വീടിന്റെ തറയും ചുമരുകളും ഒക്കെ വൃത്തിയാക്കി വെച്ചാലും ഫാനുകളും ലൈറ്റുകളും വൃത്തിയായി സൂക്ഷിക്കല്‍ ഏറെ ബുദ്ധിമുട്ടാണ്. ദിവസവും ഉപയോഗിക്കുന്നതിനാല്‍ ഇവയില്‍ അടിഞ്ഞുകൂടുന്ന അഴുക്കിന്റെ അളവും അധികമാണ്. അതിനാല്‍, കൃത്യമായ ഇടവേളകളില്‍ ഫാനും ലൈറ്റുകളും വൃത്തിയാക്കേണ്ടതുണ്ട്. മൂന്നുമാസത്തിലൊരിക്കലെങ്കിലും അവ വൃത്തിയാക്കണം. 

വൃത്തിയാക്കുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബള്‍ബുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവാണ്. അവ വൃത്തിയാക്കാന്‍ മൃദുവായ കോട്ടണ്‍ തുണി ഉപയോഗിക്കാം. 
ഫാനുകളും വൃത്തിയാക്കുമ്പോള്‍ സൂക്ഷിച്ചുപയോഗിക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ ഫാനിന്റെ ബ്ലേഡുകള്‍ വളഞ്ഞുപോയേക്കാം. 

തലയിണകവര്‍ കൊണ്ട് ഫാന്‍ വൃത്തിയാക്കാം

സീലിങ് ഫാന്‍ വൃത്തിയാക്കുമ്പോള്‍ അതിന്റെ ബ്ലേഡില്‍ അടിഞ്ഞുകൂടിയ അഴുക്കുകള്‍ മറ്റിടങ്ങളിലേക്ക് പടരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി തലയിണക്കവര്‍ ഉപയോഗിക്കാം. ഫാനിന്റെ ബ്ലേഡിലേക്ക് സാവധാനം തലയിണക്കവര്‍ കയറ്റിയശേഷം പതുക്കെ മറ്റേ അറ്റത്തേക്ക് വലിക്കാം. പൊടിപടലങ്ങള്‍ തലയിണകവറിന്റെ ഉള്ളിലേക്ക് വരുന്നതിനാല്‍, മറ്റിടങ്ങളിലേക്ക് അത് വീഴില്ല

ബള്‍ബുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം

ബള്‍ബുകള്‍ വൃത്തിയാക്കുമ്പോള്‍ അവയുടെ ഹോള്‍ഡറില്‍നിന്ന് എടുത്തിട്ട് വേണം വൃത്തിയാക്കാന്‍. മൃദുവായ കോട്ടണ്‍ തുണി ഉപയോ​ഗിച്ച് വൃത്തിയാക്കാം. ചില്ലുകൊണ്ടുള്ള ബള്‍ബുകളും നിലവിളക്കുകളൊക്കെ മൃദുവായ തുണികൊണ്ട് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുണി നനച്ച് വൃത്തിയാക്കുന്നുണ്ടെങ്കില്‍ ഹോള്‍ഡറില്‍ തിരികെ വെക്കുന്നതിനു മുമ്പ് വെള്ളം ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
 
മാസ്‌ക് ധരിക്കുക, കണ്ണുകളെ സൂക്ഷിക്കുക

പൊടി അധികമായി അടിക്കുന്നത് അലര്‍ജി പ്രശ്‌നം ഉണ്ടാക്കിയേക്കാം. അതിനാല്‍, വൃത്തിയാക്കുന്നതിനു മുമ്പ് മാസ്‌ക് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണട ധരിക്കുന്നത് കണ്ണുകളെ സംരക്ഷിക്കും. ഇവ വൃത്തിയാക്കുന്നതിനു മുമ്പ് സ്വിച്ചുകള്‍ ഓഫ് ആണെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

Content highlights: how to keep your fans and lights clean