പ്രതീകാത്മക ചിത്രം|photo:instagram.com/foundation4wellness/
വീടും അടുക്കളയും വൃത്തിയാക്കല്‍ ദൈനംദിനജീവിതത്തിലെ വലിയൊരു തലവേദന തന്നെയാണ്. പാത്രങ്ങളും വസ്ത്രങ്ങളും മുറികളുമെല്ലാം വൃത്തിയാക്കിയില്ലെങ്കില്‍ വീട് അലങ്കോലമായിപ്പോകും. അടുക്കളയിലെ കാര്യമായാല്‍ പാത്രങ്ങളിലെ കറയും മെഴുക്കുമെല്ലാം കളയുന്നതും വലിയ ബുദ്ധിമുട്ടേറിയ പണിയാണ്.
മഞ്ഞളില്ലാത്തൊരു അടുക്കളയെക്കുറിച്ചോ പാചകത്തെക്കുറിച്ചോ നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ മഞ്ഞള്‍ വില്ലനാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഭക്ഷണപദാര്‍ഥങ്ങള്‍ പാകം ചെയ്യുന്ന പാത്രങ്ങള്‍, ക്രോക്കെറി പാത്രങ്ങള്‍ തുടങ്ങിയവയിലൊക്കെ മഞ്ഞളിന്റെ കറ വന്നാല്‍ പിന്നെ പറയണ്ട.
അവയുടെ ഭംഗിയും വൃത്തിയും നഷ്ടമാകും. സോപ്പും ഡിഷ് വാഷുമൊക്കെ തോറ്റുപോകുന്ന കറയായിരിക്കും പലപ്പോഴും വരുന്നത്. കൂടുതല്‍ ഉരച്ചു കഴുകുന്നത് വഴി പാത്രങ്ങളുടെ സ്വാഭാവികതയും ഭംഗിയും ഇല്ലാതാകുകയും ചെയ്യും.
പാത്രങ്ങളിലെ ഈ മഞ്ഞ കറ വൃത്തിയാക്കാന്‍ വീട്ടില്‍ തന്നെ ലഭ്യമായ ചില പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കാം. പരീക്ഷിച്ചു മടുത്ത ഐഡിയകള്‍ ഉപേക്ഷിച്ച് നമുക്ക് പാത്രങ്ങളുടെ പഴയ ഭംഗി തിരിച്ചുപിടിക്കാം
വിനാഗിരി
കറ പിടിച്ച പാത്രങ്ങള്‍ ഭംഗിയാക്കാന്‍ വിനാഗിരി പ്രയോഗം നല്ലതാണ്. വലിയ ഒരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് വിനാഗിരി, അര കപ്പ് ഉപ്പ്, പിന്നെ വെള്ളവും ഒഴിച്ച് വച്ചശേഷം പാത്രങ്ങള്‍ അതിലേയ്ക്ക് മുക്കി വെയ്ക്കാം. അര മണിക്കൂറിന് ശേഷം നല്ല വെളളം ഉപയോഗിച്ച് കഴുകിയെടുക്കാം.
നാരങ്ങ
നാരങ്ങയും കറ കളയുന്നതില്‍ വലിയ സഹായിയാണ്. ഇവ കറ പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കും. നാരങ്ങയിലെ ആസിഡ് ഘടകമാണ് ഇതിന് കാരണം. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, കുറച്ച് വെള്ളം എന്നിവ ചേര്‍ത്തുവെക്കണം. ഇതിലേയ്ക്ക് മഞ്ഞള്‍ കറയുള്ള പാത്രങ്ങള്‍ ഒരു രാത്രി മുഴുവന്‍ മുക്കി വയ്ക്കുക. രാവിലെ വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ കറ പോയിട്ടുണ്ടാകും.
ബേക്കിങ്ങ് സോഡ
കറ കളയാന്‍ ബേക്കിങ് സോഡയും ഉപയോഗിക്കാം. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് വെള്ളവും രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിങ്ങ് സോഡയും ചേര്‍ത്തുവെക്കാം. ശേഷം ഇതിലേയ്ക്ക് പാത്രങ്ങള്‍ ഇറക്കി വയ്ക്കണം. 15 മിനിറ്റിന് ശേഷം നല്ല വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയെടുക്കാം.
ഗ്ലിസറിന്‍
മഞ്ഞക്കറയില്‍ നിന്നും രക്ഷ നേടാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കാം. ആദ്യം ചെയ്യേണ്ടത് രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് കാല്‍ കപ്പ് ഗ്ലിസറിനും കാല്‍ കപ്പ് സോപ്പ് വെള്ളവും ചേര്‍ക്കണം. അതിന് ശേഷം ഒരു തുണി ഈ മിശ്രിതത്തില്‍ മുക്കി കറ പിടിച്ച പാത്രങ്ങള്‍ അത് കൊണ്ടു കഴുകാം. പിന്നീട് ഇളം ചൂടുവെള്ളം ഉപയോഗിച്ച് പാത്രങ്ങള്‍ നന്നായി കഴുകണം.
Content Highlights: Remove Turmeric Stains, Utensils,kitchen, kitchen tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..