വീടായാല്‍ അടുക്കള വേണം. അടുക്കള ആയാലോ? ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ വേണം. എന്നാല്‍ ആരോഗ്യകരമായ അടുക്കളയ്ക്ക് ആവശ്യമില്ലാത്തതായി പലതുമുണ്ട്.

  • പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ 

ശരീരത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും ഉപയോഗപ്രദമാണെന്ന കാരണത്താല്‍ പ്ലാസ്റ്റിക്കിനെ സ്‌നേഹിക്കുന്നവരാണ് നമ്മള്‍. മിക്ക വീടിന്റെയും അടുക്കളയില്‍ കാണാം ഉപയോഗം കഴിഞ്ഞിട്ടും തേച്ചു കഴുകി എടുത്തു വച്ചിരിക്കുന്നതായ ഇത്തരം പ്ലാസ്റ്റിക് പാത്രങ്ങൾ.

ആഹാര പദാര്‍ത്ഥങ്ങള്‍  പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുന്നത് ആരോഗ്യദായകമല്ല അതിനാല്‍ അവ കഴിവതും ഒഴിവാക്കുക 

  • പ്ലാസ്റ്റിക് കുപ്പികൾ

ഉപയോഗിച്ച ശേഷം കളയേണ്ട വസ്തുക്കളാണ് സോഫ്റ്റ് ഡ്രിങ്ക്‌സ് ബോട്ടിലുകള്‍. എന്നാല്‍ ഇവ തന്നെയാണ് കഴുകിയെടുത്ത് വെള്ളം സൂക്ഷിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്നത. ഇത് ശരീരത്തിന് വളരെ ദോഷം ചെയ്യും. അതിനാല്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ മാറ്റി ഗ്ലാസിന്റെ ബോട്ടിലുകള്‍ ഉപയോഗിക്കുക.

  • പ്ലാസ്റ്റിക് കവറുകള്‍ 

ചെറിയ പ്ലാസ്റ്റിക് കവറുകളുടെ ശേഖരവും അവ തൂക്കിയിടുന്ന വലിയ പ്ലാസ്റ്റിക് ബാഗും മിക്ക അടുക്കളയിലെയും കാഴ്ചയാണ്. പ്ലാസ്റ്റിക് ബാഗുകള്‍ നിരോധനമൊന്നും ഇവിടെ വിലപ്പോയിട്ടില്ല എന്ന് തെളിയിക്കുന്ന വിധം. അതിനാല്‍ ആ വലിയ ബാഗോടെ തന്നെ ഇത് അടുക്കളയില്‍ നിന്നും ഒഴിവാക്കിക്കോളൂ. എന്നാല്‍ വല്ലവന്റെ പറമ്പിലും പാതയോരത്തും കൊണ്ട് തള്ളുന്ന തനി മലയാളി സ്വഭാവം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.. അവനവന്റെ പുരയിടത്തില്‍ തന്നെ ഇവ കളയാനുള്ള വഴി നോക്കുക. 

  • ഉപയോഗിക്കാതെ വച്ചിരിക്കുന്ന പാത്രങ്ങളും അടുക്കള  ഉപകരണങ്ങളും 

പണ്ടെന്നോ സമ്മാനമായി കിട്ടിയ കുറെ അടുക്കള വസ്തുക്കള്‍ മിക്ക വീട്ടിലും കാണും. അതിന്റെ പാക്കറ്റ് പോലും തുറക്കാതെ. എന്തിനു കിട്ടിയതാണെന്നും കൂടി പലപ്പോഴും ഓര്‍മ കാണില്ല. എന്തിനാ ഈ വക ഐറ്റംസ് ഷോ പീസ് പോലെ വീട്ടില്‍ സൂക്ഷിക്കണോ? നിങ്ങള്‍ക്ക് അവയുടെ ഉപയോഗം ഇല്ലെങ്കില്‍ അവ ആര്‍ക്കെങ്കിലും സമ്മാനിക്കുക. 

  • കാലാവധി കഴിഞ്ഞ ആഹാരസാധനങ്ങൾ

കാലാവധി കഴിഞ്ഞ ഒരു വസ്തു പോലും അടുക്കളയും സൂക്ഷിക്കരുത്. ഏതൊക്കെ തരത്തില്‍ ഇവ നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുമെന്ന് പറയാനാകില്ല. പാക്കറ്റില്‍ നിന്നും പൊട്ടിച്ച് പാത്രങ്ങളിലാക്കിയ വസ്തുക്കളാണെങ്കില്‍ അവയുടെ നിറത്തിലോ മണത്തിലോ മാറ്റം വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് പഴകിയതാണെങ്കില്‍ എത്രയും വേഗം കളയുക .

  • പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന പിഞ്ഞിത്തുടങ്ങിയ സ്‌പോഞ്ച് 

ഏറ്റവുമധികം അണുക്കള്‍ വസിക്കുന്ന ഇടമാണ് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌പോഞ്ച്. നിത്യവും ഉപയോഗശേഷം ചൂട് വെള്ളത്തില്‍ കഴുകി സൂക്ഷിക്കേണ്ട സ്‌പോഞ്ച പിഞ്ഞിത്തുടങ്ങിയാല്‍ പോലും മാറ്റാത്തവരാണ് മിക്കവാറും. ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഇവ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

  • പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ 

ഭക്ഷണം ബാക്കി വന്നാല്‍ നേരെ ഫ്രിഡ്ജിലേക്കു തള്ളും. പിറ്റേ ദിവസം എടുക്കാനും മറക്കും. പിന്നീട് ആഴ്ചകള്‍ കഴിഞ്ഞാകും അങ്ങിനെയൊരു സാധനത്തിന്റെ കാര്യം ഓര്‍ക്കുന്നത് പോലും. എന്നാല്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ പാകം ചെയ്ത ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. 

  • കേടുവന്ന പാനുകളും മറ്റ് പാത്രങ്ങളും 

കോട്ടിങ് പോയ നോണ്‍സ്റ്റിക് പാനുകളും മറ്റു പാത്രങ്ങളും അടുക്കളയില്‍ നിന്നും ഒഴിവാക്കണം. ഇതില്‍ പാകം ചെയ്യുമ്പോള്‍ കോട്ടിങ് ആഹാര പദാര്‍ത്ഥങ്ങളോടൊപ്പം അകത്തു ചെന്ന് പല വിധ അസുഖങ്ങള്‍ക്കും കാരണമാകും.