ബോളിവുഡിലെ മുന്‍നിര ഇന്റീരിയര്‍ ഡിസൈനര്‍മാരിലൊരാളാണ് നടന്‍ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍. രണ്‍ബീര്‍ കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കരണ്‍ ജോഹര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്കു വേണ്ടിയും ഗൗരി ഇന്റീരിയര്‍ ഒരുക്കിയിട്ടുണ്ട്. ഡിസൈന്‍ ചെയ്യുന്ന വേളയില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന കാര്യങ്ങളിലൊന്ന് ലൈറ്റിങ് ആണെന്ന് ഗൗരി നേരത്തെ പറഞ്ഞിട്ടുണ്ട്. വീടിന്റെ ലുക്ക് തന്നെ മാറ്റിമറിക്കാന്‍ പ്രാപ്തമായ ലൈറ്റുകള്‍ സെറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ഗൗരി

* കാഴ്ചയിലെ ഭംഗി നോക്കി മാത്രമാവരുത് വീടിനു പുറത്ത് ലൈറ്റുകള്‍ ഒരുക്കേണ്ടത്, മറിച്ച് സുരക്ഷിതത്വം കൂടി കണക്കിലെടുക്കണം. പേഷ്യോ ആയാലും പൂന്തോട്ടം ആയാലും സ്‌പൈക്കുകളും ബൊളാര്‍ഡുകളും ആകുന്നതാണ് കൂടുതല്‍ നല്ലത്. 

* ലൈറ്റിന്റെ നിഴലിനും സ്ഥാനം കൂടുതലുണ്ട്. ബാത്‌റൂമിലാണെങ്കില്‍  ഏറ്റവും മുകളില്‍ ലൈറ്റ് നല്‍കുന്നതിനു പകരം കണ്ണാടിയുടെ ഇരുവശവും ലൈറ്റ് സെറ്റ് ചെയ്യാം. ഇതുവഴി മുഖത്ത് നിഴല്‍ വീഴുന്നത് ഒഴിവാക്കാം. 

* വാര്‍ഡ്രോബ് ഇരുണ്ട നിറത്തില്‍ കാണപ്പെടുന്നതു തന്നെ അഭംഗിയാണ്. നല്ല വെളിച്ചം നല്‍കുന്ന ഫ്ലൂറസെന്റ് ലൈറ്റുകള്‍ ഇവിടെ നല്‍കുന്നതായിരിക്കും നല്ലത്. ഇത് ഊര്‍ജത്തിന്റെ ഉപഭോഗവും കുറയ്ക്കും.

* കുട്ടികളുടെ മുറികളില്‍ എല്‍ഇഡി ലൈറ്റുകള്‍ വെക്കുന്നതായിരിക്കും അഭികാമ്യം, കാരണം ഇവ തെളിച്ചമാര്‍ന്നതും പൊട്ടിപ്പോകാന്‍ ബുദ്ധിമുട്ടുമുള്ളവയുമാണ്. 

* കംപ്യൂട്ടര്‍ വച്ചിരിക്കുന്ന മുറിയില്‍ ലൈറ്റ് സെറ്റ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കണ്ണിന് സമ്മര്‍ദ്ദം ഏറാതിരിക്കാന്‍ സ്‌ക്രീനിനേക്കാള്‍ ബ്രൈറ്റായ ലൈറ്റ് വേണ്ടെന്നു വെക്കാം. മിതമായ വെളിച്ചമുള്ള ഡെസ്‌ക് ലാമ്പുകളും നല്ലതാണ്. 

* ലിവിങ് റൂമില്‍ പ്രത്യേക ചിട്ടകളൊന്നും ഇല്ലാതെ മിക്‌സ് ആന്‍ഡ് മാച്ചായി ലൈറ്റുകള്‍ സെറ്റ് ചെയ്യുന്നത് കൂടുതല്‍ മനോഹരമാക്കും. 

ടിപ്‌സിനു കടപ്പാട്: ടിസ്‌വ ലൈറ്റ്‌സ്‌

Content Highlights: interior designer gauri khan tips my home tips