ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർ​ഗന്ധം അനുഭവപ്പെടുന്നുണ്ടോ? ബാക്കി വന്ന ഭക്ഷണസാധനങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെയാവാം അതിനു കാരണം. വീട്ടിൽ‌ തന്നെ ചെയ്യാവുന്നൊരു എളുപ്പവഴി കൊണ്ട് ഫ്രി‍ഡ്ജിലെ ദുർ​ഗന്ധം അകറ്റാനാവും. വീട്ടിൽ തന്നെ തയ്യാറാക്കാവുന്നൊരു സ്പ്രേ ഉപയോ​ഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കും വിധം പരിചയപ്പെടാം.

ഹോം ടിപ്സ് വീഡിയോകളിലൂടെ ഇൻസ്റ്റ​ഗ്രാമിൽ പ്രശസ്തയായ ചാന്റൽ മില എന്ന യുവതിയാണ് ഇതുസംബന്ധിച്ച വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹോം മെയ്ഡ് സ്പ്രേ ഉപയോ​ഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കുന്നതിന്റെ വീഡിയോയും മില പങ്കുവച്ചിട്ടുണ്ട്. മൂന്നു സാധനങ്ങളാണ് ഈ സ്പ്രേ തയ്യാറാക്കുന്നതിന് ആവശ്യം. ഇളം ചൂടു വെള്ളം, വിനാ​ഗിരി, വനിലാ എക്സ്ട്രാക്റ്റ് എന്നിവയാണവ. 

ഒരു കപ്പ് ഇളം ചൂടുവെള്ളത്തിലേക്ക് കാൽ കപ്പ് വിനാ​ഗിരിയും രണ്ട് ടീസ്പൂൺ വനില സത്തും ചേർക്കുക. ശേഷം ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. ഇനി ഫ്രിഡ്ജിലെ ഷെൽഫുകളിലും വൃത്തിയാക്കേണ്ട ഭാ​ഗങ്ങളിലും സ്പ്രേ ചെയ്യുക. മൈക്രോഫൈബർ തുണി ഉപയോ​ഗിച്ച് തുടയ്ക്കുക. വിനാ​ഗിരിയും വനില സത്തും ദുർ​ഗന്ധം അകറ്റി ഫ്രിഡ്ജിൽ ഊഷ്മളമായ ​ഗന്ധം നിലനിർത്തുമെന്നും മില പറയുന്നു. 

Content Highlights: How to Stop the Unpleasant Odour in Refrigerator