മിക്കയാളുകള്‍ക്കും വലിയ വീട് പണിയണമെന്നൊക്കെ ആഗ്രഹമുണ്ടാകുമെങ്കിലും ബജറ്റ് ഓര്‍ത്ത് പിന്തിരിയുന്നവരാണ്. ചെറിയ വീടാണെങ്കിലും വലിയതായി തോന്നിക്കാന്‍ ചില വഴികളുണ്ട്. അധികം കാശുചെലവില്ലാതെ വീടു പണിയുന്ന ഘട്ടത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട് ചെറുതാണെന്നു തോന്നുകയേ ഇല്ല.

അലങ്കാരങ്ങള്‍ അമിതമാവേണ്ട

എല്ലാവര്‍ക്കും വീട് അലങ്കരിക്കുന്നതിനെക്കുറിച്ചും സ്വപ്‌നങ്ങളുണ്ടാകും. എന്നാല്‍ ചെറിയ ഇടത്തെ ഒരുപാട് അലങ്കരിച്ച് അലങ്കോലമാക്കാതിരിക്കുന്നതാണ് നല്ലത്. പകരം കണ്ണാടിയും ഗ്ലാസ് വാളുമൊക്കെ ഉപയോഗിച്ചാല്‍ മുറിക്ക് കൂടുതല്‍ വലിപ്പം തോന്നിക്കും. വാങ്ങുന്ന ഫര്‍ണിച്ചറിന്റെ കാര്യത്തിലും വേണം പ്രത്യേകം ശ്രദ്ധ. മുറിയുടെ വലിപ്പത്തിനു ചേരുന്ന അമിത വലിപ്പമില്ലാത്ത ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 

മുറികള്‍ക്ക് ഇളംനിറം

ചുവരുകള്‍ക്ക് ഇളംനിറം നല്‍കുന്നത് കൂടുതല്‍ വലിപ്പം തോന്നിക്കാന്‍ സഹായകമാണ്. ഇളംനിറം മുറിയില്‍ കൂടുതല്‍ വെളിച്ചത്തിന് ഇടം നല്‍കുകയും ഇതുവഴി കൂടുതല്‍ സ്ഥലമുള്ളതായി തോന്നുകയും ചെയ്യും. ഇരുണ്ട നിറങ്ങള്‍ മുറിയെ ചെറുതായി തോന്നിക്കും. വെള്ള, ഗ്രേ, ക്രീം, മഞ്ഞ തുടങ്ങിയ നിറങ്ങള്‍ മുറിയുടെ വലിപ്പം കൂടുതല്‍ തോന്നിക്കാന്‍ നല്ലതാണ്. 

സ്വാഭാവിക വെളിച്ചം

വീടിനുള്ളിലേക്ക് സ്വാഭാവിക വെളിച്ചം ധാരാളം ലഭിക്കുന്നതും ഇന്റീരിയറിനെ വലിയതായി തോന്നാന്‍ സഹായിക്കുന്നു. സാധാരണത്തേതിനേക്കാള്‍ വലിയ ജനലുകള്‍ വെക്കുന്നത് ഗുണം ചെയ്യും. ഒപ്പം കട്ടികുറഞ്ഞ വെളിച്ചം ധാരാളം ലഭിക്കുന്ന കര്‍ട്ടനുകള്‍ ഇടാന്‍ ശ്രദ്ധിക്കുക. ഇനി വിശാലമായ ജനലുകള്‍ കുറവാണെങ്കിലും പ്രശ്‌നമില്ല, മുറിക്കുള്ളില്‍ കുറച്ചധികം ലൈറ്റുകള്‍ സെറ്റ് ചെയ്താലും മതി. 

വലിച്ചുവാരി വേണ്ട ഒന്നും

ബെഡ് റൂമുകളില്‍ കട്ടിലിനോടൊപ്പമുള്ള അലമാര, കട്ടിലിനടിയിലുള്ള അലമാര തുടങ്ങിയവ തിരഞ്ഞെടുത്താല്‍ സ്ഥലപരിമിതി നീങ്ങിക്കിട്ടും. വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാന്‍ സൗകര്യവുമായിരിക്കും. കട്ടിലിന്റെ അടിയില്‍ കുനിഞ്ഞ് നിന്ന് തൂത്തുവാരുന്ന പണിയും ഒഴിവായി കിട്ടും. ബുക്ക്ഷെല്‍ഫ് പോലുള്ളവ സീലിങ്ങിനോട് ചേര്‍ത്ത് നിര്‍മിച്ചാല്‍ കുറെയേറെ സ്ഥലം തോന്നിക്കും. കാഴ്ച തടസ്സപ്പെടുത്തുന്ന വസ്തുക്കള്‍ ഒഴിവാക്കുക എന്നതും പ്രധാനമാണ്. അവിടേയും ഇവിടേയും ചിതറിച്ച് വെക്കുന്ന സാധനങ്ങള്‍ ഒരു ഷെല്‍ഫില്‍ അടുക്കിവെക്കുക. 

Content Highlights: Ways to Make a Small Space Look Bigger