വീടു പണിയുമ്പോള്‍ വുഡന്‍ ടച്ച് കൂടുതല്‍ വേണമെന്നു പ്രത്യേകം പറയുന്നവരുണ്ട്. ട്രഡീഷണല്‍ ശൈലിയില്‍ നിര്‍മിക്കുന്ന വീടുകളിലേറെയും മരത്തിന്റെ ഉപയോഗവും കൂടുതലായിരിക്കും. വീടുപണിക്കായി മരം തിരഞ്ഞെടുക്കും മുമ്പ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്, അവ എന്തൊക്കെയെന്നു നോക്കാം.

കട്ടള, ജനല്‍പ്പടി, ജനല്‍പ്പാളി, വാതില്‍ തുടങ്ങി വീട്ടിലേക്ക് ആവശ്യമായ തടിയുടെ മൊത്തം കണക്കെടുക്കുകയാണ് ആദ്യം വേണ്ടത്. അലമാരകള്‍ക്കും അത്യാവശ്യം ഫര്‍ണീച്ചറുകള്‍ക്കും വേണ്ട തടിയും ഇതിനൊപ്പം എടുക്കാം. തടി എപ്പോഴും ഒരുമിച്ചെടുക്കുന്നതാണ് ലാഭം. തടിയെക്കുറിച്ച് വിവരമുള്ള ഒരാളുടെ ഒപ്പം മാത്രം തടി തിരഞ്ഞെടുക്കാന്‍ പോവുക. കാരണം മരത്തിന്റെ മൂപ്പ്, വെള്ള എന്നിവ തിരിച്ചറിയാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ.

തടി വാങ്ങുന്നത് പല തരത്തിലാകാം. ഡിപ്പോയില്‍ നിന്ന് നേരിട്ട് വാങ്ങാം. അല്ലെങ്കില്‍ മരം വാങ്ങി തടി അറപ്പിച്ചെടുക്കാം. കൂടാതെ റെഡിമെയ്ഡ് വാതില്‍, കട്ടള, ജനല്‍ തുടങ്ങിയവയും വാങ്ങാന്‍ കിട്ടും. മരം വാങ്ങി ഈർന്നെടുക്കുന്നതാണ് ലാഭം. ഇതിന് സമയനഷ്ടം കൂടുതലാണെന്നു മാത്രം.

ക്യുബിക് ഫീറ്റ് അളവിലാണ് മരത്തിന് വില കണക്കാക്കുക. വണ്ണവും ഗുണവും അനുസരിച്ച് തടിയെ വിവിധ ക്ലാസുകളായി തരംതിരിച്ചിട്ടുണ്ട്. തടിയുടെ വണ്ണം കൂടുന്നതിനനുസരിച്ച് വിലയും കൂടും. പക്ഷേ, വണ്ണം കൂടുതലുള്ള തടി വാങ്ങുന്നതാണ് ലാഭകരം. വേസ്റ്റ് പരമാവധി കുറയും. മൂപ്പെത്തിയ മരംതന്നെ തിരഞ്ഞെടുക്കണം. മൂപ്പെത്താത്ത മരത്തിന് ഉറപ്പ് കുറയും. വളവും തിരിവുമുള്ള തടി വാങ്ങുന്നത് നഷ്ടമാണ്. ആവശ്യാനുസരണം അറപ്പിച്ചെടുക്കാന്‍ പ്രയാസമായിരിക്കും എന്നതാണ് കാരണം. തടി നന്നായി തട്ടിനോക്കിയാല്‍ അകംപൊള്ളയാണോ വിണ്ടുകീറിയിട്ടുണ്ടോ എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയും.

ചിതല്‍ പിടിക്കാത്തതും കുത്തു വീഴാത്തതുമായ തടി വേണം തിരഞ്ഞെടുക്കാന്‍. തടി അറത്തു കഴിഞ്ഞാല്‍ കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് അടുക്കിവെക്കണം. നന്നായി ഉണങ്ങിയശേഷമേ ഉപയോഗിക്കാവൂ. പക്ഷേ, വെയിലത്തിട്ട് ഉണക്കാന്‍ ശ്രമിക്കരുത്.

ചെലവ് കുറയ്ക്കാന്‍ വഴികള്‍

കട്ടളയ്ക്കും ജനലിനുമൊക്കെ തേക്കും വീട്ടിയും പോലെ വിലകൂടിയ മരങ്ങള്‍ ഉപയോഗിക്കാതെ ഇരുള്‍, മരുത്, പ്ലാവ് എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ തടി വാങ്ങുന്നതിന്റെ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാം. ജനലുകളുടെ ഫ്രെയിമുകള്‍ പിടിപ്പിക്കുമ്പോള്‍ വിലകുറഞ്ഞ അല്‍പം ഭാരം കൂടുതലുള്ള മഹാഗണിപോലുള്ള തടി ഉപയോഗിച്ചാല്‍ മതി.

മരപ്പണിക്ക് മെഷിന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ പണിക്കൂലി വകയിലും നല്ലൊരു ലാഭം ഉണ്ടാകും. വീടുപണി നടക്കുമ്പോള്‍ മരപ്പണി ചെയ്യുന്നത് റേറ്റിനോ, ദിവസക്കൂലിക്കോ എന്ന് ആദ്യമായി ഉറപ്പിക്കണം. റേറ്റിനാണെങ്കില്‍ തുടക്കം മുതല്‍ വീടുപണി തീരുന്നതുവരെയുള്ള റേറ്റ്വിവരം, ഐറ്റം തിരിച്ച് എഴുതിവാങ്ങാന്‍ ശ്രമിക്കുക. പണിക്കിടയില്‍ പറയുന്ന റേറ്റുകള്‍ നഷ്ടമുണ്ടാക്കും. റേറ്റില്‍ പറയുന്നതിനനുസരിച്ച് നമുക്കാവശ്യമായ പണികള്‍ മാത്രം തിരഞ്ഞെടുക്കുക. ഓരോ പണിയും തീരുന്നതിനനുസരിച്ച് കണക്ക് തീര്‍ക്കുക. മുന്‍കൂറായി പണം നല്‍കരുത്. അല്‍പം ബാലന്‍സിടുന്നത് നല്ലതാണ്.

Content Highlights: Things to consider when choosing Wood