പിറന്നാള്‍, വിവാഹവാര്‍ഷികം തുടങ്ങി നിരവധി സന്ദര്‍ഭങ്ങളില്‍ നമ്മള്‍ വീടുകളില്‍ പാര്‍ട്ടി ഒരുക്കാറുണ്ട്. അവസാന നിമിഷം തട്ടിക്കൂട്ടി നടത്തേണ്ടതല്ല വീട്ടിലൊരുക്കുന്ന പാര്‍ട്ടികള്‍. അതിന് നേരത്തെ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരിക്കലും മറക്കാനാവാത്ത സന്തോഷം നിറഞ്ഞ അനുഭവങ്ങള്‍ നമുക്ക് ലഭിക്കും.

ഒരുക്കാം ബാര്‍ കോര്‍ണര്‍

ബാര്‍ കോര്‍ണര്‍ എന്നതുകൊണ്ട് മദ്യം നല്‍കുന്ന ഇടം എന്നുമാത്രമല്ല അര്‍ത്ഥമാക്കുന്നത്. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് കുടിക്കാനുള്ള പാനീയങ്ങളൊക്കെ ഇവിടെ സജ്ജീകരിക്കാം. ഇവിടം ഭംഗിയായി ഒരുക്കാനും മറക്കരുത്. ഹാങ്ങിങ് ലാമ്പുകള്‍ ഇവിടെ തൂക്കാം. മനോഹരമായ പോസ്റ്ററുകള്‍ ഭിത്തിയിലൊട്ടിക്കുകയും ചെയ്യാം. 

അലങ്കാരത്തിന് ഫ്രഷ് ഫ്‌ളവര്‍

വീട് ആകര്‍ഷകമാക്കുന്നതിനൊപ്പം പുത്തനുണര്‍വും കൂടി നല്‍കുന്നതിന് ഫ്രഷ് ഫ്‌ളവര്‍ സഹായിക്കും. ഫ്രഷ് പൂക്കളാണ് ഇതിന് ഉത്തമം. ഒരു തീം തിരഞ്ഞെടുത്ത് അതിന് അനുയോജ്യമായ പൂക്കളും തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് ആര്‍ഭാടം ഒഴിവാക്കുന്നതിനൊപ്പം ആകര്‍ഷകവുമായിരിക്കും. മേശയിലോ ഫ്‌ളവര്‍വേസിലോ ഇത് ക്രമീകരിക്കാവുന്നതാണ്. 

ദീപാലങ്കാരം അവശ്യഘടകം

വീട്ടില്‍ നടത്തുന്ന പാര്‍ട്ടിയ്ക്ക് ദീപാലങ്കാരം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഇത് പിറന്നാളാഘോഷമായാലും വിവാഹവാര്‍ഷികത്തിന്റെ ആഘോഷമായാലും. മെഴുകുതിരികളും ഹാങ്ങിങ് ലാമ്പുകളും കൊണ്ട് മനോഹരമായി വീട് അലങ്കരിക്കാം. തീമിനനുസരിച്ചുള്ള ലൈറ്റുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഒരുപാട് എല്‍.ഇ.ഡി. ചെയിനുകള്‍ തൂക്കുന്നതിനേക്കാള്‍ ലാളിത്യം നിറഞ്ഞ ദീപാലങ്കാരമാണ് മികച്ചത്.

മേശ ഒരുക്കണം ക്രിയാത്മകമായി

വീട്ടില്‍ അതിഥികളെത്തും മുമ്പേ മേശ ഒരുക്കണം. അങ്ങനെയെങ്കില്‍ അവസാന നിമിഷം വെപ്രാളപ്പെട്ട് സാധനങ്ങള്‍ അടുക്കിവെക്കുന്നത് ഒഴിവാക്കാനാകും. ഡൈനിങ് ടേബിളായാലും ബുഫേ ആണെങ്കിലും നേരത്തെ ഇക്കാര്യം ക്രമീകരിക്കുന്നതാണ് നല്ലത്. ഓരോ സാധനങ്ങളും കൃത്യമായി വേണ്ട സ്ഥലത്ത് ആകര്‍ഷകമായി ക്രമീകരിക്കാം. അങ്ങനെയെങ്കില്‍ നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകെ ഭക്ഷണം  കഴിക്കാന്‍ കഴിയും.

സ്‌നാക്‌സ് വേണം അതിഥികള്‍ക്ക്

നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയതാണ് അതിഥികള്‍ എന്ന ഓര്‍മ പാര്‍ട്ടി നടത്തുമ്പോള്‍ ഉണ്ടാകണം. അവര്‍ക്ക് അനിഷ്ടമുണ്ടാകുന്ന ഒന്നും ചെയ്യാന്‍ പാടില്ല. കുട്ടകളുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി ചെറിയ പലഹാരങ്ങള്‍ കരുതാം. അത് വ്യത്യസ്ത രുചിയിലുള്ളതാകാം. നട്‌സും മറ്റും ടേബിളില്‍ ക്രമീകരിക്കാം. ഇത് നേരത്തെ സജ്ജീകരിച്ചാല്‍ പാര്‍ട്ടിക്കിടയില്‍ കടയിലേക്ക് ഓടുന്നത് ഒഴിവാക്കാന്‍ കഴിയും. 

അടുക്കളയും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. അതിഥികള്‍ക്ക് ഭക്ഷണം ഒരുക്കുന്ന അടുക്കള അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നത് ചിലപ്പോള്‍ അവരില്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

Content highlights: 5-ways-toget your home ready for a house party tips to make your house party the most memorable