പലപ്പോഴും എങ്ങോട്ടെങ്കിലും യാത്ര തിരിക്കാന്‍ സമയത്താകും ഏതു വസ്ത്രം ധരിക്കണമെന്നു പോലും നിശ്ചയിക്കുക. നേരം വൈകിയ നേരത്ത് നോക്കുമ്പോഴോ തുണിയെല്ലാം ചുക്കിച്ചുളിഞ്ഞു കിടക്കുകയുമാകും. പിന്നെ ഒരോട്ട പ്രദക്ഷിണമായിരിക്കും, തേപ്പുപെട്ടിയുമെടുത്ത് ഒറ്റശ്വാസത്തില്‍ അയേണ്‍ ചെയ്തു കഴിയുമ്പോഴേക്കും സമയവും അതിന്റെ വഴിക്കു പോയിട്ടുണ്ടാകും. എന്നാല്‍ ഇത്രയൊന്നും മിനക്കെടാതെ വെറും മിനിറ്റുകള്‍ക്കുള്ളില്‍ അയേണ്‍ ചെയ്‌തെടുക്കാനുള്ളൊരു വിദ്യയാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.
ഒരു വാഷിങ് മെഷീനും ഏതാനും ഐസ് കട്ടകളും മാത്രം മതി എളുപ്പത്തില്‍ തുണി തേച്ചുമിനുക്കിയെടുക്കാം. സമയം ലാഭിക്കണമെന്നുള്ളവര്‍ക്കും അയേണ്‍ ബോക്‌സിനോടു മല്ലിട്ടു മടുക്കുന്നവര്‍ക്കും സ്വീകരിക്കാവുന്ന മാര്‍ഗം എന്ന നിലയ്ക്കാണ് പലരും ഈ വഴി വൈറലാക്കുന്നത്. മെഷീനിലെ ഡ്രയറിലേക്ക് രണ്ടോ മൂന്നോ ഐസ് ക്യൂബുകളിട്ട് ഏതാനും നിമിഷങ്ങള്‍ ഉയര്‍ന്ന താപനിലയില്‍ വെക്കുക. ഡ്രയറിലെ താപനില കൊണ്ട് ഐസ് ഉരുകി വെള്ളമാവുകയും ആവിയാകുയും ചെയ്യുന്നു. ഡ്രയറില്‍ നിന്നു പ്രവഹിക്കുന്ന ആവിയുടെ സഹായത്താല്‍ തുണിയിലെ ചുളിവുകള്‍ ഇല്ലാതാകുന്നു. അങ്ങനെ അയേണ്‍ ബോക്‌സ് ചെയ്യുന്ന ജോലി വളരെ സിംപിളായി നടക്കുന്നുവെന്നാണ് അനുഭവസ്ഥര്‍ അവകാശപ്പെടുന്നത്.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഐസ് ക്യൂബുകള്‍ക്കൊപ്പം ഒരു ലോഡ് വസ്ത്രവും ഇടരുത്. ഒന്നോ രണ്ടോ ഷര്‍ട്ടുകളോ ഒരു ജോഡി ട്രൗസറുകളോ തുടങ്ങി ചുരുക്കം വസ്ത്രങ്ങള്‍ മാത്രമേ ഇടാവൂ. സംഗതി പരീക്ഷിച്ചു വിജയിച്ച പലരും സമൂഹമാധ്യമത്തില്‍ വിഡിയോകള്‍ പങ്കുവെക്കുന്നുമുണ്ട്.
അതിനിടെ ഈ അയേണ്‍ ചെയ്യല്‍ അത്ര വിജയകരമാകാന്‍ ഇടയില്ലെന്നും ഡ്രയറിനു കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വാദിക്കുന്നവരുമുണ്ട്.
Content Highlights: ironing with washing machine and ice cubes