വൃത്തിയുള്ള വീട്ടിലേ ഐശ്വര്യവും ഉണ്ടാകൂ. നിത്യേനയെന്നോണം നമ്മള്‍ അടിച്ചുവാരിയും തുടച്ചും വീട് വൃത്തിയാക്കാറുള്ളതാണ്. കണ്ണില്‍ പെടുന്ന പൊടിയും മാറാലയും അഴുക്കും കളഞ്ഞാലും നമ്മുടെ കണ്ണെത്താതെ കിടക്കുന്ന സ്ഥാനങ്ങളുണ്ട്, പക്ഷെ വീടിന്റെ അടിമുടി ആരോഗ്യം എന്നത് ഈ സ്ഥലങ്ങളും സാധങ്ങളും വൃത്തിയാക്കുന്നതിലാണ്.

  • ബേസ് ബോര്‍ഡും വാതിലുകളും 

നിത്യവും നിലം തുടച്ചാലും തറയും ചുവരും ചേരുന്ന ബേസ്ബോര്‍ഡിനെ പലപ്പോഴും അവഗണിക്കാറാണ് പതിവ്. അതുപോലെ തന്നെയാണ് വാതിലുകളും. എന്നാല്‍ പൊടിയും ചെളിയും എളുപ്പം അടിഞ്ഞു കൂടുന്ന ഇടമാണിത്. അല്പം വിനാഗിരിയും വെള്ളവും മിക്‌സ് ചെയ്തതില്‍ തുണി മുക്കി വാതിലുകളും ബേസ് ബോര്‍ഡും വൃത്തിയാക്കാം. അതുപോലെ തന്നെയാണ് ഡോര്‍ ഹാന്‍ഡിലുകളും. കറ പിടിച്ച്  കറുത്ത് വൃത്തികേടായി ഇരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ വൃത്തിയാക്കാനും വിനഗര്‍ തന്നെ തന്നെ മതി. 

  • സോഫയുടെയും സെറ്റിയുടെയും വിടവുകള്‍ 

വല്ലതും കൊറിച്ചുകൊണ്ട് സോഫയില്‍ ചാഞ്ഞിരുന്ന് ടി.വി കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഇത്തരത്തില്‍ ആഹാര പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് പൊടികളും സോഫയുടെയും സെറ്റിയുടെയും വിടവുകളില്‍ അടിഞ്ഞു കൂടുന്നതും സ്വാഭാവികമാണ്. വാക്വം ക്ലീനര്‍ വച്ചോ സോപ്പ് പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ആക്കി അഴുക്കു പുരണ്ട സ്ഥലത്ത് പുരട്ടി നനഞ്ഞ തുണി കൊണ്ട് തുടച്ചു മാറ്റിയോ സോഫയും സിറ്റിയും മുഴുവനായും വൃത്തിയാക്കാം. 

  • സ്വിച്ച് ബോര്‍ഡ്

എളുപ്പം വൃത്തികേടാകുന്ന ഒന്നാണ് വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍. ഇരുണ്ട നിറമാണെങ്കില്‍ പെട്ടെന്ന് കണ്ണില്‍ പെട്ടെന്നു വരില്ല. എന്നാല്‍ ഇളം നിറങ്ങളാണെങ്കില്‍ കറ പിടിച്ച് ഇരുണ്ട് കിടപ്പുണ്ടാകും. വെള്ളം കൊണ്ട് വൃത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ കൈ തുടയ്ക്കാന്‍ ഉപയോഗിക്കുന്ന സാനിറ്റേഷന്‍ വൈപ്‌സ് കൊണ്ട് തുടച്ചെടുക്കാം. 

  • കര്‍ട്ടനുകള്‍ 

അഴുക്കിന്റെയും പൊടിയുടെയും കൂടാരമാണ് വീട്ടിലെ കര്‍ട്ടനുകള്‍. പലതും പൊടി നിറഞ്ഞ് നിറം തന്നെ മാറിയിട്ടുണ്ടാകും. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കര്‍ട്ടനുകള്‍ നല്ലപോലെ സോപ്പിട്ട് കഴുകി വെയിലത്തുണക്കി എടുക്കാന്‍ ശ്രദ്ധിക്കുക. 

  • വാഷിംഗ് മെഷീന്‍ 

തുണികളിലെ അഴുക്കെല്ലാം കളയുന്ന വാഷിംഗ് മെഷീന്‍ വൃത്തിയാക്കാന്‍ എപ്പോഴെങ്കിലും ശ്രമിക്കാറുണ്ടോ? കാര്യം സിമ്പിള്‍ ആണ്. വാഷിങ് മെഷീനില്‍ വെള്ളം നിറച്ച് വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഓണാക്കി ഒന്ന് കറക്കിയെടുത്താല്‍ മാത്രം മതി.

  • ഡസ്റ്റ് ബിന്‍ 

അടുക്കള മാലിന്യങ്ങളും മറ്റും നിക്ഷേപിക്കാന്‍ വീട്ടില്‍ വച്ചിരിക്കുന്ന ഡസ്റ്റ് ബിനും ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കേണ്ടതാണ്. അണുക്കള്‍ പെരുകാതിരിക്കാന്‍ സോപ്പ് പൊടിയിട്ട് കഴുകി വെയിലത്ത് വച്ചുണക്കി വേണം ഓരോ തവണയും ഉപയോഗിക്കാന്‍.

  • ടി.വി റിമോട്ട് 

അതെ, അണുക്കള്‍ തമ്പടിക്കുന്ന മറ്റൊരു പ്രധാന സ്ഥലമാണ് ടി.വി റിമോട്ട്. വാങ്ങിയതിന് ശേഷം ഒന്ന് തുടയ്ക്കാന്‍ പോലും നമ്മള്‍ മിനക്കെടാറില്ല. നനഞ്ഞ തുണി കൊണ്ട് മാസത്തിലൊരിക്കലെങ്കിലും ടി.വി റിമോട്ട് വൃത്തിയാക്കിയെടുത്തോളൂ.

  • ഫ്രിഡ്ജ്, അലമാര എന്നിവയുടെ അടിഭാഗം 

പൊടി നിറഞ്ഞു ചിലന്തിയുടെയും മറ്റു ചെറുപ്രാണികളുടെയും വാസസ്ഥലമാണ് അലമാര, ഫ്രിഡ്ജ് എന്നിവയുടെ അടിഭാഗം . മാസത്തിലൊരിക്കലെങ്കിലും ഇവ സ്ഥാനം മാറ്റി അടിഭാഗം വൃത്തിയാക്കുക.

  • മൊബൈല്‍ ഫോണ്‍ 

പല തരത്തിലുള്ള അഴുക്കുകളും അണുക്കളും  അടിഞ്ഞ് കൂടുന്ന മറ്റൊരു വസ്തുവാണ് മൊബൈല്‍ ഫോണ്‍. ചിലരുടെ ചര്‍മത്തില്‍ ചില ഭാഗത്തു മാത്രം മുഖക്കുരുവും ചുവന്ന പാടുകളും കാണാറുണ്ട്. മൊബൈല്‍ ഫോണ്‍ ആണ് ഇവിടെ വില്ലന്‍. ഇന്ന് മൊബൈല്‍ ഫോണ്‍ വൃത്തിയാക്കാന്‍ പല തരം വൈപ്പുകൾ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

courtesy : Homebliss