പ്രതീകാത്മക ചിത്രം | Photo: Getty Images
വിശാലമായ മുറ്റവും പടിപ്പുരയും ധാരാളം മരങ്ങളും പൂക്കളുമൊക്കെ കേരളീയ വീടുകളുടെ ഇന്നും മാറാത്ത സങ്കല്പങ്ങള് തന്നെയാണ്. എന്നാല്‍ രണ്ട് സെന്റിലും അഞ്ച് സെന്റിലുമൊക്കെ ഒരുക്കുന്ന ഇന്നത്തെ വീടുകള്‍ക്ക്് ഇതൊക്കെ സ്വപ്നം മാത്രമാവും. വീടിന് മുറ്റം മുഴുവന്‍ നിരത്തുന്ന ഇന്റര്‍ലോക്ക് കട്ടകളും അശാസ്ത്രീയമായ ലാന്‍ഡ്സ്കേപ്പിങ്ങും ചുറ്റുമതിലുമെല്ലാം വീടിന്റെ ഭംഗി നശിപ്പിക്കുകയാണ് ചെയ്യുന്നത്. പകരം മാറുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയില്‍ മുറ്റമൊരുക്കാന്‍ ശ്രദ്ധിച്ചാല്‍ ചൂട്, വെള്ളക്കെട്ട് പോലുള്ളവപോലും വീടിന്റെ പടികടത്താനാവും. മഴവെള്ളം ആഗിരണം ചെയ്യാന്‍ മണ്ണിനെ പ്രാപ്തമാക്കും വിധമുള്ള സ്വാഭാവിക പ്രതലമായിരിക്കണം മുറ്റത്തിന്. പഴയവീടുകളുടേത് പോലെ മണലും മണ്ണും വിരിച്ച മുറ്റത്തിനും ഭംഗിയേറെയുണ്ട്. വീട് പണിയുമ്പോള്‍ ചെറിയ സ്ഥലമാണെങ്കിലും ഒരു മരമെങ്കിലും അവശേഷിപ്പിക്കാന്‍ മടിയ്ക്കേണ്ട. ഇങ്ങനെ ഇത്തിരി ഇടത്തിലെ മുറ്റവും ഭംഗിയാക്കാന്‍ നിരവധി വഴികളുണ്ട്.
ലോക്കാവാതെ ഇന്റര്‍ലോക്കിങ്
മുറ്റം എളുപ്പത്തില്‍ പരിചരിക്കാനും സൂക്ഷിക്കാനും കഴിയുന്ന വിധത്തില്‍ മാത്രം നിര്‍മിക്കാന്‍ ശ്രദ്ധിക്കുക. ഇതിനര്‍ത്ഥം മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ ഇന്റര്‍ലോക്ക് ചെയ്യുകയോ എന്നല്ല. മുറ്റം മുഴുവന്‍ വിരിക്കുന്ന ഇന്റര്‍ ലോക്ക് ടൈലുകള്‍ ഭംഗിയും വൃത്തിയും തരുമെങ്കിലും വീടിനുള്ളില്‍ ചൂടുയര്ത്തുന്നതില് വലിയ പങ്കുവഹിക്കുന്നുണ്ട്. മഴക്കാലത്ത് നമ്മുടെ മുറ്റത്ത് വീഴുന്ന വെള്ളം നമ്മുടെ തന്നെ മുറ്റത്തെ മണ്ണി ഇറങ്ങുക എന്നതൊന്നും മലയാളിയുടെ സങ്കല്പത്തിലേ ഇല്ലെന്നു തോന്നും പല വീടുകളും കണ്ടാല്‍. വേനലില്‍ സമൃദ്ധമായിരുന്ന നമ്മുടെ മുറ്റത്തെ കിണറുകള്‍ വേഗം വറ്റുന്നതിന് പിന്നിലെ രഹസ്യം ഇതു തന്നെയാണ്. മഴവെള്ളം റോഡിലേക്കും ഓടയിലേക്കും കുത്തിയൊലിച്ച് പോകുന്നതോടെ ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മുറ്റത്ത് ഇന്റര്‍ ലോക്കിങ് ടൈലുകള്‍ വിരിക്കുമ്പോള്‍ ഇടയില്‍ സ്ഥലമിട്ട് മാത്രം ചെയ്യുക. ടൈല്‍ വിരിക്കുമ്പോള്‍ കോണ്‍ക്രീറ്റ് ചെയ്യാതെ എംസാന്റോ മെറ്റലോ വച്ച് അതില്‍ ടൈലിടാം. ടൈലുകളുടെ ഇടയിലെ വിടവില്‍ മെക്സിക്കന്‍ ഗ്രാസോ പറ്റിവളരുന്ന ചെടിയോ മണലോ വിരിച്ച് ഭംഗിയാക്കാം.
ഇന്റര്‍ ലോക്കിങ് ടൈലിന് പകരം പ്രകൃതിദത്തമായ കോട്ടാസ്റ്റോണ്‍, കോബിള്‍ സ്റ്റോണ്‍, ഗ്രാനൈറ്റ്, കടപ്പ എന്നിവ ഉപയോഗിക്കാം. ഇവയെല്ലാം പെട്ടെന്ന് ചൂടാകുമെങ്കിലും രാത്രി പെട്ടെന്ന് തണുക്കുകയും ചെയ്യും. മറ്റൊന്ന് ഫ്ളെയിംഡ് ഗ്രാനൈറ്റ് എന്ന ചീകിമിനുക്കാത്ത ഗ്രാനൈറ്റ് പാളികള്‍ ഉപയോഗിക്കാം. കോണ്‍ക്രീറ്റ് ടൈലിനു പകരം ടെറാക്കോട്ട ടൈലുകളാണ് നല്ലത്. ചെലവു കുറച്ച് മുറ്റം ഒരുക്കുകയാണെങ്കില്‍ വാഹനം പോകുന്ന വഴിയില്‍ മാത്രം ടൈല്‍ വിരിക്കാം. ബാക്കി ഭാഗങ്ങളില്‍ പുല്ലോ ചെടികളോ നടുന്നതാണ് നല്ലത്.
നടാം നാടന്‍ ചെടികള്‍
വീട്ടുമുറ്റത്തെ പൂന്തോട്ടമാണ് പ്രധാന താരം. അതില്‍ നടുന്ന ചെടികള്‍ മുതല്‍ പുല്ലിന് വരെ വേണം പ്രത്യേക പരിഗണന. കാലാവസ്ഥയ്ക്കും നമ്മുടെ സമയത്തിനും സൗകര്യത്തിനും ഇണങ്ങും വിധം മാത്രം വീട്ടുമുറ്റത്ത് പൂന്തോട്ടം ഒരുക്കാം. എന്നും ചെടികള്‍ നനയ്ക്കാനും പരിചരിക്കാനും സമയമില്ലാത്തവര്‍ പെട്ടെന്ന് വാടുന്ന കൂടുതല്‍ നന വേണ്ട ചെടികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കേരളത്തിലെ വീടുകള്‍ക്ക് നല്ലത് നമ്മുടെ പരമ്പരാഗതമായ നാടന്‍ പൂച്ചെടികള്‍ തന്നെയാണ്. തെച്ചി, ചെത്തി, നന്ത്യാര്‍വട്ടം, ചെമ്പരത്തി എന്നിവയൊക്കെ എക്കാലവും പൂക്കള്‍ ഉണ്ടാകുന്നവയും പരിചരണം കുറച്ചു മാത്രം ആവശ്യമുള്ളവയുമാണ്. ഹെലിക്കോണിയ (വാഴച്ചെടി) നമ്മുടെ പൂന്തോട്ടങ്ങള്‍ക്ക് ഏറെ യോജിച്ചവയാണ്. കാലാവസ്ഥ എത്രമാറിയാലും പെട്ടെന്ന് വാടാത്ത ചെടികളാണ് അവ. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ പൂക്കള്‍ ധാരാളമുണ്ടാകുന്ന ചെടികള്‍ വയ്ക്കാം. പനപോലുള്ള ചെടികളും ഇലച്ചെടികളും അധികം പരിചരണമാവശ്യമില്ലാത്തവയാണ്. ലാന്‍ഡ്സ്കേപ്പിങ് നല്കി പുല്‍ത്തകിടി ഒരുക്കുമ്പോള്‍ മെയിന്റനന്‍സ് കുറവുള്ള ബഫല്ലോ ഗ്രാസ്, നടന് ഇനങ്ങളായ കറുക പോലുള്ള പുല്ലുകള്‍ തിരഞ്ഞെടുക്കാം.
ചുറ്റുമതില്‍
വീട് എത്ര ചെറുതായാലും ചുറ്റുമതില്‍ നിര്‍ബന്ധമാണ്. മതിലും അതിന് യോജിച്ച ഗേറ്റും മുറ്റവും ചേര്‍ന്നാലാണ് ഒരു വീട് പൂര്‍ണമാവുക. സാധാരണയായി മതിലുകള്‍ അഞ്ച് അടി ഉയരത്തിലാണ് പണിയാറ്. ഇതേ ഉയരത്തില്‍ തന്നെ ഗേറ്റും വെക്കുന്നു. ചില സ്ഥലങ്ങളില്‍ ഭൂമിയുടെ നിരപ്പില്‍ ഉണ്ടാകുന്ന മാറ്റം കൊണ്ട് മതി ആറ് അടിയും ഏഴ് അടിയും ഒക്കെ ആകാറുണ്ട്. കോംപൗണ്ട് വാളുകള്‍ ചെയ്യുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ആവശ്യത്തിനുള്ള വിടവുകള്‍ നല്കി ഡ്രെയ്നേജ് സംവിധാനം ഉറപ്പാക്കുകയാണ്. വീടിന് മുറ്റത്ത് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ഇത് സഹായിക്കും. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ ഓരോ വീട്ടുമുറ്റവും ഓരോ വാട്ടര്‍ ടാങ്കുകളായി മാറി എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം ഇന്റര്‍ ലോക്ക് ചെയ്ത മുറ്റവും വെള്ളമൊഴുകി പോകാന്‍ ഇടമില്ലാത്ത മതിലുകളും തന്നെ.
മുറ്റത്തിന്റെയും വീടിന്റെയും ഭംഗി പുറത്തുനിന്ന് കാണാവുന്ന വിധത്തില്‍ ഫെന്‍സിങ് മോഡലില്‍ മതില് പണിയുന്നത് ഒരു ട്രെന്‍ഡാണ്. ഫില്ലര്‍ സ്ലാബുകളും സാധാരണ കരിങ്കല്ലിന്റെയും ഇഷ്ടികയുടെയും മതിലുകളും സാധാരണമാണ്. ഇവയെ വ്യത്യസ്തമാക്കാന്‍ മതിലിനു മുകളിലേക്ക് ഗ്രില്‍ അല്ലെങ്കില്‍ മെഷ് പിടിപ്പിച്ച് ക്രീപ്പര്‍ പ്ലാന്റുകള്‍ പടര്ത്തിയിടാം. ബൊഗെയ്ന്‍വില്ല, തംബര്ജിയ, ഹോപ്പേണിയ, ടെക്കോമ എന്നിവയെല്ലാം ചുറ്റുമതിലിന് ഭംഗിയേറ്റുന്ന ചെടികളാണ്. മതിലിന്റെ നിറവുമായി ഒത്തുപോകുന്നവയായിരിക്കണം ഈ ചെടികള്‍.
ട്രെന്‍ഡിയായ വെര്‍ട്ടിക്കല്‍ ഗാര്ഡന് ഒരുക്കാന്‍ പറ്റിയ ഇടമാണ് ചുറ്റുമതില്‍. ഒരു സ്ക്വയര്‍ഫീറ്റില്‍ 10 ചെടികള്‍ വരെ വയ്ക്കാം. വെര്‍ട്ടിക്കല്‍ ഗാര്ഡന് നല്ല വെളിച്ചം ആവശ്യമായതിനാല്‍ ഇതിലും യോജിച്ച മറ്റൊരിടം ഉണ്ടാവില്ല. ഇതൊന്നും താല്പര്യമില്ലാത്തവര്ക്ക് ഗേറ്റും മതിലും പഴയവീടുകളുടെ പടിപ്പുര പോലെ ഒരുക്കാം.
ലാന്‍ഡ്സ്കേപ്പിങ്
ഔട്ട്ഡോര്‍ ലിവിങ് സ്പേസ് എന്നാണ് ലാന്‍ഡ്സ്കേപ്പിങ് അറിയപ്പെടുന്നത്. കൃത്യമായ പ്ലാനിങ്ങോടെ തന്നെ വേണം ഇത് ഒരുക്കാന്‍. ലാന്‍ഡ്സ്കേപ്പിങ് തുടങ്ങും മുമ്പ് ആദ്യമായി ചെയ്യേണ്ടത് ഡിസൈന്‍ തീരുമാനിക്കലാണ്. ഭൂമിയുടെ ചെരിവ് എവിടേക്കാണ്, താഴ്ചയുണ്ടോ എന്നതെല്ലാം ആദ്യം ഉറപ്പാക്കണം. നമ്മുടെ കാലാവസ്ഥ, ജീവിതശൈലി എന്നിവക്ക് ചേരുന്ന തരത്തിലുള്ള ലാന്ഡ്സ്കേപ്പിങ്ങേ ദീര്‍ഘകാലം ഈടുനില്‍ക്കൂ. ഫാഷനുവേണ്ടി ജാപ്പനീസ്, ചൈനീസ് സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് നല്ല തീരുമാനമായിരിക്കില്ല. വീട്ടുമുറ്റത്തെ ലാന്‍ഡ്സ്കേപ്പ് ഹോട്ടലിലും റിസോര്‍ട്ടിലുമൊക്കെ ഒരുക്കുന്നതുപോലെയാകരുത്. വീടിനെ പ്രകൃതിയുമായി കൂട്ടിയിണക്കുക എന്ന ദൗത്യം കൂടി ലാന്ഡ്സ്കേപ്പിങിനുണ്ട്. മണ്ണൊലിപ്പ് തടയാനും മഴവെള്ളത്തെ ധാരാളമായി മണ്ണിലേക്ക് ഇറക്കാനും സഹായിക്കുന്ന സംവിധാനം കൂടിയാണിത്.
നിലം ഒരുക്കുമ്പോള്‍
ലാന്‍ഡ്സ്കേപ്പിങ്ങിന് നിലം ഒരുക്കുംമുമ്പ് മണ്ണ് എങ്ങനെയുള്ളതാണ് എന്ന് നോക്കണം. ഉപ്പിന്റെ അംശമുള്ള മണ്ണ്, ചെളിയുള്ള മണ്ണ്, വെള്ളാരങ്കല്ലിന്റെ മണ്ണ്, ഹാര്‍ഡ് ലാറ്ററേറ്റ് എന്നിവ ലാന്‍ഡ്സ്കേപ്പിന് നല്ലതല്ല. അരയടി വരെ ആഴത്തില്‍ മണ്ണുമാറ്റി അവിടെ കളയില്ലാത്ത മണ്ണ് നിറച്ച് പുല്ലുനടുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ നിലം കിളച്ച് അവയിലെ അനാവശ്യവസ്തുക്കള്‍ മാറ്റി നടീലിന് അനുയോജ്യമാക്കാം. നിലം നിരപ്പാക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ വേണം നിരപ്പാക്കാന്‍.
പലരീതികള്‍
ലാന്‍ഡ്സ്കേപ്പിങ് രണ്ടു തരത്തിലുണ്ട്.
1. ഹെവി ലാന്‍ഡ്സ്കേപ്പിങ്: പ്ലോട്ടുകളില്‍ വലിയ നടപ്പാതകളും നടവഴികളും തടാകങ്ങളും ജലധാരകളും നിര്‍മിച്ചുള്ള ലാന്‍ഡ്സ്കേപ്പിങ് രീതിയാണ് ഇത്. വലിയമുറ്റമുള്ളവര്ക്ക് ഇത് പരീക്ഷിക്കാം. എന്നാല്‍ പരിരക്ഷിച്ചുകൊണ്ടുപോകാനുള്ള സമയവും കൈയിലുണ്ടാവണം.
2.നോര്‍മല്‍ ലാന്‍ഡ്സ്കേപ്പിങ്: വീട് നിര്‍മാണത്തിന്റെ അവശിഷ്ടങ്ങളും പാഴ്വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെറിയ ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതിയാണ്. കൊറിയര്‍ ഗ്രാസ്, ബഫല്ലോ ഗ്രാസ്, മെക്സിക്കന്‍ ഗ്രാസ് എന്നിവ ഉപയോഗിച്ചുള്ള നോര്‍മല്‍ ലാന്റ്സ്കേപ്പിങ്ങാണ് പൊതുവെ ട്രെന്‍ഡ്.
നമ്മുടെ നാട്ടില്‍ സുലഭമായ തെച്ചി, മന്ദാരം, ചെമ്പരത്തി തുടങ്ങിയ ചെടികള്‍ പുല്ലുകള്‍ക്കൊപ്പം അലങ്കാരത്തിന് വെച്ചുപിടിപ്പിക്കാം. ചെറിയ പാറക്കല്ലുകള്‍, പെബിള്‍സ്, കുളം എന്നിവയൊക്കെ ലാന്‍ഡ്സ്കേപ്പിന്റെ ഭാഗമാക്കുന്നത് കൂടുല്‍ ഭംഗി നല്‍കും. പ്രകൃതിദത്തമായ കല്ലുകള്‍കൊണ്ട് പാതയൊരുക്കുന്നതാണ് നല്ലത്. കാരണം ഇത്തരം കല്ലുകള്‍ വെള്ളം വലിച്ചെടുക്കും. പക്ഷേ, കോണ്‍ക്രീറ്റ് പോലുള്ളവയില്‍ വെള്ളം കെട്ടിക്കിടന്ന് പായ പിടിക്കും. വഴുക്കി വീഴാന്‍ അതുമതി.
സംരക്ഷണം
പുല്‍ത്തകിടി സ്വാഭാവിക ഭംഗിയോടെ കാലാകാലം നിലനില്ക്കണമെങ്കില് ചിട്ടയായ പരിചരണം ആവശ്യമാണ്. ചിതല്, ഫംഗസ് ബാധ എന്നിവയില്‍ നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ കീടനാശിനി പ്രയോഗവും വേണം.
പുല്ലിന്റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. കളപറിക്കുമ്പോള്‍ വേരോടെ പറിക്കണം. സമയാസമയങ്ങളില്‍ വളപ്രയോഗം നടത്തുക. വളര്‍ച്ചയ്ക്കനുസൃതമായി കട്ടിങ് നിര്‍ബന്ധമാണ്. സ്പ്രിങ്ളര്‍ ഉപയോഗിച്ചുള്ള നനയാണ് നല്ലത്. വീടിന്റെ ചെരിവും താഴ്ചയും അറിഞ്ഞ് വേണം ലാന്‍ഡ്സ്കേപ്പിങ് ചെയ്യാന്‍. ഇല്ലെങ്കില്‍ മഴപെയ്യുമ്പോള്‍ വലിയ വിലകൊടുത്തു വിരിച്ച മെക്സിക്കന്‍ ഗ്രാസിന്റെ അരികിലായിരിക്കും വെള്ളക്കെട്ട്.
ലോണ്‍ ഒരുക്കുമ്പോള്‍
ലാന്‍ഡ്സ്കേപ്പിങ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുക ലോണിന്റെ ചിത്രമാവും. ഇപ്പോള്‍ ലോണ്‍ ഒരുക്കല്‍ അത്ര ട്രെന്ഡിങ്ങല്ല. പരിചരണം തന്നെ കാരണം. ഇലച്ചെടികള്‍ (foliages) വളര്‍ത്തുകയാണ് ലോണിന് പകരമായി ചെയ്യാവുന്നത്. കുറ്റിച്ചെടികളും നല്ലൊരാശയമാണ്. പക്ഷേ ലോണ്‍ ഏരിയ ഉപയോഗിക്കുംപോലെ ഈ സ്ഥലം ഉപയോഗയോഗ്യമല്ല. പാര്‍ക്കിങ്ങിനോ പ്ലേ ഏരിയയായോ ഉപയോഗിക്കാന്‍ പറ്റില്ലെന്ന ദോഷമുണ്ട്.
ഇനി ലോണ്‍ നിര്‍ബന്ധമാണെങ്കില്‍ ഗ്രൗണ്ടിന്റെ അതേ ലെവലില്‍ പിടിപ്പിക്കരുത്. മഴവെള്ളത്തിന്റെ ഒഴുക്കില്‍ പലതരം വിത്തുകള്‍ വന്നടിഞ്ഞ് കളകള്‍ എളുപ്പം വളരും. അല്പം മണ്ണടിച്ചു പൊക്കിയിട്ടുവേണം ലോണ്‍ പിടിപ്പിക്കാന്‍. മുറ്റം മുഴുവനും ലോണ്‍ പിടിപ്പിക്കുന്നതും ബുദ്ധിയല്ല.
ബാക് യാര്‍ഡ്
പിന്മുറ്റത്ത് നല്ലൊരു പൂന്തോട്ടം നിര്‍മിച്ച് ഗ്ലാസ് വാതില്‍ നല്‍കാം. താല്‍ക്കാലിക ടേബിളും ഇട്ടാല്‍ ഓപ്പന്‍ ഡൈനിങ് ഏരിയ ആക്കാം. അനാവശ്യ സാധനങ്ങള്‍ വലിച്ചു വാരി ഇടേണ്ട ഇടമല്ല ഭംഗിയായി സൂക്ഷിക്കേണ്ട ഒന്നാണ് പിന്മുറ്റവും. കുടുംബത്തിന്റെ മാത്രം ഇടമായി പിന്മുറ്റത്തെ മാറ്റിയെടുക്കാം. ഡൈനിങില്‍ നിന്നോ അല്ലെങ്കില്‍ അടുക്കളയില്‍ നിന്നോ പിന്മുറ്റത്തേക്കിറങ്ങാന് ഒരു ഗ്ലാസ് വാതില്‍ ന കാം. ചെറിയൊരു ലോണും പൂച്ചെടികളും ഇരിപ്പിടങ്ങളും നല്കി മനോഹരമാക്കാം. അതിരിലായി ചെറിയ കുറ്റിച്ചെടികള്‍ നല്‍കാം.
Content Highlights: land scaping, yard making, gardening at the home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..