ടുക്കള ജോലികള്‍ പങ്കിട്ടു ചെയ്യാനും എളുപ്പമാകാനും ആദ്യം വേണ്ടത് വീട്ടിലെ അടുക്കള എല്ലാവര്‍ക്കും യോജിച്ചതാക്കുകയാണ്. കൈ എത്താത്ത ഉയരത്തിലുള്ള സിങ്കും കബോര്‍ഡും ഒരാള്‍ക്ക് മാത്രം നില്‍ക്കാന്‍ ഇടമുള്ള വര്‍ക്ക് ഏരിയയുമൊക്കെ അടുക്കളയെ അത്ര സൗഹൃദപരമാക്കില്ല. പകരം എല്ലാവര്‍ക്കും യോജിച്ച കിച്ചണ്‍ മോഡലുകള്‍ തിരഞ്ഞൈടുക്കാം. അടുക്കളയുടെ വിസ്തൃതി, ക്രമീകരണങ്ങള്‍ എന്നിവ അനുസരിച്ച് ഓപ്പണ്‍ കിച്ചണ്‍, മോഡുലാര്‍ കിച്ചണ്‍, ഐലന്‍ഡ് കിച്ചണ്‍, എല്‍ ഷേപ്പ് കിച്ചണ്‍, യു ഷേപ്പ് കിച്ചണ്‍, തുടങ്ങി ആഡംബരങ്ങളേറെയുള്ളതും അല്ലാത്തതുമായ ധാരാളം മോഡലുകളുണ്ട്. 

സിങ്ക്, ഫ്രിഡ്ജ്, കിച്ചന്‍ കൗണ്ടര്‍ എന്നിവ ഉള്‍പ്പെടുന്ന വര്‍ക്കിങ് ട്രയാങ്കിള്‍ അടിസ്ഥാനമാക്കിയാണ് അടുക്കള ഡിസൈന്‍ ചെയ്യുന്നത്. ഇവ തമ്മിലുള്ള അകലം ആനുപാതികമായാല്‍ അടുക്കളയിലെ ജോലി അനായാസം ചെയ്യാനാവും. അടുക്കള ഫാമിലി ഫ്രണ്ട്‌ലിയാവാന്‍ ഇതാ ചില വഴികള്‍

1. അടുക്കള പണിയുമ്പോള്‍ വണ്‍വാള്‍ കിച്ചണായാലോ. ഏതെങ്കിലും ഒരു ചുമരില്‍ മാത്രമേ കൗണ്ടര്‍ ഉണ്ടാകൂ. സിങ്കും കിച്ചണ്‍ കൗണ്ടറും എല്ലാം ഒരേ നിരയിലായിരിക്കും. കുറഞ്ഞ സ്ഥലം മതി. അടുക്കള ജോലി ചെയ്യുമ്പോള്‍ ഓടി നടക്കേണ്ടി വരികയുമില്ല.

2. സമാന്തരമായി രണ്ട് കൗണ്ടര്‍ടോപ്പുള്ള അടുക്കളയാണ് കോറിഡോര്‍ കിച്ചണ്‍ അല്ലെങ്കില്‍ ഡബിള്‍ ഗാലി. ഇരുവശങ്ങളിലും നിന്ന് കൂടുതല്‍ ആളുകള്‍ക്ക് അടുക്കള ജോലികള്‍ ചെയ്യാം.

3. അടുക്കളയെന്ന അടഞ്ഞ മുറിയെ എല്ലാവര്‍ക്കുമുള്ള തുറന്നയിടമാക്കിയത് ഓപ്പണ്‍ കിച്ചണാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ടി.വി കണ്ടും തമാശ പറഞ്ഞും അടുക്കള ജോലികളില്‍എല്ലാവരെയും കൂട്ടി അതൊരു കുടുംബ ഇടമാക്കാന്‍ ഓപ്പണ്‍ കിച്ചണ്‍ സഹായിക്കും.

4. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാള്‍ റാക്കുകള്‍ ഏത് അടുക്കളയിലേക്കും അനുയോജ്യമാണ്. സ്ഥലം കുറവുള്ള അടുക്കളകളില്‍ പ്രത്യേകിച്ചും.

5. എല്ലാം കാബിനറ്റിനുള്ളിലാക്കി പൂട്ടികെട്ടാതെ ഇടയ്ക്ക് ഓപ്പണ്‍ ഷെല്‍ഫുകളും നല്‍കാം. കരകൗശല വസ്തുക്കളോ ഭംഗിയുള്ള പാത്രങ്ങളോ ചെടികളോ വച്ചാല്‍ അടുക്കളയ്ക്ക് ലൈവ് ലുക്ക് വരും

6. വലിച്ചടയ്ക്കാവുന്ന ഡ്രോയറുകള്‍ പോലുള്ള കബോര്‍ഡുകള്‍ വയ്ക്കാം. സാധനങ്ങളെ ഒതുക്കിവയ്ക്കാന്‍ ഇത് സഹായിക്കും. 

7. ഫ്രിഡ്ജ്, മിക്‌സ്, ഓവന്‍ തുടങ്ങിയവയുടെ പ്ലഗ്‌പോയിന്റുകള്‍ അടുക്കള പണിയുമ്പോള്‍ തന്നെ മുന്‍കൂട്ടി തീരുമാനിച്ച് സ്ഥാപിക്കണം. പൈപ്പിന്റെയും ഗ്യാസിന്റെയും സ്ഥാനവും അങ്ങനെ തന്നെ വേണം. ഗ്യാസ്, സിങ്ക് എന്നിവയ്ക്ക് ഇടയിലായി ഒരു ടൈലിന്റെ മറ പണിയാം.

8. അടുക്കള വാതിലിനു പിന്നിലായി ഒരു സ്റ്റാന്‍ഡ് പിടിപ്പിച്ച് ഭാരമില്ലാത്ത് കുപ്പികളും കവറുകളും അതില്‍ വയ്ക്കാം

9. ചുവരില്‍ ഹുക്കുകള്‍ പിടിപ്പിച്ചാല്‍ ഫ്രൈയിങ് പാനുകളും അരിപ്പകളും തൂക്കിയിടാം.

10. സിങ്ക് താഴ്ചയില്‍ ഘടിപ്പിക്കരുത്. പാത്രങ്ങള്‍ കഴുകാന്‍ ഒരുപാട് കുനിയേണ്ടി വരും. ഇത് നടുവിന് കൂടുതല്‍ ആയാസം നല്‍കും.

11. സിങ്കിന് താഴെ ഹുക്കുകള്‍ ഘടിപ്പിച്ചാല്‍ അതില്‍ ക്ലീനിങ് ഗ്ലൗസ്, ക്ലീനിങ് ബ്രഷ്, കിച്ചണ്‍ ടൗവ്വല്‍ എന്നിവ തൂക്കിയിടാം.

12. സിങ്കിന് താഴെ മാലിന്യം കളയാന്‍ വേസ്റ്റ് ഡിസ്‌പോസര്‍ ഉപയോഗിക്കാം. പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും വെവ്വേറെ കളയാന്‍ ഡബിള്‍ പുള്‍ഔട്ട് വേസ്റ്റ്ബിന്‍ ഉപയോഗിക്കാം. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Useful kitchen hacks