ചൂടിന് ഒരാശ്വാസമായാണ് മഴ എത്തിയതെങ്കിലും വീടിനും വീട്ടുകാര്‍ക്കുമൊക്കെ ഒരുപോലെ പരിചരണം നല്‍കേണ്ട കാലമാണിത്. ആരോഗ്യപൂര്‍ണമായ അന്തരീക്ഷത്തിന് വൃത്തിയും വെടിപ്പുമുള്ള അകത്തളങ്ങള്‍ കൂടിയേ തീരു. മഴയെത്തുന്നതോടെ വീടും പരിസരവും അലങ്കോലമാകാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. 

തുണികളിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍

മഴക്കാലത്ത് തുണി ഉണക്കലാണ് ഏറ്റവും വെല്ലുവിളി . തുണികള്‍ വെയിലത്ത് ഇടാതെ ഉണക്കേണ്ടിവരുമ്പോള്‍ തുണികള്‍ക്കും ഒപ്പം തുണികള്‍ സൂക്ഷിച്ചുവയ്ക്കുന്ന അലമാരകളിലും ദുര്‍ഗന്ധമുണ്ടാകുന്നു. ഈ ദുര്‍ഗന്ധമകറ്റാന്‍ അലമാരയില്‍ കര്‍പ്പൂരം വയ്ക്കുക. തുണികളിലെ ദുര്‍ഗന്ധവും ഇതിലൂടെ അകറ്റാം. ഒരു കാരണവശാലും  പൂര്‍ണമായും ഉണങ്ങാത്ത തുണികള്‍ അലമാരയില്‍ വയ്ക്കരുത്.  കഴിയുന്നതും മഴക്കാലത്ത് സിന്തറ്റിക്ക് വസ്ത്രങ്ങള്‍ തന്നെ ഉപയോഗിക്കുക. ഇത് വേഗത്തില്‍ ഉണങ്ങിക്കിട്ടും. 

ഫര്‍ണിച്ചറുകളില്‍ പൂപ്പല്‍ പിടിക്കേണ്ട

മഴക്കാലത്ത് സംരക്ഷണം വേണ്ട ഒന്നാണ് ഫര്‍ണിച്ചറുകള്‍. ഈര്‍പ്പവും പൂപ്പലും ഫര്‍ണിച്ചറുകള്‍ നേരിടുന്ന മഴക്കാല രോഗങ്ങളാണ്. ഫര്‍ണിച്ചറുകളിലെ പൂപ്പലുകള്‍ വീട്ടിലുള്ളവരുടെ മൊത്തം ആരോഗ്യത്തെ ബാധിക്കാന്‍  കാരണമാകും. ചില തരം പ്രാണികള്‍ ഫര്‍ണിച്ചറുകളെ ആക്രമിക്കാനും ഇടയുണ്ട്. കര്‍പ്പൂരം, വേപ്പ് ഇവയുടെ സാന്നിധ്യം പ്രാണികളെ  അകറ്റും. അതേപോലെ ഫര്‍ണിച്ചറുകള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞ് ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക. മണ്ണെണ്ണ, ഗ്ലിസറിന്‍ എന്നിവ ഉപയോഗിക്കുന്നതും മഴക്കാലത്ത് ഫര്‍ണിച്ചറുകളെ സംരക്ഷിക്കും.

കാര്‍പ്പെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍

മഴക്കാലത്ത് വീട്ടില്‍ കാര്‍പ്പെറ്റുകള്‍ ഉപയോഗിക്കാതിരിക്കുന്നതാകും അഭികാമ്യം. കാര്‍പ്പെറ്റുകള്‍ നന്നായി പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് സൂക്ഷിക്കാം. ചവിട്ടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ മഴക്കാലത്ത് കഴിയുന്നതും പ്ലാസ്റ്റിക്ക് ചവിട്ടി ഉപയോഗിക്കുക. വേഗത്തില്‍ കഴുകാനും വേഗത്തില്‍ ഉണങ്ങാനും പ്ലാസ്റ്റിക്ക് ചവിട്ടികളാണ് അഭികാമ്യം.  

മെറ്റല്‍ ഉത്പന്നങ്ങള്‍

മെറ്റല്‍ ഉത്പന്നങ്ങളെന്തെങ്കിലും വീട്ടിലുണ്ടെങ്കില്‍ അവയെ  വെള്ളം നനയാതെ സൂക്ഷിക്കുക. ഈര്‍പ്പമുണ്ടെങ്കില്‍ ഇത്തരം മെറ്റല്‍ ഉത്പന്നങ്ങളില്‍ തുരുമ്പ് പിടിക്കാന്‍ ഇടയാകും.

ഇലക്ട്രോണിക് ഉപകരണങ്ങള്‍

മഴക്കാലത്ത്  ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധവേണം. ഇവയുടെ പ്ലഗുകള്‍ കഴിയുന്നതും സ്വിച്ച് ബോര്‍ഡില്‍ നിന്നും ഊരി ഇടുക. ഇടിമിന്നലുണ്ടാകുമ്പോള്‍ ഉപകരണങ്ങളുടെയും നിങ്ങളുടെയും സുരക്ഷയ്ക്ക് ഇത് സഹായിക്കും. നനഞ്ഞ കൈ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്. ഈര്‍പ്പമുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിന്നും ഇലക്രോണിക്  ഉപകരണങ്ങള്‍ മാറ്റിവയ്ക്കണം. 

Content Highlights: Monsoon Home Care Tips