ടുക്കളയിലെ പാത്രങ്ങൾ വയ്ക്കുന്ന ഏരിയ നോക്കിയാല്‍ മുമ്പത്തേക്കാള്‍ കൂടുതലായി പലരും നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നതു കാണാം. എളുപ്പത്തില്‍ കഴുകാമെന്നതും പാകം ചെയ്യാമെന്നതുമൊക്കെയാണ് നോണ്‍സ്റ്റിക്കിനെ പ്രിയങ്കരമാക്കുന്നത്. എന്നാല്‍ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ കരുതുന്നതിനേക്കാള്‍ വേഗത്തില്‍ നശിക്കുന്നവയുമാണിവ. കൃത്യമായ കരുതലോടെ നോണ്‍സ്റ്റിക് പാത്രങ്ങളെ സംരക്ഷിക്കുകയാണെങ്കില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. നോണ്‍സ്റ്റിക് പാത്രങ്ങള്‍ സൂക്ഷിക്കാനുള്ള ചില നിര്‍ദേശങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്. 

* നോണ്‍സ്റ്റിക് പാനില്‍ ഒരിക്കലും മെറ്റല്‍ കൊണ്ടുള്ള സ്പൂണുകളോ ഒന്നും ഉപയോഗിക്കരുത്. അവ പാത്രത്തിനു മുകളിലുള്ള നോണ്‍ സ്റ്റിക് ഉപരിതലം കേടുവരുത്തും. 

* നോണ്‍സ്റ്റിക് പാനിനു മുകളില്‍ ഉരയ്ക്കുന്നതും നല്ലതല്ല. ഭക്ഷണ അവശിഷ്ടമോ മറ്റോ ഇളകാതെ പറ്റിപ്പിടിച്ചിരിക്കുകയാണെങ്കില്‍ അല്‍പനേരം കുതിര്‍ത്തു വച്ച് റബ്ബര്‍ സ്പാറ്റുലയോ സ്‌ക്രബറോ ഉപയോഗിച്ച് നീക്കം ചെയ്യാം. 

* അധികം വീര്യമില്ലാത്ത സോപ്പ് ഉല്‍പന്നങ്ങള്‍ മാത്രമേ നോണ്‍സ്റ്റിക് പാനുകള്‍ കഴുകാനായി ഉപയോഗിക്കാവൂ. മിക്ക ഡിഷ് വാഷ് ഡിറ്റര്‍ജന്റുകളും പരുക്കനാണ്, ഇവയും ഉപരിതലത്തിനു കേടുവരുത്തും. 

* അമിതമായി ചൂടായിരിക്കുന്ന സമയങ്ങളില്‍ തണുത്ത വെള്ളം ഒഴിക്കാതിരിക്കുക. ചൂടുമാറി സാധാരണ അവസ്ഥയിലേക്കായതിനു ശേഷം മാത്രം തണുത്ത വെള്ളം ഒഴിക്കുക. അതല്ലെങ്കില്‍ ഉപരിതലം ചുരുങ്ങിപ്പോകും. 

* ഒരു സാധാരണ നോണ്‍സ്റ്റിക് പാനിന്റെ ആയുസ്സ് ഏകദേശം അഞ്ചു വര്‍ഷമാണ്. നോണ്‍സ്റ്റിക് പാനിന്റെ ഉപരിതലം ഇളകി വരാന്‍ തുടങ്ങുകയോ കുഴിയുകയോ ചെയ്യുകയാണെങ്കില്‍ കാലാവധി കഴിയാറായെന്നും മനസ്സിലാക്കുക. 

* ഭക്ഷണം പാകം ചെയ്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്കു മാറ്റിവെക്കാനും മറക്കരുത്. നോണ്‍സ്റ്റിക് പാനില്‍ തന്നെ രാത്രി മുഴുവനും ഭക്ഷണസാധനങ്ങള്‍ വെക്കുന്നതും പാനിന്റെ ഉപരിതലം കേടാകാൻ കാരണമാകും. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: things to know about nonstick pans