അടുക്കളയിലെ ചെറിയ സ്റ്റാന്‍ഡുകള്‍, നിലത്തിടുന്ന റഗ്ഗുകള്‍ ഇവയൊന്നും വലിയ വിലകൊടുത്തു വാങ്ങേണ്ട. പകരം ഒരിത്തിരി സമയവും പഴയ തുണിയും തടി കഷണങ്ങളും മതി. ഇവയൊക്കെ നമുക്ക് തന്നെ റെഡിയാക്കാം.
റോപ്പ് റഗ്ഗ്
എന്തൊക്കെ
- ക്ലോത്ത് ബാന്‍ഡ് (പാന്റ്‌സ്, സാരി സ്‌കെര്‍ട്ടിന് ഒക്കെ ഉപയോഗിക്കുന്ന നാട)
- പഴയ കോട്ടണ്‍ തുണികള്‍, പല നിറങ്ങളിലുള്ളത്. കടുംനിറങ്ങളാണ് കൂടുതല്‍ നല്ലത്
എങ്ങനെ
ആദ്യം തുണികള്‍ റിബണ്‍ പോലെ മുറിച്ചെടുക്കുക. തുണി റോപ്പിന് മുകളില്‍ ചുറ്റുക. ചുറ്റുന്നത് അനുസരിച്ച് തുണി റോപ്പില്‍ തുന്നിച്ചേര്‍ക്കണം. ഒപ്പം ഇത് റീല്‍ പോലെ ചുറ്റുകയും വേണം. ഒരോ തുണിവീതം ഇടകലര്‍ത്തി ചുറ്റാം. അടുക്കളയിലും ബാത്ത് റൂമിന് മുന്നിലുമൊക്കെ ഇടാന്‍ പറ്റിയ ഡി.ഐ.വൈ റഗ് റെഡി
കോഫി മഗ് സ്റ്റാന്‍ഡ്
എന്തൊക്കെ
- ഉരുളന്‍ തടി കഷണങ്ങള്‍ പല വലിപ്പത്തില്‍ ഉള്ളവ
- ഡ്രില്‍
- രണ്ട് ഇഞ്ച് ആണികള്‍- നാല്
- കോണ്‍ക്രീറ്റ് മിക്‌സ്- അല്‍പം
- പ്ലാസ്റ്റിക് കണ്ടെയ്‌നര്‍- അധികം ബലമില്ലാത്ത പഴയ ഐസ്‌ക്രീം കണ്ടെയ്‌നര്‍ മതിയാവും
- വുഡ് ഗ്ലൂ
- ഫോം ബ്രഷ്
എങ്ങനെ
ആദ്യം വലിപ്പം കൂടിയ തടികഷണത്തില്‍ പലയിടങ്ങളിലായി മൂന്നോ നാലോ ദ്വാരങ്ങള്‍ ഉണ്ടാക്കാം. പല വശങ്ങളിലായി വേണം ഇവ. ചെറിയ തടി കടന്നു പോകുന്ന വലിപ്പത്തില്‍ വേണം ദ്വാരങ്ങള്‍. ചെറിയ തടികഷ്ണത്തിന്റെ രണ്ട് അറ്റത്തും ഇതേ പോലെ ഡ്രില്‍ ഉപയോഗിച്ച് ദ്വാരമുണ്ടാക്കാം. ഏറ്റവും ചെറിയ തടി കയറുന്ന വലിപ്പത്തില്‍. വലിയ തടി കഷണത്തിന്റെ ഏറ്റവും താഴെ നാല് ആണികള്‍ തറയ്ക്കാം. ഇനി കണ്ടെയ്‌നറിനുള്ളില്‍ കോണ്‍ക്രീറ്റ് മിക്‌സ് ചെയ്ത് അതിനുള്ളില്‍ ഇത് ഇറക്കി വയ്ക്കാം. കോണ്‍ക്രീറ്റ് ഉറച്ചുകഴിഞ്ഞാല്‍ കണ്ടയ്‌നര്‍ പൊട്ടിച്ചുമാറ്റാം. ഇനി ചെറിയ തടികള്‍ സ്റ്റാന്‍ഡില്‍ ഉറപ്പിച്ച തടിയുടെ ദ്വാരത്തിലൂടെ കടത്തി വയ്ക്കണം. മരത്തിന്റെ കൊമ്പുകള്‍ പോലെ. വുഡ് ഗ്ലൂ ഉപയോഗിച്ച് ഇവ ഉറപ്പിക്കുക. ഇനി ചെറിയ തടിയുടെ അറ്റത്തുള്ള ദ്വാരങ്ങളില്‍ ഏറ്റവും ചെറിയ തടികഷ്ണങ്ങള്‍ ഇറക്കി വയ്ക്കണം. ഇതിലും ഗ്ലൂ പുരട്ടാം. ഇതില്‍ കപ്പുകളും മഗ്ഗുകളും തൂക്കിയിടാം.
Content Highlights: Kitchen DIY Ideas