കോവിഡ്-19 പടര്‍ന്ന് പിടിക്കുമ്പോള്‍ നമ്മുടെ വ്യക്തി ശുചിത്വത്തെ പറ്റിയുള്ള അറിയിപ്പുകളാണ് എവിടെയും. മാസ്‌ക് ധരിക്കാനും ഹസ്തദാനം ഒഴിവാക്കാനും... അങ്ങനെ പലതും. ഇതിനിടയില്‍ ഇടയ്ക്കിടെ വീടിനെയും അണുവിമുക്തമാക്കാന്‍ മറക്കേണ്ട. 

എ​പ്പോഴും തൊടുന്ന ഇടങ്ങള്‍ ആദ്യം അണുവിമുക്തമാക്കാം

കതകിന്റെ പിടികള്‍, കാബിനറ്റ് ഹാന്‍ഡിലുകള്‍, ഫ്രിഡ്ജ് ഡോര്‍, സിങ്ക്, റിമോട്ട് കണ്‍ട്രോള്‍... ഏറ്റവും കൂടുതല്‍ രോഗാണുക്കള്‍ പറ്റിപ്പിടിക്കുന്ന ഇടങ്ങളില്‍ ചിലതാണ് ഇവ. പുറത്തൊക്കെ പോയി വന്നാല്‍ വൃത്തിയാക്കാത്ത കൈകൊണ്ട് ഇതില്‍ എല്ലാം തൊടുകയും ചെയ്യും. അതുകൊണ്ട് ആദ്യം അണുവിമുക്തമാക്കേണ്ടത് ഈ സ്ഥലങ്ങളാണ്. നല്ല അണുനാശിനി ഉപയോഗിച്ച് ദിവസവും രണ്ട് നേരവും ഇപ്പറഞ്ഞ സ്ഥലങ്ങള്‍ തുടയ്ക്കാം. 

അണുനാശിനി സ്‌പ്രെ ചെയ്യാം

കൗച്ച്, സോഫ പോലുള്ളവ വെറുതേ തുടച്ചാല്‍ മാത്രം അണുവിമുക്തമാകില്ല. പകരം അണുനാശിനികളേതെങ്കിലും സ്‌പ്രേ ചെയ്യാം. സ്‌പ്രേ ഉപയോഗിക്കുമ്പോള്‍ അണുനാശിനി എല്ലാഭാഗത്തും എത്തും. അണുനാശിനി ഉണങ്ങിയ ശേഷം മാത്രം കൗച്ചില്‍ ഇരിക്കാം. 

ടേബിള്‍, കൗണ്ടര്‍ടോപ്പ്‌സ്, ബെഡ് ഇവയിലും ഇത്തരം അണുനാശിനികള്‍ സ്‌പ്രേചെയ്യാം. വൈപ്പുകള്‍ തീര്‍ന്നാല്‍ വൃത്തിയുള്ള പേപ്പറിലോ തുണിയിലോ അണുനാശിനി സ്‌പ്രേ ചെയ്ത് അവ വൈപ്പുകള്‍ക്ക് പകരം ഉപയോഗിക്കാം. 

തറ വൃത്തിയാക്കാന്‍ ബ്ലീച്ച് മിശ്രിതം

പുറത്ത് പോകുമ്പോള്‍ ധാരാളം രോഗാണുക്കള്‍ നമ്മുടെ കാലില്‍ കയറികൂടിയിട്ടുണ്ടാവും. ഇവ നമുക്കൊപ്പം വീടിനുള്ളിലേയ്ക്ക് സുഖമായി എത്തുകയും ചെയ്യും. ബാത്ത് റൂമിന്റെയും അടുക്കളയുടെയും തറ ബ്ലീച്ച് മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കാം. ഒരു കപ്പ് ബ്ലീച്ച് ആവശ്യത്തിന് വെള്ളത്തില്‍ കലക്കിയാല്‍ മിശ്രിതം റെഡി.

എന്നാല്‍ തടികൊണ്ടുള്ള തറയില്‍ ബ്ലീച്ച് പാടില്ല. പകരം അരക്കപ്പ് വൈറ്റ് വിനഗര്‍ നാല് ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം.  

ഹൈഡ്രജെന്‍ പെറോക്‌സൈഡ്

വെറുതേ പല്ലും നഖവുമൊക്കെ വൃത്തിയാക്കാന്‍ മാത്രമല്ല, ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒന്നാന്തരം അണുനാശിനിയാണ്. സിങ്ക്, ടോയിലറ്റ് ടോപ്പ് എന്നിവിടങ്ങളില്‍ ഇത് നേരിട്ട് ഒഴിക്കുക. പതിനഞ്ച് മിനിട്ടിന്‌ശേഷം വൃത്തിയായി കഴുകാം.

Content Highlights: Sanitize your home from corona virus