കിണര്‍, കുളം തുടങ്ങി വെള്ളം കെട്ടിനിര്‍ത്തുന്ന എന്തും വീടിന്റെ അല്ലെങ്കില്‍ വാസ്തുവിന്റെ വടക്കുവശത്തോ കിഴക്കുവശത്തോ ആണ് ഉത്തമം.

ഗൃഹമില്ലാത്ത പറമ്പുകളാണെങ്കില്‍ പറമ്പിന്റെ വടക്കുകിഴക്കുമുതല്‍ മീനം, മേടം, എടവം തുടങ്ങി കുംഭം വരെ രാശിചക്രമനുചരിച്ച് 12 ഭാഗങ്ങളാക്കി ഭാഗിച്ച് കിഴക്കുവശത്ത് കണക്കാക്കുന്ന മീനം, മേടം, എടവം രാശികളിലും വടക്കുവശത്ത് കണക്കാക്കുന്ന മകരം, കുംഭം, മീനം രാശികളിലും ശാസ്ത്രപ്രകാരം കിണറിന് സ്ഥാനം അഭികാമ്യമാണ്. എന്നാല്‍ വടക്കുപടിഞ്ഞാറെ മൂലയില്‍ കണക്കാക്കുന്ന ധനുരാശിയിലും തെക്കുകിഴക്കേ മൂലയായി കണക്കാക്കുന്ന മിഥുനം രാശിയിലും കിണറിന്റെ സ്ഥാനം വാസ്തുശാസ്ത്രമനുസരിച്ച് ഉത്തമമല്ല.

ഭമനുഷ്യാലയ ചന്ദ്രികയില്‍ കിണറിന്റെ സ്ഥാനത്തെപ്പറ്റി പ്രതിപാദിക്കുന്ന ഭനാരീക്ഷയം മാരുതേ' എന്നവസാനിക്കുന്ന ശ്ലോകത്തില്‍ വടക്കുപടിഞ്ഞാറ് മൂലയായ മാരുതി പദത്തില്‍ (വായുകോണില്‍) കിണര്‍ വരുന്നത് സ്ത്രീകള്‍ക്ക് ദോഷമാണെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്.

അതേ രീതിയില്‍ തെക്കുകിഴക്ക് മൂലയായി കണക്കാക്കുന്ന മിഥുനം രാശി അല്ലെങ്കില്‍ അഗ്നികോണും കിണറിന്റെ സ്ഥാനത്തിന് ശാസ്ത്രപ്രകാരം ഉപദേശയോഗ്യമല്ല. സാധാരണയായി വടക്കോ, കിഴക്കോ അല്ലെങ്കില്‍ തെക്കുപടിഞ്ഞാറുഭാഗത്തോ കിണറിന് സ്ഥാനം കാണുന്ന പതിവ് നിലവിലുണ്ട്. എന്നാല്‍ വടക്കുവശത്തോ, കിഴക്കുവശത്തോ കിണറിന് ധാരാളം യോഗ്യമായ സ്ഥാനങ്ങള്‍ പറയുന്നുണ്ടെങ്കിലും തെക്കുപടിഞ്ഞാറുഭാഗത്ത് ശാസ്ത്രത്തില്‍ പറയുന്ന ഇന്ദ്രജിത്ത് പദത്തില്‍ മാത്രമേ കിണറിനുസ്ഥാനമുള്ളൂ.

മേല്‍പ്പറഞ്ഞ ഇന്ദ്രജിത്ത് പദം തന്നെ ശാസ്ത്രപ്രകാരം മധ്യമവുമാണ്. അതുകൊണ്ടുതന്നെ വീടിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് വരുന്ന ഇന്ദ്രജിത്ത്പദത്തില്‍ കിണറിന് സ്ഥാനം കണ്ടതിനുശേഷം ഗൃഹത്തിന് തെക്കോട്ടോ, പടിഞ്ഞാട്ടോ മുറികള്‍ കൂട്ടിയെടുക്കു
വാന്‍ പാടുള്ളതല്ല.

പഴയരീതിയില്‍ കിണര്‍കുഴിച്ച് വൃത്തമായി കെട്ടിപൊക്കുമ്പോള്‍ ഏറ്റവും അടിയില്‍ ചുറ്റളവുകണക്കാക്കി നെല്ലിപ്പടി ഇടുക പതിവാണ്. അതായത് കിണറിന് ചുറ്റളവ് കണക്കാക്കേണ്ടത് ഏറ്റവും അടിയില്‍ നെല്ലിപ്പടിയുടെ സ്ഥാനത്താണ് മറിച്ച് മുകളില്‍ വരുന്ന വൃത്ത (കിണറിന്റെ വായവട്ടം) ത്തിനല്ല.

കിണറിന് പറഞ്ഞ സ്ഥാനങ്ങള്‍ തന്നെ കുളത്തിനും സ്വീകരിക്കാവുന്നതാണ്. എന്നാല്‍ 91 കോല്‍ ചുറ്റളവോ, അതില്‍ കൂടുതലോ ആയാല്‍ മാത്രമേ കുളം എന്നപേരില്‍ പറയാന്‍ സാധിക്കുകയുള്ളൂ. അതിലും ചെറിയ അളവിലുള്ളവയെ കൊക്കര്‍ണി എന്ന പേരിലാണ് പറയപ്പെടുന്നത്.

വടക്കോട്ടുദര്‍ശനമായ തെക്കിനിപുരയായാലും കിഴക്കോട്ടുദര്‍ശനമായ പടിഞ്ഞാറ്റിപ്പുരയായാലും ചതുശ്ശാലകള്‍ അഥവാ നാലുകെട്ടുകളായാലും കിണറിന്റെ സ്ഥാനം മേല്‍പ്പറഞ്ഞ സ്ഥാനങ്ങളില്‍ മാത്രമാണ്. അതായത് ഗൃഹത്തിന്റെ ദര്‍ശനത്തിനനുസരിച്ചോ, റോഡുവരുന്നതിനനുസരിച്ചോ കിണറിന്റെ സ്ഥാനത്തിന് മാറ്റമില്ല.