പ്രതീകാത്മക ചിത്രം | Getty Images
ഇരുനിലവീടായാലും അപ്പാര്‍ട്ട്‌മെന്റായാലും ബാല്‍ക്കണികള്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ്. പുറംലോകവുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്ന ഇടമെന്ന നിലയിലാണ് ബാല്‍ക്കണികള്‍ക്ക് പ്രസക്തിയേറുന്നത്. മിക്കവരും ബാല്‍ക്കണിയില്‍ പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നും നല്‍കാതെ ഒഴിച്ചിടുന്നതാണ് പതിവ്. എന്നാല്‍, വീടിന്റെ ഒരു ഭാഗമെന്ന നിലയില്‍ ഇവിടം ക്രിയാത്മകമായി അലങ്കരിക്കാവുന്നതാണ്. ഒഴിവുസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും ബാല്‍ക്കണി ഉപയോഗപ്പെടുത്താം.
ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകള്‍
ബാല്‍ക്കണിയില്‍ ഫര്‍ണിച്ചറുകള്‍ ഇടുമ്പോള്‍ അവ കാലാവസ്ഥയെ പ്രതിരോധിക്കുന്നതാണെന്ന് ഉറപ്പുവരുത്തണം. ഇതിനായി വിക്കര്‍, പ്ലാസ്റ്റിക്, റോട്ട് എയണ്‍, തേക്ക് എന്നിവയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കാം.
കാപ്പിയോ ചായയോ കുടിക്കുന്നതിനായി ഇവിടെ കോഫീ ടേബിളോ ആംചെയറോ നല്‍കാം. ഫര്‍ണിച്ചറുകള്‍ക്ക് തിളങ്ങുന്ന നിറങ്ങള്‍ നല്‍കാം. ഇത് ബാല്‍ക്കണിയിലേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരും. ബാല്‍ക്കണിക്ക് വലുപ്പം കുറവാണെങ്കില്‍ മടക്കിവയ്ക്കാവുന്ന കസേരയും ടേബിളും ഉപയോഗിക്കാം.
ബാല്‍ക്കണിയില്‍ ഊഞ്ഞാല്‍ കെട്ടുന്നത് വിനോദത്തിനും ഉല്ലാസത്തിനുമുള്ള അവസരം നല്‍കും.
വാടക വീടാണെങ്കില്‍ ഫര്‍ണിച്ചറുകള്‍ക്ക് പണം മുടക്കേണ്ടതില്ല. പകരം ഫ്‌ളോര്‍ പില്ലോകളും പാറ്റേണുകളോട് കൂടിയ റഗ്ഗും ഉപയോഗിക്കാം.
കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഫ്‌ളോറിങ്
കാലാവസ്ഥയെ പ്രതിരോധിക്കുന്നതായിരിക്കണം ബാല്‍ക്കണിയുടെ ഫ്‌ളോറിങ്. ചൂടും തണുപ്പും മഴയും മാറി മാറി വരുന്നത് ഫ്‌ളോറിങ്ങിന് മങ്ങലേല്‍പ്പിച്ചേക്കാം. വുഡ് ഫിനിഷിലുള്ള ഇന്റര്‍ലോക്കിങ് ഡെക്ക് ടൈലുകള്‍ മികച്ച തിരഞ്ഞെടുപ്പാണ്. ടെറാക്കോട്ട ടൈലുകളും കരിങ്കല്ലും നാച്ചുറല്‍ സ്റ്റോണും തറയില്‍ വിരിക്കുന്നത് അനുയോജ്യമാണ്.
തറയില്‍ കൃത്രിമപുല്ല് വിരിക്കുന്നത് ബാല്‍ക്കണിക്ക് നാച്ചുറല്‍ ലുക്ക് നല്‍കും.
ചെടികള്‍കൊണ്ട് അലങ്കരിക്കാം
ചെടികള്‍ക്കൊണ്ട് അലങ്കരിക്കാവുന്നതിനുള്ള മികച്ച ഓപ്ഷനാണ് ബാല്‍ക്കണി. വിവിധ തരത്തിലുള്ള ഇലച്ചെടികള്‍ വയ്ക്കാം. ബാല്‍ക്കണിയില്‍ സ്വകാര്യ കൊണ്ടുവരുന്നതിന് ഉയരമുള്ള ചെടികള്‍ വയ്ക്കാം. വള്ളിച്ചെടികള്‍ വളര്‍ത്താം.
ലൈറ്റിങ്
വലുപ്പം കൂടിയ പെഡന്റ് ലൈറ്റുകൊണ്ട് ബാല്‍ക്കണി അലങ്കരിക്കാം. ഇതിനുപകരം ചുവരില്‍ വയ്ക്കുന്ന വാള്‍ സ്‌കോണ്‍സെസും പിടിപ്പിക്കാം. ആവശ്യമെങ്കില്‍ ഹാന്‍ഡ് റെയ്‌ലിങ്ങില്‍ സ്ട്രിങ് ലൈറ്റുകളും പിടിപ്പിക്കാം.
മറ നല്‍കാം
ഓപ്പണ്‍ ടു സ്‌കൈ ബാല്‍ക്കണിയാണെങ്കില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ മറ നല്‍കാം.
ഇവ കൂടാതെ, ചെറിയൊരു വാട്ടര്‍ ഫൗണ്ടന്‍ നല്‍കുന്നത് ബാല്‍ക്കണി കൂടുതല്‍ സജീവമാക്കും. ചുവരില്‍ പെയിന്റിങ്ങുകള്‍ തൂക്കാം.
Content Highlights: balcony decoration, myhome, home decoration tips, decorate a balcony of any size
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..