വീട്ടിലെത്തുന്ന അതിഥികളെ ഏറ്റവും ആദ്യം ആകര്‍ഷിക്കുന്ന ഘടകം നമ്മുടെ വീടിന്റെ പ്രവേശനകവാടമാണ്. ഇവിടം മനോഹരമാക്കുന്നതിന് ചില എളുപ്പമാര്‍ഗങ്ങളുണ്ട്. വീടിന് പുത്തനുണര്‍വ് നല്‍കുന്ന അവ ഏതെല്ലാമെന്ന് നോക്കാം. 

1. ഡ്രോയറുള്ള മേശ 

വാതിലിന് എതിര്‍വശത്തായി ഡ്രോയറുള്ള മേശ വയ്ക്കാം. ഇതിനുമുകളില്‍ പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുന്ന മെഴുകുതിരി സ്റ്റാന്‍ഡുകളോ അലങ്കാര വസ്തുക്കളോ വയ്ക്കാം. നിങ്ങള്‍ പുറത്തേക്ക് പോകുമ്പോള്‍ പെട്ടെന്ന് എടുക്കാന്‍ പാകത്തില്‍ ബില്ലുകള്‍, പേന, വാഹനങ്ങളുടെ താക്കോലുകള്‍, മാസ്‌ക്, സാനിറ്റൈസര്‍ മുതലായവ വലിപ്പിനുള്ളില്‍ വയ്ക്കാം. മുറി ഇടുങ്ങിയതാണെങ്കില്‍ മേശയുടെ വലുപ്പം അധികമാകാതെ ശ്രദ്ധിക്കണം.

2. ചിത്രപ്പണികൾ

ഫോട്ടോഗ്രാഫുകള്‍, ഛായാചിത്രങ്ങള്‍, സ്മാരക ചിഹ്നങ്ങള്‍ തുടങ്ങിയവ ഭിത്തിയില്‍ തൂക്കാം. ഇവിടം സ്വകാര്യമായി  തോന്നുന്നതിന് ഇത് മികച്ച മാര്‍ഗമാണ്.

3. കണ്ണാടി

വീട്ടിലേക്ക് കയറിച്ചെല്ലുന്ന ഇടം ഇടുങ്ങിയതാണെങ്കില്‍ ഇവിടെ ഒരു വലിയ കണ്ണാടി വയ്ക്കാം. ഇടുങ്ങിയ സ്ഥലം കൂടുതല്‍ വിശാലമാണെന്ന് തോന്നിപ്പിക്കുന്നതിന് കണ്ണാടിക്ക് കഴിയും. ഇതിനു പുറമെ പുറത്തേക്ക് പോകുമ്പോള്‍ നമ്മുടെ രൂപഭംഗി വേഗത്തില്‍ നോക്കുന്നതിനും ഇത് മികച്ചമാര്‍ഗമാണ്. 

4. ഭിത്തിയ്ക്ക് നല്‍കാം അലങ്കാരപ്പണി

അതിഥികളുടെ ശ്രദ്ധ നേടുന്നതിന് ഭിത്തിയില്‍ കടുംനിറമുള്ള പെയിന്റ് അടിക്കാം. ഇതിനു പുറമെ അലങ്കാര വസ്തുക്കള്‍ തൂക്കാം. വാള്‍പേപ്പറുകള്‍, ഉരുളന്‍കല്ലുകള്‍, മെറ്റാലിക് പെയിന്റ്, ഡിസൈനര്‍ ടൈല്‍സ് എന്നിവ കൊണ്ട് ഇവിടെ അലങ്കരിക്കാം. എന്നാല്‍, ഇവ എല്ലാം വെച്ച് ഭിത്തി തിങ്ങി ഞെരുങ്ങിയിരിക്കാതെ ശ്രദ്ധിക്കണം.

5. പച്ചപ്പ് നിറയട്ടെ

വരാന്തയോട് ചേര്‍ന്ന് ഇന്‍ഡോര്‍ പ്ലാന്റുകളിലേതെങ്കിലും ഒന്ന് വയ്ക്കാം. പച്ചപ്പ് നിറയുന്നതോടെ അതുവരെയുണ്ടായിരുന്ന വീടിന്റെ ലുക്ക് തന്നെ മാറുന്നത് കാണാന്‍ സാധിക്കും.

Content highlights: tips to style the entrance foyer to your home