ഏറെ വ്യത്യസ്ത വിശ്വാസങ്ങളുടെയും ചിന്തകളുടെയും നാടാണ് ചൈന. ഇത്തരം ചിന്തകളില്‍നിന്നുണ്ടായതാണ് ഫെങ്ഷുയി എന്ന വാസ്തുവിദ്യയും. കൗതുകകരമാണ് അതിലെ പല രീതികളും. ഒരാള്‍ക്ക് വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് ലഭിച്ച സ്ഥലം, വസ്തു, അന്തരീക്ഷം എന്നിവയൊക്കെ ദോഷമില്ലാത്ത അവസ്ഥയില്‍ ആക്കുന്നതാണ് ഫെങ്ഷൂയി. വാസസ്ഥാനത്ത് ഒരാള്‍ക്ക് ഏതുതരത്തില്‍ ഭാഗ്യമുണ്ടാക്കാം എന്നുനിര്‍ദേശിക്കുന്നതാണ് ഈ വാസ്തുശാസ്ത്രം.
വാതിലുകള്‍
ഒരു വീടിന്റെ മുന്‍വാതില്‍ സ്ഥാപിക്കുന്നത് വീടിന് ഏറ്റവും അനുകൂലമായ സ്ഥാനത്തായിരിക്കണം. വീട്ടിലേക്ക് ഭാഗ്യം വരുന്നത് മുന്‍വാതിലിലൂടെയാണെന്നാണ് ചൈനീസ് വാസ്തുവിശ്വാസം. അതുകൊണ്ട് അതിനു തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കണം. അകം വിസ്താരമേറിയതാവണം. പാദരക്ഷകള്‍പോലെയുള്ളതൊന്നും വാതിലിനു മുമ്പില്‍ ഇടരുത്. മുന്‍വാതിലിനുനേരെ തൂണുകളോ മറ്റു ഭിത്തികളോ മൂലകളോ വരാന്‍ പാടില്ല. മുന്‍ വാതിലിലൂടെ കടന്നുവരുന്ന സദ്‌ചൈതന്യത്തിന് തടസ്സമാകുന്ന രീതിയില്‍ നിലക്കണ്ണാടി പോലുള്ളവ വെക്കരുത്. ഭാരതീയ വാസ്തു ചിന്തയിലെപോലെ എല്ലാ വാതിലുകളും നേരെ നേരെ തുറക്കുന്നതാകരുതെന്നാണ് ചൈനീസ് വിശ്വാസം. മുന്‍ വാതിലിനുനേരെ എതിര്‍ വശത്ത് ഗോവണി പടികള്‍ ഉണ്ടാകാതെ സൂക്ഷിക്കുന്നതും നല്ലതാണ്.
ഡൈനിങ് റൂം
തീന്‍മുറിയുടെ ഡിസൈനിങ്ങിലും ഏറെ ശ്രദ്ധിക്കണം. അത് വിശാലമാവണം. ഒരാളുടെ മനസ്സിനെയും ചിന്തകളെയും പുഷ്ടിപ്പെടുത്തുന്ന രീതിയിലും സംതൃപ്തമാക്കുന്ന രീതിയിലും തീന്‍മേശയ്ക്ക് എതിര്‍വശത്തായി നിലക്കണ്ണാടി വെക്കുന്നത് നല്ലതാണ് . മേശപ്പുറത്ത് വെച്ചിരിക്കുന്ന ആഹാരസാധനങ്ങളുടെ പ്രതിഫലനം കൂടി ഉണ്ടാകുന്നതോടെ അവ ഇരട്ടിയായി കാണപ്പെടുകയും സന്തോഷമുണ്ടാകുകയും ചെയ്യും. ആഹാര സാധനങ്ങളുടെ, പ്രത്യേകിച്ചും മറ്റുള്ളവരെ കൊതിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ തീന്മേശയ്ക്ക് എതിര്‍ വശത്തായി വെക്കുന്നത് ശ്രേഷ്ഠമാണ്.
ശൗചാലയം
ഒരു വീട്ടിലെ ശൗചാലയം യാതൊരു കാരണവശാലും മുന്‍വാതിലിന്റെ എതിര്‍വശത്തോ കണ്ണെത്തുന്നിടത്തോ ഉണ്ടാകുന്നത് നല്ലതല്ല. അതുകൊണ്ട് ശൗച്യമുറിയുടെ സ്ഥാനനിര്‍ണയം പ്രാധാന്യമര്‍ഹിക്കുന്നു. ശൗച്യമുറി വീടിനകത്ത് എവിടെ ആയിരുന്നാലും അശുഭം തന്നെയാണ്.
ഭാഗ്യം കൊണ്ടുവരാം
ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ദോഷങ്ങളകറ്റാവുന്നതാണെന്നും ഫെങ്ഷുയി പറയുന്നുണ്ട്. അതനുസരിച്ച് വീട്ടില്‍ ഭാഗ്യസംവിധാനം രൂപപ്പെടുത്താം.
- വീടിനുള്ളില്‍ സ്വീകരണ മുറിയില്‍ വടക്ക്, കിഴക്ക്, തെക്കു കിഴക്ക് ഭാഗങ്ങളില്‍ എവിടെയെങ്കിലും ജലസംഭരണി സ്ഥാപിച്ച് അതില്‍ ജലം നിറച്ച് ഒമ്പത് സ്വര്‍ണമീനുകളെ വളര്‍ത്തുന്നത് ഭാഗ്യമാണ്. അതില്‍ എട്ടു മീനുകള്‍ ചുവന്നതും ഒരു മീന്‍ കറുത്തതും ആവണം.
- ഓം, ശൂലം, സ്വസ്തിക് എന്നീ ചിഹ്നങ്ങള്‍ വീടിന് പുറത്തുള്ള മുന്‍വാതിലിനിരുവശത്തും സ്ഥാപിക്കാം. മരത്തില്‍ കൊത്തിയവയോ ചിത്രമോ ആകാം. ഇത് വീടിനുള്ളിലേക്ക് വരുന്ന ഭാഗ്യത്തെ സ്വാഗതം ചെയ്യുന്നു എന്നാണ് സങ്കല്പം.
- മുന്‍വാതിലിന്റെ പടിമേല്‍ മുകളിലായി പഴയ ചൈനീസ് നാണയങ്ങള്‍ തൂക്കിയിട്ടാല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഐശ്വര്യം കൈവരും.
- വാതിലിന്റെ മുന്‍ഭാഗത്ത് അഥവാ സ്വീകരണമുറിയുടെ മധ്യത്തില്‍ ചെറിയ മണികള്‍ തൂക്കിയിടുന്നത് ഭാഗ്യം കൊണ്ടുവരും.
- പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നതിനും കുടുംബത്തിലുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ സ്‌നേഹപരമായ യോജിപ്പിനും പിയോണി പുഷ്പങ്ങളുടെ ചിത്രങ്ങളോ പൂക്കളോ വെക്കുന്നത് നല്ലതാണ്. സ്വീകരണമുറിയുടെ തെക്കുപടിഞ്ഞാറെ കോണിലാണ് ഇവയുടെ ശ്രേഷ്ഠമായ സ്ഥാനം.
- സ്വീകരണമുറിയില്‍ പുഷ്പങ്ങള്‍ വെക്കാം. എന്നാലത് കിടപ്പുമുറിയില്‍ വെക്കുന്നത് നല്ലതല്ല.
- 30 ഇഞ്ചോളം ഉയരമുള്ള ചിരിക്കുന്ന ബുദ്ധപ്രതിമ മുന്‍വാതിലിനെ അഭിമുഖീകരിക്കുന്ന രീതിയില്‍ വെക്കാം. സദ് ചൈതന്യം കടന്നുവരുന്നതിനെ സ്വീകരിക്കുന്നതിനാണിത്. എന്നാല്‍ ഊണ്‍മുറിയിലോ കിടപ്പുമുറിയിലോ പ്രതിമ വെക്കേണ്ടതില്ല.
- മുക്കാലന്‍ തവളയുടെ രൂപം പ്രത്യേകിച്ച് വീടിനുള്ളിലേക്ക് നോക്കിയിരിക്കുന്ന രീതിയില്‍ സ്ഥാപിക്കുന്നത് ശ്രേഷ്ഠമായി കരുതുന്നു. ഇത് വീട്ടിലേക്ക് പണവുമായി വരുന്നയാളെ സ്വീകരിക്കുന്നു എന്നാണ് വിശ്വാസം.
- സൗഭാഗ്യദായക കുടുംബചിത്രം സ്വീകരണമുറിയുടെ തെക്കുപടിഞ്ഞാറെ കോണില്‍ വെക്കുന്നതും ഭാഗ്യം കൊണ്ടുവരും.
- കല്ലുപ്പിട്ട വെള്ളംകൊണ്ട് വീട് തുടച്ചുവൃത്തിയാക്കാം.
- വീടിന്റെ തെക്കുപടിഞ്ഞാറെ ദിശ പ്രേമത്തിന്റെയും സ്‌നേഹത്തിന്റെയും പൂര്‍ണതയുടെ തട്ടകമാണ്. സദ്ബന്ധങ്ങളുടെ ഈ സ്ഥാനത്ത് ഒരാഴ്ചയെങ്കിലും ഉപ്പുവെള്ളത്തിലിട്ട് കഴുകിയതിനുശേഷം രണ്ട് തനി സ്ഫടികഗോളങ്ങള്‍ വെക്കാം.
- വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ മഞ്ഞപ്പൂക്കള്‍, വെക്കാം. ഇത് സുദൃഢബന്ധങ്ങള്‍ ഉണ്ടാകുന്നതിന് അനുയോജ്യമായി കരുതുന്നു.
- വീടിനു മുമ്പിലായി ഓറഞ്ചുമരം കായ്ച്ച് നില്‍ക്കുന്നത് നല്ലതാണ്.
- സ്ഫടികവിളക്കുകള്‍ സ്വീകരണമുറിയില്‍ തൂക്കുന്നത് നല്ലതാണ്.
- വീടിന്റെ വടക്കുപടിഞ്ഞാറെ ദിശയില്‍ സ്ഫടികപാത്രത്തില്‍ ലോഹനാണയങ്ങള്‍ നിറച്ചുവെക്കുന്നത് സമ്പല്‍സമൃദ്ധി കൊണ്ടുവരും.
- ഒരു കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
- ഓഫീസില്‍ തുറന്ന ജനാലയ്ക്കരികില്‍ പുറംതിരിഞ്ഞിരിക്കരുത്.
- വിന്‍ഡ് ചെയിനുകള്‍ കൂട്ടിമുട്ടി മണിനാദമുണ്ടാക്കുന്നത് നല്ലതാണ്.
- കടലാമയുടെ രൂപത്തിന്റെ ലോഹമാതൃക വടക്കുദിക്കില്‍ വെക്കുന്നത് ഉത്തമം.
- വ്യാളീരൂപം ഊര്‍ജസ്രോതസ്സാണ്. ഓഫീസിലോ വീട്ടിലോ കിഴക്കുഭാഗത്ത് ചിത്രമോ മരത്തില്‍ കൊത്തിയ രൂപമോ വെക്കുന്നത് ഉത്തമമാണ്.
- കുതിരലാടം വീടിന്റെ മുന്‍വാതിലിനു മുകളില്‍ മറ്റുള്ളവര്‍ കാണുന്ന രീതിയില്‍ സ്ഥാപിക്കാം
- മുളകളോ മുളകളുടെ ചിത്രങ്ങളോ വടക്കുദിശയില്‍ വെക്കുന്നത് ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും നല്ലതായി കരുതുന്നു.
- വ്യവഹാരവിജയം ഉണ്ടാകുന്നതിന് ഫിനിക്‌സ് പക്ഷിയുടെ രൂപം വെക്കാം.
ഒഴിവാക്കാം
- വീടിനു മുകളില്‍ വാട്ടര്‍ ടാങ്ക് ഉണ്ടാക്കുന്നതും സ്ഥാപിക്കുന്നതും നല്ലതല്ല.
- തൂണുകളില്‍ മാത്രം പടുത്തുയര്‍ത്തിയിരിക്കുന്ന കെട്ടിടങ്ങളില്‍ വസിക്കുന്നത് ദോഷകരമാണ്.
- ഹിംസയുടെയോ യുദ്ധങ്ങളുടെയോ യുദ്ധസന്നാഹങ്ങളുടെയോ പടങ്ങള്‍ വീട്ടില്‍ വെക്കാതിരിക്കാം.
- മുള്ളുള്ള ചെടികള്‍ വീടിന്റെ യാതൊരിടത്തും വെക്കാതിരിക്കുക.
- ഉണങ്ങിയ പൂക്കള്‍ ഉപയോഗിക്കാതിരിക്കുക.
- പുസ്തകം വെക്കുന്ന അലമാര/ഷെല്‍ഫ് തുറന്നതാവരുത്.
- കിടപ്പുമുറിയില്‍ ജലതത്ത്വപ്രതീകങ്ങള്‍, കടല്‍തീരദൃശ്യങ്ങള്‍ വെക്കാതിരിക്കുക.
- പാഴ് വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചുവെക്കരുത്..
വിവരങ്ങള്‍ക്ക് കടപ്പാട്: മധുസൂദനന്‍ പത്മനാഭന്‍, അശ്വനി ജ്യോതിഷാലയം, തളി, കോഴിക്കോട്
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Chinese Vastu Shastra