പുതിയ വീട് വെക്കാന്‍ തീരുമാനിക്കും മുമ്പുതന്നെ ഇന്റീരിയര്‍ ഡിസൈനിങ്ങിനെക്കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടാകും. ചെലവ്കുറയ്ക്കുന്നതിന്റെ ഭാഗമായി സാധനങ്ങളേറെയും ഓണ്‍ലൈനില്‍ വാങ്ങുന്നവരാണ് മിക്കയാളുകളും. എന്നാല്‍ ഉല്‍പന്നങ്ങള്‍ വാങ്ങുംമുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും. പ്രത്യേകിച്ചും സോഫ, കട്ടില്‍, മേശ, കസേര തുടങ്ങിയ ഫര്‍ണിച്ചറുകള്‍ വാങ്ങുമ്പോള്‍ ഒരല്‍പംകൂടി കരുതല്‍ കാണിക്കേണ്ടതുണ്ട്.  ഓണ്‍ലൈന്‍ സൈറ്റുകള്‍ തപ്പി കാഴ്ച്ചയില്‍ സുന്ദരമെന്നു തോന്നുന്ന ഫര്‍ണിച്ചറുകളെല്ലാം വാങ്ങാന്‍ തിരുമാനിക്കുംമുമ്പ്  ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. 

* സോഫയോ ബെഡ്ഡോ ഓണ്‍ലൈനില്‍ വാങ്ങാന്‍ തീരുമാനിക്കും മുമ്പ് അവ വെക്കേണ്ട സ്ഥലത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം. ഫര്‍ണിച്ചറുകളുടെ സൈസിനെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം ശ്രദ്ധയോടെ വായിച്ചിരിക്കണം. സൈസ് തീരുമാനിച്ചു കഴിഞ്ഞാല്‍ ഉല്‍പന്നം വീട്ടിലെത്തിച്ചു തരുമോ എന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണം.

* ഉല്‍പന്നം ഏതാണെന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ അടുത്തതായി ചെയ്യേണ്ടത് അതെക്കുറിച്ചുള്ള വിശദീകരണം മുഴുവനായി വായിച്ചിരിക്കണം എന്നതാണ്. ഉല്‍പന്നത്തിന്റെ നിറം, പ്രത്യേകതകള്‍, മുന്‍കരുതലുകള്‍ എന്നിവയെല്ലാം വായിച്ചിരിക്കണം. 

* അടുത്ത പ്രശ്‌നം അവ വീട്ടില്‍ എത്തിക്കുന്നതിന്റെ ചെലവാണ്. പല ഓണ്‍ലൈന്‍ വ്യാപാരികളും ഈ ചെലവ് ഉപഭോക്താക്കളില്‍ നിന്നുതന്നെയാണ് ഈടാക്കാറുള്ളത്. വലിയ ഫര്‍ണിച്ചറുകളും മറ്റും വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഷിപ്പിങ് ചാര്‍ജിനെക്കുറിച്ചും വ്യക്തമായ പരിശോധന നടത്തിയിരിക്കണം. അല്ലാത്ത സാഹചര്യങ്ങളിലാണ് ബില്ലിലെ തുകകാണുമ്പോള്‍ പലരും അന്തംവിടുന്നത്. 

* നിങ്ങള്‍ ഷോപ്പിങ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഓണ്‍ലൈന്‍ റീടെയ്‌ലറെക്കുറിച്ച്‌ ഉത്തമ വിശ്വാസമുണ്ടാകുമെങ്കിലും ഉല്‍പന്നത്തിന്റെ നിര്‍മാതാക്കളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം. ഉല്‍പന്നത്തിന്റെ ഗുണഗണങ്ങളെക്കുറിച്ചും പാക്കേജിങ്ങിനെക്കുറിച്ചും മുന്‍പത്തെ ഓര്‍ഡറില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ ധാരണകള്‍ ഉണ്ടാക്കാന്‍ ഇതു സഹായിക്കും. റേറ്റിങ് കുറവാണു കാണുന്നതെങ്കില്‍ ആ നിര്‍മാതാക്കളെ ഒഴിവാക്കുകയാവും നല്ലത്. 

* ഇനി ഉല്‍പന്നത്തെക്കുറിച്ച് മുഴുവനായും മനസ്സിലാക്കിക്കഴിഞ്ഞാലും അവ കയ്യിലെത്തിക്കഴിയുമ്പോഴാകും സൈസിലും ഗുണത്തിലുമൊക്കെ ഉദ്ദേശിച്ച സംതൃപ്തി കിട്ടാതിരിക്കുക. ഇത്തരം അവസരങ്ങളില്‍ നിങ്ങള്‍ക്ക് ഉല്‍പന്നം തിരിച്ചേല്‍പ്പിക്കേണ്ടി വന്നേക്കാം. എന്നാല്‍ ചില ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ ഒരിക്കല്‍ വിറ്റുകഴിഞ്ഞ ഉല്‍പന്നങ്ങളെ തിരിച്ചെടുക്കാറില്ല. അതിനാല്‍ റിട്ടേണ്‍ പോളിസിയെക്കുറിച്ചും നിശ്ചിത സമയപരിധിക്കുള്ളില്‍ മാറ്റിവാങ്ങാവുന്നതിനെക്കുറിച്ചും ഷിപ്പിങ് ഫീസ് തിരിച്ചു നല്‍കുന്നതിനെക്കുറിച്ചുമൊക്കെ പരിശോധിച്ചിരിക്കണം. 

 

Content Highlights: Things to check before buying home furniture online