കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയാനായി പല കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വീട്ടില്‍ തന്നെ ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള അവസരവും നല്‍കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും അത്ര ശീലമില്ലാത്ത കാര്യമായതുകൊണ്ടുതന്നെ തുടക്കത്തിലെങ്കിലും ചില വെല്ലുവിളികളും നേരിടാം. വീട്ടില്‍ നിന്ന് ഓഫീസ് ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.

പതിവുപോലെ തുടങ്ങാം

ഓഫീസിലേക്കു പോകാന്‍ നിങ്ങള്‍ എപ്രകാരം ദിവസം തുടങ്ങുന്നുവോ അത്തരത്തില്‍ തന്നെ വേണം വീട്ടില്‍ ജോലി ചെയ്യുമ്പോഴും. ഓഫീസിലേക്കു പോകുന്നില്ലെന്നു കരുതി വൈകി എഴുന്നേല്‍ക്കാനോ ദിനകര്‍മങ്ങള്‍ വൈകിക്കാനോ നില്‍ക്കേണ്ട. വീടാണല്ലോ എന്നു കരുതി വൈകി ജോലിയില്‍ പ്രവേശിക്കുന്നത് മടികൂട്ടാനും പണികള്‍ ഇരട്ടിക്കാനുമേ ഇടയാക്കൂ. 

പ്രത്യേകം ഇടം

വീട്ടില്‍ വച്ചല്ലേ ജോലി ചെയ്യുന്നത് ബെഡ്ഡിലോ സോഫയിലോ ഇരുന്നു ചെയ്യാം എന്നു കരുതല്ലേ. ഇതും നിങ്ങളെ മടിയന്മാരാക്കും. കൃത്യമായൊരു ഓഫീസ് സ്‌പേസ് ഇല്ലെങ്കില്‍ ഡൈനിങ് ടേബിളില്‍ ഓഫീസ് സെറ്റപ് ഒരുക്കാം. ഇത് ഓഫീസിലാണെന്ന തോന്നല്‍ ഉണ്ടാക്കും. ഒപ്പം കൃത്യമായ ഇടവേളകളില്‍ എഴുന്നേല്‍ക്കാനും സ്‌ട്രെച്ച് ചെയ്യാനും ശീലിക്കണം. യാത്രയുടെ സമയം ഒഴിവായിക്കിട്ടുന്നതുകൊണ്ട് ആ സമയം വ്യായാമം ചെയ്ത് ഉപയോഗപ്രദമാക്കാനും ശ്രമിച്ചുനോക്കാം. 

ശുദ്ധവായു ആവോളം

വീട്ടിനുള്ളില്‍ തന്നെ ഇരുന്നു ജോലി ചെയ്യുന്നതുകൊണ്ട് പലരും വായുവും വെളിച്ചവുമൊന്നും അധികം കടക്കാത്ത ഇടങ്ങളിലായിരിക്കും ഇരിക്കുന്നത്. അതുകൊണ്ട് ഓഫീസ് മുറിയായി സെറ്റ് ചെയ്യുന്നയിടത്തെ ജനലുകളും വാതിലുകളുമൊക്കെ തുറന്നിടാം, പരമാവധി ശുദ്ധവായുവും വെളിച്ചവും കടക്കട്ടെ. ഇടയ്ക്ക് വീട്ടിനുള്ളില്‍ തന്നെ ചെറിയ നടത്തവും ആകാം.

വീട്ടുജോലികള്‍ ഇടയ്ക്ക് വേണ്ട

ഓഫീസ് ജോലികള്‍ ചെയ്യുന്നതിനിടയ്ക്ക് വീട്ടുപണികള്‍ ചെയ്യാന്‍ മിനക്കെടുന്നതും ഒഴിവാക്കാം. ചെറിയ പണിയല്ലേ പെട്ടെന്നു തീര്‍ത്തു വരാം എന്നു കരുതിയാലും ഓഫീസ് ജോലികള്‍ ചെയ്യാനുള്ള ഫലപ്രദമായ മണിക്കൂറുകളാണ് നഷ്ടമാകുക എന്നോര്‍ക്കുക. ക്ലീനിങ് ആയാലും അടുക്കളജോലികള്‍ ആയാലും നേരത്തേ തീര്‍ത്തുവെക്കാം. 

കുട്ടികളുള്ള വീടുകളില്‍

കുട്ടികളുള്ളവര്‍ക്ക് ഓഫീസ് ജോലി വീട്ടിലാക്കുമ്പോള്‍ ഇരട്ടിപ്പണിയാകുമെന്നു പ്രത്യേകം പറയേണ്ടല്ലോ. വീട്ടില്‍ അമ്മയോ അച്ഛനോ ബന്ധുക്കളോ തുടങ്ങി കുട്ടിയെ നോക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നല്ലത്. ജോലി ചെയ്യാനൊരുങ്ങിയാല്‍ കുട്ടി കാണാത്ത മുറിയില്‍ ഇരിക്കുകയുമാവാം. കുട്ടികള്‍ ഉറങ്ങുന്ന അതിരാവിലെ, രാത്രി പോലുള്ള സമയം ഏറ്റവും നന്നായി ഉപയോഗപ്രദമാക്കാനും ശ്രമിക്കാം.

Content Highlights:  Ways to Work From Home