വീടിന് പുത്തന്‍ ഭാവം നല്‍കാനുള്ള എളുപ്പ മാര്‍ഗമാണ് പെയിന്റിംഗ്. വീടിന്റെ ആരോഗ്യത്തിന്  തന്നെയാണ് പ്രതിവിധി. എന്നാല്‍ വര്‍ധിച്ചു വരുന്ന വിലക്കയറ്റവും പണിക്കൂലിയും കാരണം നാലും അഞ്ചും  പത്തും വര്‍ഷം കൂടുമ്പോഴാണ് മിക്കവരും പെയിന്റിങ്ങിനെ കുറിച്ച് ആലോചിക്കുക തന്നെ. എന്ത് തന്നെയായാലും പെയിന്റിംഗ് ചെയ്യുന്നതിന് മുന്‍പ് ഇതൊക്കെ അറിഞ്ഞിരിക്കണം. 

 • ഏത് നിറം വേണമെന്ന് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഇഷ്ടമുള്ള നിറം പലപ്പോഴും മുറികളില്‍ ചേരണമെന്നില്ല . ആ നിറം തന്നെ ഉപയോഗിക്കണമെങ്കില്‍ ഒരു ചുവര്‍ മാത്രം ഹൈലൈറ് ചെയ്‌തോ മറ്റോ ഉപയോഗിക്കാം.
 • കിടപ്പുമുറികളില്‍ എപ്പോഴും വളരെ കുളിര്‍മയുള്ള നിറങ്ങള്‍ നല്‍കുന്നതാണ് ഉചിതം. 
 • പെയിന്റിങ്ങിന് വരുന്ന ചിലവ് മറ്റൊരു പ്രധാന കാര്യമാണ്. നാട്ടിലുള്ള പെയിന്റര്‍മാരെ ഏല്‍പ്പിക്കുന്നത് സാമ്പത്തികമായി എപ്പോഴും നല്ലതാണ്. പല പ്രമുഖ പെയിന്റ് കമ്പനികളും വീടിന്റെ വിസ്തീര്‍ണവും മറ്റും നല്‍കിയാല്‍ തുക കണക്ക് കൂട്ടി തരാറുണ്ട്. അത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. 
 • പെയിന്റില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകളും (വോള്‍ട്ടൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ടസ് അല്ലെങ്കില്‍ വി.ഓ.സി ) മറ്റും അന്തരീക്ഷ വായു മലിനമാക്കും. മാത്രമല്ല ആസ്ത്മ, മനംപിരട്ടല്‍, ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ പലരിലും പെയിന്റിങ്ങിന് ശേഷം കണ്ടുവരാറുമുണ്ട്. അതിനാല്‍ കുറവ് വി.ഓ.സി ഉള്ള പെയിന്റ് വാങ്ങാന്‍ ശ്രദ്ധിക്കുക. കാശ് കുറച്ച് കൂടുതലാകുമെങ്കിലും ആരോഗ്യപരമായി നല്ലത് അതാണ്.
 • മുറികളില്‍ നല്ലപോലെ വായുസഞ്ചാരം ഉറപ്പ് വരുത്തണം. പെയിന്റിങ്ങിന് കഴിഞ്ഞ് ആ മണമെല്ലാം പോയതിന് ശേഷം മുറികള്‍ ഉപയോഗിക്കുന്നതാണ് ഉചിതം 
 • ചിലവും സമയവും ലാഭിക്കാന്‍ പെയിന്റ് ചെയ്യുന്ന ക്രമം ശ്രദ്ധിച്ചാല്‍ മതി. ആദ്യം മുകള്‍ത്തട്ട്‌, പിന്നെ ചുമര്‌ ഏറ്റവും ഒടുവില്‍ വാതിലുകളും ജനലുകളും എന്ന രീതിയില്‍ വേണം പെയിന്റ് ചെയ്യാന്‍. 
 • അകം ചുമരുകളില്‍ അടിക്കാന്‍ നാല് തരം പെയിന്റുകളാണ് ഉള്ളത് - 
 1. ഡിസ്റ്റംപര്‍- ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണ്. വൈറ്റ്‌വാഷ് എന്നും പറയാം. ശീമ ചുണ്ണാമ്പ്, കുമ്മായം, വെള്ളം എന്നിവയാണ് പ്രധാന ചേരുവകള്‍ 
 2. ലസ്റ്റര്‍/ഇനാമല്‍ - വെള്ളവുമായി കൂട്ടി കലര്‍ത്താന്‍ കഴിയാത്ത ഓയില്‍ ബേസ്ഡ് പെയിന്റുകളാണ് ഇത്. ഉണങ്ങാന്‍ ധാരാളം സമയം വേണം ഒപ്പം തന്നെ രൂക്ഷ ഗന്ധം പലര്‍ക്കും അരോചകവുമായിരിക്കും. ദീര്‍ഘ നാള്‍ ഈട് നില്‍ക്കും എന്നുള്ളതാണ് പ്രത്യേകത. 
 3. എമല്‍ഷന്‍ -വെള്ളം അടിസ്ഥാനമാക്കിടുള്ള പെയിന്റ് ആണ് ഇതും. മാറ്റ് ഫിനിഷും നല്‍കുന്നു. അക്രിലിക് ഗുണമാണ്  ഈ പെയിന്റിനെ വ്യത്യാസപ്പെടുത്തുന്ന ഘടകം .ഏറെ നാള്‍ ഈട് നില്‍ക്കും. മാത്രമല്ല കഴുകാനും സാധിക്കും. കറകളൊക്കെ ഉണ്ടെങ്കില്‍ നനഞ്ഞ തുണി വച്ച് തുടച്ചെടുക്കാനും സാധിക്കും. ഫംഗസ് പൂപ്പല്‍ എന്നിവയെ തടുക്കുകയും ചെയ്യും 
 • പുറം ചുവരുകള്‍ക്ക് -എമല്‍ഷന്‍, സിമന്റ് , ടെക്‌സ്ച്ചേര്‍ഡ് എന്നിങ്ങനെയാണ് വരുന്നത്.
 • മാറ്റ്, സാറ്റിന്‍, സെമി ഗ്ലോസ്, ഗ്ലോസി എന്നിങ്ങനെയാണ് പെയിന്റിന്റെ ഫിനിഷിങ് വരുന്നത് 
 • പെയിന്റയിങ് കഴിഞ്ഞാലും ശ്രദ്ധിക്കേണ്ടതുണ്ട് 
 1. കഴുകാന്‍ സാധിക്കുന്ന പെയിന്റ് ആണെങ്കില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ സോപ്പ് ലായനി വച്ച് കഴുകി കൊടുക്കുന്നത് ഈട് വര്‍ധിപ്പിക്കും 
 2. കറകള്‍ വീണിട്ടുണ്ടെങ്കില്‍ അവ ഉണങ്ങി പിടിക്കുന്നതിന് മുന്‍പ് വൃത്തിയാക്കണം. 
 3. വെള്ളത്തിന്റെ ലീക്കേജോ മറ്റോ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ് 
 4. സൂര്യ പ്രകാശമേല്‍കുന്ന ഭാഗത്തെ ഇനാമല്‍ പെയിന്റും വാതിലുകളിലെയും ജനാലകളിലെയും പെയിന്റും പെട്ടെന്ന് മങ്ങും. മര ഉരുപ്പടി ആണെങ്കില്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍ വാര്‍ണിഷ് അടിച്ചു കൊടുക്കാം.

വീടിന്റെ ശരിയായ ആരോഗ്യത്തിന് വര്‍ഷത്തില്‍ ഒരു തവണ എങ്കിലും പെയിന്റ് ചെയ്യുന്നത് തന്നെയാണ് ഉചിതം.