വീട് പണി തീര്‍ന്നു തുടങ്ങുമ്പോഴേക്കും ഏതു പെയിന്റ് അടിക്കണമെന്ന കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ടാകും. കണ്ടാല്‍ ആരും കിടിലന്‍ എന്നു പറയണം ഒപ്പം ചെലവും കുറയണം എന്ന ആഗ്രഹത്തോടെയായിരിക്കും പലരും പെയിന്റുകള്‍ തെരഞ്ഞെടുക്കുക. പെയിന്റിങ് ചെലവ് കുറച്ചു ചെയ്യാനും ചില വഴികളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം,

* ചുവര്‍ പണി മുതല്‍ ശ്രദ്ധയോടെ സമീപിച്ചാലെ പെയിന്റിങ് ചെലവു കുറച്ചു പൂര്‍ത്തിയാക്കാന്‍ കഴിയൂ. പ്ലാസ്റ്ററിങ് കൃത്യമായി ചെയ്യലാണ് ഇതില്‍ ആദ്യത്തേത്. ഇതു വൃത്തിയായി ചെയ്തില്ലെങ്കില്‍ പെയിന്റ് ഈട് നില്‍ക്കില്ല. അങ്ങനെ വരുമ്പോള്‍ ഒരു കോട്ട് പുട്ടിയടിച്ചതിനു ശേഷമേ പെയിന്റ് ചെയ്യാവൂ. 

* പ്ലാസ്റ്ററിങ്ങിലെ അപാകതകള്‍ വ്യക്തമായ ദൃശ്യമാകുന്ന ചുവരുകളില്‍ പുട്ടിയിട്ട ശേഷം കടുംനിറത്തിലുള്ള പെയിന്റുകള്‍ അടിച്ചാല്‍ മതിയാകും.

* പ്ലാസ്റ്ററിങ്ങിലെ ഫിനിഷിങ് പോലെ തന്നെ പ്രധാനമാണ് പെയിന്റിങ്ങിലെ ഫിനിഷിങ്ങും. അധികം കോട്ട് അടിക്കാതെ തന്നെ ഫിനിഷിങ് കൈവരുന്നതില്‍ പ്രൈമറിനും ചെറുതല്ലാത്ത പങ്കുണ്ട്. മികച്ച ഗുണമേന്‍മയുള്ള പ്രൈമര്‍ മാത്രം പെയിന്റിങ്ങിനായി തെരഞ്ഞെടുക്കുക. ഈ പ്രൈമര്‍ രണ്ടുകോട്ടിലധികം അടിക്കാതെ തന്നെ അതിനു മുകളില്‍ പെയിന്റിങ് ചെയ്യാം. 

* പെയിന്റിങ്ങില്‍ ഏറ്റവുമധികം ചെലവു വരുന്ന മറ്റൊരു കാര്യം തൊഴിലാളികള്‍ക്കായി വരുന്ന പണിക്കൂലിയാണ്. ഇത് കുറയ്ക്കാനായി സ്‌പ്രേ പെയിന്റിങ് എന്ന വഴി തെരഞ്ഞെടുക്കാം. 

* വീടിന്റെ പെയിന്റ് മങ്ങിപ്പോയതിനാല്‍ പുതുതായി പെയിന്റ് അടിക്കാന്‍ പ്ലാന്‍ ചെയ്യുകയാണെങ്കില്‍ പുതിയ നിറങ്ങള്‍ തേടിപ്പോകാതിരിക്കുന്നതാകും നല്ലത്. നേരത്തെ ഉണ്ടായിരുന്ന പെയിന്റിനു മുകളില്‍ തന്നെ അതേ നിറം അടിക്കുന്നത് കൂടുതല്‍ കോട്ട് ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കില്ല. 

* പെയിന്റ് ചെയ്യും മുമ്പ് നിറങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കണം. ഒരുപാടു നിറങ്ങള്‍ പരീക്ഷിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അതു നിങ്ങളുടെ ചെലവും കൂട്ടുമെന്ന് ഓര്‍ത്തോളൂ. ഒരു പ്രൈമറി കളറും ഒരു സെക്കന്‍ഡറി കളറും എടുത്താല്‍ തന്നെ ധാരാളമായി, നിറങ്ങള്‍ കുറയ്ക്കുന്നത് മെറ്റീരിയല്‍സിന്റെ ചെലവു മാത്രമല്ല , ഒപ്പം തൊഴിലാളികളുടെ എണ്ണവും കുറയ്ക്കും. 

Content Highlights: Tips on How to Reduce Painting Cost