. അതുകൂടാതെ പാദുകപുറം ചുറ്റളവ് മരണ കണക്കില്‍ വരാതെയും ഉത്തമമല്ലെങ്കില്‍ക്കൂടി മധ്യമമോ, അധമമോ ആയി സ്വീകരിക്കേണ്ടതാണ്.

പുതുതായി എടുക്കുന്ന മുറികള്‍ സമചതുരമായി എടുക്കുന്നതില്‍ അഥവാ പണിചെയ്യുന്നതില്‍ വാസ്തുശാസ്ത്രമനുസരിച്ച് ദോഷമില്ല. കാരണം ദീര്‍ഘവിസ്താരങ്ങള്‍തമ്മിലുള്ള ബന്ധങ്ങളെ പറ്റി പറയുമ്പോള്‍ സമതതം, പാദാധികം, അര്‍ദ്ധാധികം എന്നിവ സ്വീകരിക്കാമെന്നും പാദഊനം സ്വീകരിക്കരുതെന്നും അനുശാസിക്കുന്നുണ്ട്.

photo credit: homedesignlover